ബെംഗളൂരു: അന്തരിച്ച കന്നഡ നടൻ ചിരഞ്ജീവി സർജ - മേഘ്നരാജ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നു. അൽപസമയം മുൻപ് ബെം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മേഘ്നാ രാജ് ആൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനെ ചിരഞ്ജീവിയുടെ അനിയനും നടനുമായ ധ്രുവ് സ‍ർജ ഏറ്റുവാങ്ങിയതിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. 

മേഘ്ന ഗർഭിണിയായി അധികം വൈകും മുൻപാണ് ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവിസർജ മരണപ്പെടുന്നത്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായിരിക്കേണ്ട സമയത്ത് ഭർത്താവിനെ നഷ്ടപ്പെട്ട മേഘ്നയ്ക്ക് ഒപ്പം കുടുംബവും സുഹൃത്തുകളും ആരാധകരും വലിയ പിന്തുണയാണ് നൽകിയത്. മേഘ്നയുടെ ബേബി ഷവർ ചടങ്ങും ചിരഞ്ജീവി സർജയുടെ ജന്മദിനവും എല്ലാം കുടുംബം ഗംഭീരമായി ആഘോഷിച്ചിരുന്നു

സഹോദരൻ്റെ കുഞ്ഞിനായി ധ്രുവ് സർജ പത്ത് ലക്ഷം രൂപ വിലമതിക്കുന്ന വെള്ളി കൊണ്ട് നിർമ്മിച്ച  തൊട്ടിൽ വാങ്ങിയതും വലിയ വാർത്തയായി. തമിഴ് നടൻ അർജുൻ്റെ അനന്തരവൻമാരാണ് സർജ സഹോദരങ്ങൾ. മേഘ്ന രാജ് തമിഴ്, മലയാളം, കന്നഡ സിനിമകളിലെല്ലാം പ്രശസ്തയായ നടിയാണ്.