ചെന്നൈ: പിറന്നാൾ ദിനത്തിൽ ആരാധകരുടേയും സുഹൃത്തുകളുടേയും ആശംസകൾക്ക് നന്ദി പറഞ്ഞ് നടൻ മോഹൻലാൽ. കൊവിഡ് പ്രതിസന്ധിയിൽ നിന്നും ലോകം എത്രയും പെട്ടെന്ന് മുക്തി നേടുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച ലാൽ പ്രായം അറുപതായത് തന്നെ ഒരു രീതിയിലും ബാധിക്കുന്നില്ലെന്നും പറഞ്ഞു. 

മോഹൻലാലിൻ്റെ വാക്കുകൾ - 

ഇങ്ങനെ വീട്ടിലിരിക്കേണ്ടി വരുന്നത് പ്രത്യേക തരം അവസ്ഥയാണ്.സാധാരണ ഒരു അവധിക്കാലം പോലെയല്ല ഇത്. ഒരുപാട് പേരുടെ സങ്കടവും വിഷമവും കേട്ടിരിക്കുന്നതിനാൽ  സങ്കടം കലർന്ന ഒരു സന്തോഷമാണ് ഈ അവധിക്കാലത്ത്. 

സമയം തീർക്കാൻ മനപൂർവ്വമായി ഒന്നും ഞാൻ ചെയ്യാറില്ല. പുസ്തകം വായിക്കല്ലോ, പാട്ടുകേൾക്കല്ലോ ഒന്നും... തീർച്ചയായും ഒരുപാട് ചെറിയ കാര്യങ്ങൾ ഈ സമയത്ത് ചെയ്യുന്നുണ്ട്. ഒരു പാട് വീഡിയോ സന്ദേശങ്ങൾ പകർത്തി അയക്കുന്നുണ്ട്. പഴയകാല താരങ്ങളേയും മറ്റു സഹപ്രവർത്തകരേയും വിളിച്ച് വിശേഷങ്ങൾ അന്വേഷിക്കുകയും സൗഹൃദം പുതുക്കുകയും ചെയ്യുന്നുണ്ട്. 

അടച്ചിട്ടു എന്നൊരു തോന്നല്ലൊന്നും എനിക്കില്ല. ഞാനൊരുപാട് ഏകാന്തത ഇഷ്ടപ്പെടുന്നയാളാണ്. മുൻപും അങ്ങനെ പലപ്പോഴും ഞാൻ ഒറ്റയ്ക്ക് ഇരുന്നിട്ടുണ്ട്. ഇപ്പോൾ കൊച്ചിയിലുള്ള അമ്മയുമായും വീഡിയോ കോളിലൂടെ സംസാരിക്കാൻ പറ്റുന്നുണ്ട്. എൻ്റെ കാര്യത്തിൽ കുഴപ്പമില്ല പക്ഷേ മറ്റുള്ളവരുടെ ജീവിതത്തിലുണ്ടാവുന്ന ബുദ്ധിമുട്ടുകളിൽ സങ്കടമുണ്ട്. എത്രയും പെട്ടെന്ന് ലോക്ക് ഡൗൺ തീർന്ന് എല്ലാ മേഖലകളും വീണ്ടും ചലിച്ചു തുടങ്ങട്ടെ. 

ഒരുപാട് ദൂരം ഒരുപാട് വേ​ഗത്തിൽ സഞ്ചരിച്ചതായി തോന്നുന്നു. അതിനൊരുപാട് പേ‍ർ എന്നെ സഹായിച്ചു. ഒരുപാട് എഴുത്തുകാ‍ർ, സംവിധായക‍ർ. കൂടെ അഭിനയിച്ചവ‍ർ.... അങ്ങനെ എനിക്കൊപ്പം സിനിമയുടെ പല മേഖലകളിലും പ്രവ‍ർത്തിച്ചവ‍ർക്ക് നന്ദി. തിരിഞ്ഞു നോക്കുമ്പോൾ സന്തോഷമേയുള്ളൂ. ഒരു കൊടുങ്കാറ്റിലെന്ന പോലെ പറന്നു നടക്കുകയായിരുന്നു ഞാൻ. 

എല്ലാ പ്രതിസന്ധികൾക്കും ഒരു അവസാനമുണ്ടാക്കും. നിലവിലെ അവസ്ഥയെ നേരിടാനും മറികടക്കാനുമുള്ള തയ്യാറെടുപ്പുകൾ എല്ലാവരും നടത്തി വരികയാണ്. തീ‍ർച്ചയായും ഈ അവസ്ഥയെ മറികടക്കാനൊരു വഴി തെളിയും. നമ്മളൊരു വഴിയുണ്ടാക്കും. സിനിമയെ മാത്രമല്ല ടൂറിസത്തേയും മറ്റു വിനോദമേഖലകളേയും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. അതിനെല്ലാം മാറ്റം വരട്ടെ എങ്കിലേ ജീവിതം രസകരമായി മുന്നോട്ട് പോകൂ. 

ദൃശ്യം രണ്ടാം ഭാ​ഗമാണ് ഉടനെ ചെയ്യാൻ പോകുന്നത്. കുഞ്ഞാലിമരയ്ക്കാരുടെ റിലീസുണ്ട്. റാം എന്ന സിനിമയുടെ ഷൂട്ടിം​ഗ് ലണ്ടനിൽ നടക്കാനുണ്ട്. പിന്നെ ഞാൻ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രം. നിരവധി വിദേശകലാകാരൻമാ‍ർ ആ സിനിമയിൽ സഹകരിക്കുന്നുണ്ട്. 

എൻ്റെ അച്ഛനും ചേട്ടനുമെല്ലാം അറുപത് വയസായി. ഇനി നിങ്ങൾക്കെല്ലാം അറുപത് വയസാവും. അതു കൊണ്ട് പ്രായമാകുന്നത് ഒരു വലിയ കാര്യമായി ഞാൻ കാണുന്നില്ല. നമ്മുക്ക് ആരോ​ഗ്യമുള്ള കാലത്തോളം നമ്മുക്ക് മറ്റുള്ളവരെ രസിപ്പിച്ചും സന്തോഷിപ്പിച്ചും മുന്നോട്ട് പോകാനാവും. പ്രായം അതിനൊരു തടസമാകാൻ സാധ്യതയില്ല. നമ്മുക്കെന്തെങ്കിലും രോ​ഗം ബാധിച്ചാലേയുള്ളൂ. അല്ലെങ്കിൽ എല്ലാവ‍ർക്കും സന്തോഷത്തോട്ടെ മുന്നോട്ട് പോകാനാവുന്ന രം​ഗത്താണ് നമ്മൾ പ്രവർത്തിക്കുന്നത്.