ഒരുകാലത്തെ ക്യാംപസ് ചിത്രങ്ങളിലൂടെ മലയാലത്തിന്റെ എക്കാലത്തേയും പ്രണയനായകനായി മാറിയ കുഞ്ചാക്കോ ബോബന്‍ കഴിഞ്ഞ കാലത്തായി അദ്ദേഹത്തിന്റെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച  താരം  അഭിനയിച്ച് അവസാനമായി പുറത്തിറങ്ങിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ അഞ്ചാംപാതിര 2020ലെ സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. അഞ്ചാംപാതിരയിലെ കുഞ്ചാക്കോയെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ശരീരത്തെക്കുറിച്ചായിരുന്നു സോഷ്യല്‍ മീഡിയായിലെ ചര്‍ച്ചകളെല്ലാം.  തന്റെ ചോക്ലേറ്റ് പരിവേഷംവിട്ട് ബോഡീബില്‍ഡര്‍ പരിവേഷത്തിലേക്കെത്തുകയാണോ എന്ന ചര്‍ച്ചയ്ക്ക് താരം തന്നെയാണ് അറുതി വരുത്തിയത്.

സോഷ്യല്‍മീഡിയായില്‍ തന്റെ പുത്തന്‍ ലുക്കുകള്‍ താരം തന്നെ പുറത്തുവിട്ടിരുന്നു. കൈകാലുകളില്‍ മസിലുകള്‍ ഉരുട്ടിക്കയറ്റിയ പുത്തന്‍ചിത്രം ആരാധകരെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. താരം മൂന്നുമാസംകൊണ്ടാണ് ശരീരം ചിട്ടപ്പെടുത്തിയെടുത്തതെന്നും, ഇതിനായിട്ട് ഭക്ഷണക്രമീകരണവും മറ്റും ചിട്ടയായി നോക്കിയിരുന്നെന്നും കഴിഞ്ഞ ദിവസം താരം പറഞ്ഞിരുന്നു. അതിനുപുറകെയായിരുന്നു താന്‍ ഇനി സിക്‌സ് പാക്കിനായുള്ള ശ്രമത്തിലാണെന്ന് താരം പറഞ്ഞത്. താരത്തിന്റെ സിക്‌സ്പാക്ക് ആഗ്രഹിച്ചിരുന്ന ആരാധകര്‍ക്ക് സങ്കടമുളവാക്കുന്നതാണ് പുത്തന്‍ വാര്‍ത്ത. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പരിക്കു പറ്റിയതെന്നാണ് താരം ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

പുത്തന്‍ ചിത്രത്തില്‍ പ്രവീണ്‍ മൈക്കിള്‍ എന്ന പോലീസുകാരനായാണ് കുഞ്ചാക്കോ ബോബന്‍ വേഷമിടുന്നത്. കൂത്താട്ടുകുളത്തുവച്ച് സിനിമയിലെ പ്രധാന രംഗങ്ങള്‍ ചിത്രീകരിക്കുമ്പോഴായിരുന്നു പരിക്ക്, 'ചിത്രത്തില്‍ വടംവലി മത്സരത്തിന്റെ ഒരു രംഗമുണ്ട്, കൂത്താട്ടുകുളത്തുവച്ച് രാത്രിയായിരുന്നു ഷൂട്ട്. ചിത്രത്തിന്റെ പെര്‍ഫെക്ഷനുവേണ്ടി 65 ഓളം ടീമുകളുണ്ടായിരുന്ന യഥാര്‍ത്ഥ മത്സരത്തിനിടെയായിരുന്നു ഷൂട്ട്. അപ്പോഴാണ് മനസ്സിലായത് നമ്മള്‍ ഓണത്തിന് നടത്തുന്നതല്ല യഥാര്‍ത്ഥ വടംവലിയെന്ന്. അപ്പോഴേക്കും എനിക്ക് പരിക്കേറ്റിരുന്നു, കൂടെ ലെഗ്മെന്റിന് കീറലും, തോളിന് വടത്തിന്റെ സമ്മര്‍ദ്ദവും. വലതുകൈ ഉയര്‍ത്തണമെങ്കില്‍ ഇടതുകൈ താങ്ങേണ്ടുന്ന അവസ്ഥയായിരുന്നു. രണ്ടു ദിവസംകൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.' താരം പറയുന്നു.

എന്നാല്‍ വടംവലി കളിയല്ല കാര്യമായി എന്നായപ്പോഴേക്കും വീട്ടില്‍ ഭാര്യയും മറ്റും ആവലാതിയിലായി. അങ്ങനെ അവരുടെ അഭിപ്രായമെല്ലാം മാനിച്ചാണ് തല്‍ക്കാലം ജിമ്മിലെ വ്യായാമങ്ങള്‍ അവധിയിലാക്കിയിരിക്കുന്നത്. വൈകാതെതന്നെ ടീമിനൊപ്പം വീണ്ടും ചിത്രീകരണത്തില്‍ ചേരാനാകുമെന്നും താരം പറയുന്നുണ്ട്.