ഹൃദയം കവരാന്‍ 'കൊച്ചുണ്ണി': റിവ്യൂ

https://static.asianetnews.com/images/authors/e2431cda-8690-5f13-ac91-c465cea250b6.jpg
First Published 11, Oct 2018, 2:24 PM IST
kayamkulam kochunni movie review
Highlights

'മലര്‍വാടി' മുതല്‍ തുടങ്ങുന്ന എട്ട് വര്‍ഷം നീളുന്ന കരിയറില്‍ നിവിന്‍ പോളി ആദ്യമായാണ് ഈ ശ്രേണിയിലുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജഭരണം നിലനിന്നിരുന്ന കാലത്തെ താഴേത്തട്ടിലുള്ള, ഒരു മുസ്ലിം യുവാവിന്റെ ആശ്രിതത്വം കലര്‍ന്ന ശരീരഭാഷയില്‍ നിന്ന് വീറുറ്റ യോദ്ധാവ് കൂടിയായ കായംകുളം കൊച്ചുണ്ണി എന്ന പെരും കവര്‍ച്ചക്കാരനിലേക്കുള്ള മാറ്റം ശരീരഭാഷയില്‍ ശ്രദ്ധയൂന്നിയുള്ള പ്രകടനത്തിലൂടെ നിവിന്‍ ഭദ്രമാക്കിയിട്ടുണ്ട്.

കൊട്ടാരത്തില്‍ ശങ്കുണ്ണി പകര്‍ത്തിവച്ച 'ഐതിഹ്യങ്ങളി'ല്‍ തലമുറകളിലൂടെ വാമൊഴിയായി ഏറ്റവും പ്രചരിക്കപ്പെട്ട കഥകളില്‍ ഒന്നാണ് കായംകുളം കൊച്ചുണ്ണിയുടേത്. സാഹചര്യങ്ങള്‍ മോഷ്ടാവാക്കിയ, സമൂഹത്തിന്റെ മേല്‍ത്തട്ടുകാരായ ധനികരില്‍ നിന്ന് മാത്രം കവര്‍ന്ന, എപ്പോഴും ദരിദ്രരുടെ ഉറ്റബന്ധുവായിരുന്ന, കായികാഭ്യാസിയായ ഒരു കള്ളന്‍. തിരുവിതാംകൂര്‍ രാജ്യമടക്കം കൊച്ചുണ്ണിയുടെ പഴയ കേരളവും കാലവും സ്‌ക്രീനിലെത്തിക്കുന്നത് ക്രാഫ്റ്റില്‍ വിട്ടുവീഴ്ച കാട്ടാത്ത സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. തിരക്കഥാകൃത്തുക്കള്‍ എന്ന നിലയില്‍ പ്രേക്ഷക പ്രതീക്ഷയേറ്റിയ ബോബി-സഞ്ജയ്‌യുടെ രചന, ടൈറ്റില്‍ വേഷത്തില്‍ നിവിന്‍ പോളി. ഒപ്പം ഇത്തിക്കര പക്കി എന്ന എക്സ്റ്റന്റഡ് കാമിയോ അപ്പിയറന്‍സില്‍ മോഹന്‍ലാലും. ബജറ്റിലും ഉയര്‍ന്നു നില്‍ക്കുന്ന ഈ ചിത്രം ആദ്യ പ്രഖ്യാപനം വന്നത് മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ഒന്നാണ്.

