ഫഹദ്- നസ്രിയ- ദിലീഷ് പോത്തന്‍  എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന 'കുമ്പളങ്ങി നൈറ്റ്‌സ്' ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യാനിരിക്കുന്നതിനിടെ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍. ചിത്രത്തെ കുറിച്ച് പ്രേക്ഷകരോട് പങ്കുവെക്കാനാണ് കുമ്പളങ്ങി നൈറ്റ്സിലെ അണിയറപ്രവര്‍ത്തകര്‍ ഒത്തുകൂടിയത്.  ഫഹദ് , നസ്രിയ, ദിലീഷ് പോത്തന്‍ സൗബിൻ ഷാഹിർ, സുഷിൻ ശ്യാം, മധു സി. നാരായണൻ, ശ്യാം പുഷ്കർ, ഷെയ്ൻ നിഗം, അന്ന ബെൻ തുടങ്ങിയവർ സിനിമയിലെ രസകരമായ നിമിഷങ്ങൾ പ്രേക്ഷകർക്കായി പങ്കുവെച്ചു. 

ഛായാഗ്രാഹകന്‍ ഷൈജു ഖാലിദിനെക്കുറിച്ചാണ് ഫഹദ് വാചാലനായത്. 'ഷൈജുവില്‍ നിന്നും നല്ല പ്രശംസ കിട്ടുക പാടുളള കാര്യമാണ്. ഈ സിനിമയിലെ എന്‍റെ ആദ്യ ഷോട്ട് കഴിഞ്ഞപ്പോള്‍ അത് ഒക്കെ അല്ലെന്ന് ഇവര്‍ക്ക് എന്നോട് പറയാന്‍ മടി. അപ്പോഴാണ് ക്യാമറയുടെ പുറകില്‍ നിന്ന് ഷൈജു 'ഒന്നനങ്ങി ചെയ്യടോ' . 

‘ചിത്രം പൂർത്തിയായി കഴിഞ്ഞു. സിനിമ കണ്ടു കഴിഞ്ഞപ്പോൾ എല്ലാ അർഥത്തിലും ഞങ്ങൾ തൃപ്തരാണ്.’- ദിലീഷ് പോത്തൻ പറയുന്നു. സങ്കടപ്പെടുത്തുന്ന സിനിമയായാൽ കരയുന്ന കൂട്ടത്തിലാണ് താനെന്ന് പറഞ്ഞപ്പോൾ, പോത്തൻ ലോലനാണെന്നായിരുന്നു നസ്രിയുടെ മറുപടി.

നവാഗതനായ മധു സി നാരായണനാണ്  സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ശ്യാം പുഷ്ക്കരൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. മഹേഷിന്റെ പ്രതികാരവും ഈമയൗവും അടക്കമുള്ള സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച ഷൈജു ഖാലിദ് ആണ്  ഛായാഗ്രഹണം. സുശിൻ ശ്യാം സംഗീതം നൽകുന്നു.   നെഗറ്റീവ് ടച്ചുള്ള കഥാപാത്രവുമായാണ്  ഫഹദ് ഫാസില്‍ ചിത്രത്തില്‍ എത്തുന്നത്. ഫെബ്രുവരി ഏഴിന് ചിത്രം റിലീസിനെത്തും.