തിരുവനന്തപുരം: ലോക സം​ഗീത ദിനത്തിൽ മാതൃവാത്സല്യത്തിന്റെ താരാട്ടിൽ അമ്മമാർ ഒരുമിച്ചിരിക്കുകയാണ് ജ്വാലാമുഖി മ്യൂസിക്കൽ വീഡിയോയിൽ. മുന്നണിയിലും പിന്നണിയിലും ഏഴ് അമ്മമാർ‌‍ ഒരുമിച്ച ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത് മമ്മ‌ൂട്ടിയുടെ ഫേസ്ബുക്ക് പേജീലൂടെയാണ്. ലോകം മുഴുവനുമുള്ള കുഞ്ഞുങ്ങൾക്കായിട്ടാണ് ഈ വീഡിയോയുടെ സമർപ്പണം. പരസ്പരം ആരും നേരിൽ കാണാതെ പലയിടങ്ങളിൽ നിന്ന് ചിത്രീകരിച്ച  വീഡിയോയിൽ  അമ്മയ്ക്കു മകളോടുള്ള അളവറ്റ സ്നേഹവും പ്രതീക്ഷകളുമാണ് ആശയം. അത് തന്നെയാണ് ഈ വീഡിയോ ഈ വീഡിയോയുടെ പ്രത്യേകതയും. 

ഒരു കുഞ്ഞ് ആദ്യമായ് കേൾക്കുന്ന സംഗീതം അമ്മയുടെ പാട്ടാണ്, താരാട്ട്. നീലാംബരി രാഗത്തിൽ ചിട്ടപ്പെടുത്തിയ വാദ്യോപകരണങ്ങൾ ഉപയോഗിക്കാതെ റെക്കോർഡ് ചെയ്ത പാട്ട് അമ്മമാർക്കു പാടാനുള്ള ഒരു പുതിയ താരാട്ടായാണ്  അണിയറ പ്രവർത്തകർ കരുതുന്നത്. പെൺകുഞ്ഞു വളരുമ്പോൾ അവളുടെ പാൽ പുഞ്ചിരിയും കുറു മൊഴി കൊഞ്ചലുകളും പിച്ചവയ്‌പും അമ്മയ്ക്കു പ്രത്യേക അനുഭൂതി സമ്മാനിക്കുന്നു. മകൾ ഭാവിയിൽ തികഞ്ഞ ആത്മവിശ്വാസമുള്ള ധീരയായ വനിതയാകണമെന്നു അമ്മ ആഗ്രഹിക്കുന്നു. അവളുടെ വളർച്ച അമ്മയുടെ ഭാവനയിലൂടെ കാണുന്നതാണ് വരികൾ. 

സ്മിത നമ്പ്യാർ വരികൾ എഴുതി സംവിധാനം ചെയ്ത ജ്വാലാമുഖിയുടെ  സംഗീത സംവിധാനം നിർവഹിച്ചു ആലപിച്ചിരിക്കുന്നത് സജ്‌ന വിനീഷ് ആണ്. സീതാലക്ഷ്മി, അനുശ്രീ എസ് നായർ, പൂർണിമ, സുസ്മിത തുടങ്ങിയവർ ചെന്നെ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് മൊബൈലിൽ പകർത്തിയ നൃത്താവിഷ്കാരമാണ് ജ്വാലാമുഖി. ഓം പ്രൊഡക്ഷൻസ് പുറത്തിറക്കുന്ന വീഡിയോ എഡിറ്റ്‌ ചെയ്തിരിക്കുന്നത് സൗമ്യ സാഗർ ആണ്. 7 അമ്മമാരും ജ്വാലാമുഖിയിൽ  മുഖം കാണിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ദുബായ്, ചെന്നൈ കൊച്ചി തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നും പരിമിതമായ സൗകര്യങ്ങൾക്കകത്തു നിന്ന് കൊണ്ടു സാങ്കേതിക വിദ്യ ഉപയോഗിച്ച് മാത്രം പൂർത്തീകരിച്ചു എന്നതും ജ്വാലാമുഖിയുടെ പ്രത്യേകതയാണ്.