ഐതിഹ്യമാലയിലെ ഈ 'ശ്രദ്ധേയനായ കള്ളനെ' സിനിമാരൂപത്തിലേക്ക് മാറ്റിയപ്പോള്‍ ലഭ്യമായ വിവരങ്ങളില്‍ ആവശ്യമുള്ളത് സ്വീകരിച്ചും ചിലത് വിശദമാക്കിയും വെളിച്ചം വീണിട്ടില്ലാത്ത ചില ഏടുകള്‍ ഭാവനയില്‍ കണ്ടുമാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ നരേഷന്‍. കൊച്ചുണ്ണിയുടെ ബാല്യം മുതല്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ വീരനായകനായുള്ള വളര്‍ച്ച വരെയുള്ള ജീവിതം പരാമര്‍ശിച്ച് പോകുമ്പോഴും അയാളുടെ വ്യക്തിജീവിതത്തേക്കാള്‍ സാമൂഹിക ജീവിതത്തിനാണ് സിനിമയില്‍ പ്രധാന്യം. അതിനാല്‍ത്തന്നെ എപ്പിസോഡിക് സ്വഭാവമുണ്ട് സിനിമയ്ക്ക്. 'കൊച്ചുണ്ണി' എന്ന പേരിനൊപ്പം കായംകുളം എന്ന സ്ഥലനാമം കൂട്ടിച്ചേര്‍ക്കപ്പെട്ടതിന് മുന്‍പുള്ള ബാല്യ-കൗമാര ദശ മുതല്‍ കള്ളനെന്ന 'കു/പ്രസിദ്ധി' നേടുന്ന യൗവനം വരെ അയാളുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ ഒന്നിന് പിറകെ ഒന്നായി കടന്നുവരുന്ന നിലയിലാണ് സിനിമയുടെ ഫോര്‍മാറ്റ്. കൊച്ചുണ്ണിയുടെ 'ഇമോഷനേ'ക്കാള്‍ ഒരു 'നല്ലവനായ കള്ളനെ' നോക്കിക്കാണുന്ന സാമൂഹിക വീക്ഷണത്തെയാണ് ബോബി-സഞ്ജയ് രചനയില്‍ പിന്തുടര്‍ന്നിരിക്കുന്നത്.

കൊച്ചുണ്ണി ജീവിച്ചിരുന്നതായി പറയപ്പെടുന്ന കാലത്തേക്ക്, പഴയ കേരളത്തിലേക്ക് കാണിയെ എളുപ്പത്തില്‍ കൊണ്ടുപോകാനാവുന്നുണ്ട് റോഷന്‍ ആന്‍ഡ്രൂസിന്. വിശപ്പകറ്റാന്‍ അരി മോഷ്ടാവായിത്തീര്‍ന്ന അച്ഛന്റെ മകന്റെ ജീവിതം ക്രമത്തിലാണ് പറഞ്ഞുതുടങ്ങുന്നതും മുന്നോട്ടുപോകുന്നതും. രാജഭരണം നിലനിന്നിരുന്ന, നിയമ 'ലംഘകരാ'യും കുറ്റവാളികളായും ഭരണകൂടം കണ്ടെത്തുന്നവര്‍ക്ക് മൃഗീയ ശിക്ഷകള്‍ നിലനിന്നിരുന്ന തിരുവിതാംകൂറിലാണ് കൊച്ചുണ്ണിയുടെ ബാല്യ, കൗമാരങ്ങളും യൗവനത്തിന്റെ ഏറിയ ഘട്ടവും. ഭരണ, അധികാര വര്‍ഗ്ഗങ്ങളുടെ ചൂഷണത്തിന് എപ്പോഴും വിധേയരായി ജീവിക്കേണ്ടിവന്ന ദരിദ്രരായ, ജാതിശ്രേണിയുടെ താഴേത്തട്ടില്‍ കഴിഞ്ഞിരുന്ന മനുഷ്യര്‍ക്ക് കൊച്ചുണ്ണി ഒരു വീരനായകനാവാന്‍ കാരണമായ സാമൂഹിക യാഥാര്‍ഥ്യത്തെ വിശ്വസനീയമായി അവതരിപ്പിക്കാനായിട്ടുണ്ട് സിനിമയ്ക്ക്. അധികാരി വര്‍ഗ്ഗം അയാളുടെ മെയ്‌വഴക്കവും വീറും സ്വകാര്യലാഭത്തിനായി ഉപയോഗിച്ചതിന് ശേഷം കള്ളന്‍ എന്ന് ആദ്യമായി മുദ്ര കുത്തുന്നിടത്ത് ഒരു യഥാര്‍ഥ മോഷ്ടാവാകാന്‍ തീരുമാനിക്കുകയാണ് അയാള്‍, അനീതികള്‍ക്ക് പകരം ചോദിക്കാനും.

