മുംബൈ: ബോളിവുഡ് നടി സോനാക്ഷി സിന്‍ഹയെ സോഷ്യല്‍മീഡിയയില്‍ അപമാനിച്ച യുവാവിനെ മുംബൈ സൈബര്‍ സെല്‍ വിഭാഗം അറസ്റ്റ് ചെയ്തു. ഔറംഗബാദ് സ്വദേശിയായ ശശികാന്ത് ജാദവി (27)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മറ്റ് നടിമാരെയും സമാനമായി അധിക്ഷേപിച്ചെന്നും പൊലീസ് വ്യക്തമാക്കി. സൈബറിടങ്ങളില്‍ സുരക്ഷയൊരുക്കുകയാണ് പൊലീസിന്റെ ലക്ഷ്യമെന്ന് ഡിസിപി രശ്മി കരന്‍ഡികര്‍ പറഞ്ഞു. പ്രതിയെ പിടികൂടുകയും കര്‍ശന നടപടിയെടുക്കുകയും ചെയ്തതിന് പൊലീസിന് നന്ദിയെന്ന് സോനാക്ഷി സിന്‍ഹ പ്രതികരിച്ചു.

സൈബറിടങ്ങളില്‍ അപമാനം നേരിടുന്നവര്‍ നിയമ നടപടി സ്വീകരിക്കാന്‍ സധൈര്യം മുന്നോട്ടുവരണമെന്നും നടി പ്രതികരിച്ചു. സൈബര്‍ സുരക്ഷയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി മിഷന്‍ ജോഷുമായി സഹകരിച്ച് അബ് ബാസ് എന്ന പരിപാടിയില്‍ സോനാക്ഷി പങ്കെടുത്തിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ നടി ഈ അടുത്താണ് കമന്റ് ബോക്‌സ് തുറന്നത്.