'മലര്‍വാടി' മുതല്‍ തുടങ്ങുന്ന എട്ട് വര്‍ഷം നീളുന്ന കരിയറില്‍ നിവിന്‍ പോളി ആദ്യമായാണ് ഈ ശ്രേണിയിലുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജഭരണം നിലനിന്നിരുന്ന കാലത്തെ താഴേത്തട്ടിലുള്ള, ഒരു മുസ്ലിം യുവാവിന്റെ ആശ്രിതത്വം കലര്‍ന്ന ശരീരഭാഷയില്‍ നിന്ന് വീറുറ്റ യോദ്ധാവ് കൂടിയായ കായംകുളം കൊച്ചുണ്ണി എന്ന പെരും കവര്‍ച്ചക്കാരനിലേക്കുള്ള മാറ്റം ശരീരഭാഷയില്‍ ശ്രദ്ധയൂന്നിയുള്ള പ്രകടനത്തിലൂടെ നിവിന്‍ ഭദ്രമാക്കിയിട്ടുണ്ട്. സ്വകാര്യമായ വൈകാരികതകള്‍ക്ക് ഏറെയൊന്നും ഇടമില്ലാത്ത നായക കഥാപാത്രം നടനില്‍ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നതും ഫിസിക്കാലിറ്റിയില്‍ ഊന്നിയുള്ള പ്രകടനത്തിനാണ്. കളരി ഉള്‍പ്പെടെയുള്ള ആയോധന മുറകള്‍ക്കും 'കൊച്ചുണ്ണി'യുടെ പാത്രാവിഷ്‌കാരത്തില്‍ വലിയ പങ്കുണ്ട്. ഇത്തിക്കര പക്കിയായുള്ള മോഹന്‍ലാലിന്റെ താരനിര്‍ണയം പ്രേക്ഷകരുടെ പ്രീ-റിലീസ് സംശയങ്ങള്‍ക്കും കൗതുകങ്ങള്‍ക്കുമുള്ള മറുപടിയാണ്. സിനിമയുടെയും കൊച്ചുണ്ണിയുടെ ജീവിതത്തിലെയും നിര്‍ണായക സന്ദര്‍ഭത്തില്‍ കടന്നുവരുന്ന ഈ ലാര്‍ജര്‍-ദാന്‍-ലൈഫ് കഥാപാത്രം മോഹന്‍ലാലിന്റെ സ്‌ക്രീന്‍ പ്രസന്‍സില്‍ ഗംഭീരമായിട്ടുണ്ട്. വലിയ മേക്കോവറിന് വിധേയമായ കഥാപാത്രങ്ങള്‍ ലാലിന്റേതായി അപൂര്‍വ്വമായേ സ്‌ക്രീനില്‍ എത്താറുള്ളൂ. അത്തരത്തില്‍ ഒന്നാണ് ഇത്തിക്കര പക്കിയെന്ന മറ്റൊരു 'ഐതിഹ്യമാലാ' കഥാപാത്രം. കൊച്ചുണ്ണിയുടെ കളരി ഗുരുവും വഴികാട്ടിയുമായ തങ്ങള്‍ എന്ന കഥാപാത്രമായി ബാബു ആന്റണിയുടേതാണ് മറ്റൊരു മികച്ച കാസ്റ്റിംഗ്. കൊച്ചുണ്ണിയുമായി ബന്ധമുണ്ടാവുന്ന ജാനകിയായി പ്രിയ ആനന്ദിന്റെയും തങ്ങളുടെ കളരി മുതല്‍ ശത്രുതയുള്ള കേശവക്കുറുപ്പായി സണ്ണി വെയ്‌നിന്റെയും കഥാപാത്രങ്ങള്‍ ഇരുവരുടെയും കരിയറുകളിലെ മികച്ചവയുടെ കൂട്ടത്തില്‍ പെടും.

കൊച്ചുണ്ണിയുടെ ഐതിഹ്യകഥ സ്‌ക്രീനിലെത്തിക്കുമ്പോള്‍ റോഷന്‍ ആന്‍ഡ്രൂസ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഇരുന്നൂറോ അതിന് മുന്‍പോ വര്‍ഷം പഴക്കമുള്ള കേരളത്തെ എങ്ങനെ വിശ്വസനീയമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കും എന്നതാവും. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല ദൃശ്യപരമായി ഏറെ സാധ്യത ഉള്ളതായിരിക്കുമ്പോള്‍ത്തന്നെ പ്രാദേശികമായ സവിശേഷതകളും ഉള്‍ച്ചേര്‍ന്നതാണ്. കൊച്ചുണ്ണി ഉള്‍പ്പെടെയുള്ള മിത്തുകള്‍ അവരുടെ പ്രാദേശികമായ തനിമകള്‍ കൂടി ചേര്‍ന്നാണ് തലമുറകളിലൂടെ വിനിമയം ചെയ്യപ്പെട്ടതും. ശ്രീലങ്കയിലാണ് ഭൂരിഭാഗം സെറ്റിട്ട് ഷൂട്ട് ചെയ്തത് എന്നതുകൊണ്ട് കാഴ്ചാനുഭവത്തില്‍ അത് എങ്ങനെയുണ്ടാവുമെന്ന കൗതുകമുണ്ടായിരുന്നു റിലിസീന് മുന്‍പ്. പ്രാദേശികമായ തനിമയിലേക്കും അതിന്റെ ഭൂപ്രകൃതിയിലേക്കും ഒരു പരിധിക്കപ്പുറം ഫോക്കസ് ചെയ്തിട്ടില്ല റോഷന്‍ ആന്‍ഡ്രൂസ്. അതിനാല്‍ത്തന്നെ സ്‌ക്രീനിലെത്തിയ ഫൈനല്‍ കട്ടില്‍ അത്തരത്തിലുള്ള കല്ലുകടികളും കുറവാണ്. 

മുന്നാഭായി എംബിബിഎസ്, രംഗ് ദേ ബസന്തി, ഡല്‍ഹി-6 എന്നിവയുള്‍പ്പെടെ ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങള്‍ പകര്‍ത്തിയ ബിനോദ് പ്രധാനാണ് 'കൊച്ചുണ്ണി'യുടെ ഛായാഗ്രഹണം. ഒരു മലയാള ചിത്രത്തിന് ആദ്യമായാണ് അദ്ദേഹം സിനിമാറ്റോഗ്രഫി നിര്‍വ്വഹിക്കുന്നത്. പഴയ കാലം പകര്‍ത്തുക എന്ന ഏത് ഛായാഗ്രാഹകന് മുന്നിലും എക്കാലത്തുമുള്ള വെല്ലുവിളിയെ അതിജീവിക്കാനായിട്ടുണ്ട് അദ്ദേഹത്തിന്. റാന്തല്‍ വിളക്കുകളും പന്തങ്ങളും മാത്രം വെളിച്ചം വീശുന്ന രാത്രികളില്‍ നിന്ന് പകലുകളിലേക്ക് എത്തുമ്പോഴും കാഴ്ചയില്‍ തുടര്‍ച്ച വരുത്താനായിട്ടുണ്ട് അദ്ദേഹത്തിന്. ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതം നരേഷനെ ഒരു തരത്തിലും പരുക്കേല്‍പ്പിക്കാത്തതും ചേര്‍ന്നുപോകുന്നതുമാണ്. രണ്ടേമുക്കാല്‍ മണിക്കൂറോളമെടുത്താണ് റോഷന്‍ ആന്‍ഡ്രൂസ് കൊച്ചുണ്ണിയുടെ ജീവിതം പറഞ്ഞിരിക്കുന്നത്. നായകന്റെ വൈകാരികതയിലേക്കല്ല സിനിമയുടെ ഫോക്കസ് എന്നതിനാല്‍ എപ്പിസോഡിക് സ്വഭാവമുള്ള രണ്ടാംപകുതി പ്രേക്ഷകരില്‍ ഒരു വിഭാഗത്തിന് ദൈര്‍ഘ്യമേറിയതായി തോന്നിയേക്കാം.

loader