Asianet News MalayalamAsianet News Malayalam

മുഷിപ്പിക്കില്ല ഈ റൗഡികള്‍: 'മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി' റിവ്യൂ

'പൂമര'ത്തിലെ ഗൗതമനില്‍ നിന്ന് എല്ലാത്തരത്തിലും വ്യത്യസ്തതയുള്ള കഥാപാത്രമാണ് കാളിദാസിന്റെ അപ്പു. 'ക്വട്ടേഷനി'ലൂടെ ജീവിതത്തില്‍ വിജയിക്കാന്‍ നടക്കുന്നവരാണെങ്കിലും ആശങ്കകളും ആശയക്കുഴപ്പങ്ങളുമുള്ള 'പാവം' ചെറുപ്പക്കാര്‍ എന്ന മട്ടിലാണ് അപ്പുവിന്റെയും സുഹൃത്തുക്കളുടെയും പാത്രസൃഷ്ടികള്‍.
 

mr and ms rowdy review
Author
Thiruvananthapuram, First Published Feb 22, 2019, 7:49 PM IST

ജീത്തു ജോസഫിന് കരിയറിലെ വമ്പന്‍ വിജയങ്ങള്‍ നേടിക്കൊടുത്തത് ത്രില്ലറുകളാണ്. ദൃശ്യവും മെമ്മറീസും അടക്കമുള്ള ചിത്രങ്ങള്‍. എന്നാല്‍ മൈ ബോസ്, മമ്മി ആന്‍ഡ് മി തുടങ്ങിയ ലൈറ്റ് ഹാര്‍ട്ടഡ് എന്റര്‍ടെയ്‌നറുകളും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഇപ്പറഞ്ഞ രണ്ടാമത്തെ വിഭാഗത്തിലേക്ക് പൂര്‍ണമായും ഉള്‍പ്പെടുത്താനാവില്ലെങ്കിലും രേഖീയമായി കഥ പറഞ്ഞുപോകുന്ന ലളിതമായ സിനിമയാണ് മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി. 'പൂമര'ത്തിന് ശേഷം കാളിദാസ് ജയറാം സ്‌ക്രീനിലെത്തുന്ന ചിത്രം എന്നതും ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ എന്നതുമായിരുന്നു ഇതിന്റെ യുഎസ്പി.

ഓര്‍ത്തെടുക്കാന്‍ സുഖമുള്ള ബാല്യകാലമല്ല അപ്പുവിന്റേത് (കാളിദാസ് ജയറാം). തിരിച്ചറിവെത്തും മുന്‍പുള്ള പ്രായത്തില്‍ ചെയ്‌തൊരു കുറ്റത്തിന് ദുര്‍ഗുണ പരിഹാര പാഠശാലയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കഴിയേണ്ടിവന്നിട്ടുണ്ട് അയാള്‍ക്ക്. തിരികെയെത്തുമ്പോള്‍ ഒരു സാധാരണ ജീവിതത്തിന് അനുകൂലമായിരുന്നില്ല ചുറ്റുപാടുകള്‍. അപ്പുവിലും അവന്റെ കൂട്ടുകാരിലും 'സാമൂഹ്യവിരുദ്ധരെ' കണ്ടെത്താനായിരുന്നു നാട്ടുകാരുടെ ശ്രമം. അതിനാല്‍ ജുവനൈല്‍ ഹോമില്‍ നിന്ന് പരിചയപ്പെട്ട ഒരു കുറ്റവാളിയുടെ 'ജീവിത വിജയകഥ' പകര്‍ത്താന്‍ ശ്രമിക്കുകയാണ് അവര്‍. 'ക്വട്ടേഷന്‍' തൊഴിലായെടുത്ത് ജീവിതത്തില്‍ മുന്നേറാന്‍ ശ്രമിക്കുന്ന അഞ്ച് ചെറുപ്പക്കാരുടെയും അവരുടെ ഇടയിലേക്ക് യാദൃശ്ചികമായി കടന്നുവരുന്ന പൗര്‍ണമി എന്ന പെണ്‍കുട്ടിയുടെയും (അപര്‍ണ ബാലമുരളി) കഥയാണ് മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി.

mr and ms rowdy review

'ജസ്റ്റ് ഫോര്‍ ഫണ്‍' എന്നാണ് മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയുടെ ടാഗ് ലൈന്‍. ജീത്തു ജോസഫിന്റേതായി പുറത്തുവന്നതില്‍ ലളിതമായ ചിത്രം എന്നതിനൊപ്പം പ്രധാന കഥാപാത്രങ്ങളെല്ലാം യുവാക്കളായുള്ള അദ്ദേഹത്തിന്റെ ആദ്യ സിനിമയുമാണ് ഇത്. അതിന്റെ പ്രസരിപ്പ് സ്‌ക്രീനില്‍ തുടക്കം മുതല്‍ ഒടുക്കം വരെയുണ്ട്. ഗ്രാമത്തിലെ തൊഴില്‍രഹിതരായ ഒരു കൂട്ടം ചെറുപ്പക്കാരെ അവതരിപ്പിക്കുമ്പോള്‍ ക്ലീഷേ മാതൃകകളിലേക്ക് അമ്പേ വീണുപോയിട്ടില്ല തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍. പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കാത്ത പാത്രസൃഷ്ടികളാണ് അപ്പുവും നാല് സുഹൃത്തുക്കളും പിന്നീട് അവരുടെ ജീവിതത്തിലേക്കെത്തുന്ന പൗര്‍ണമിയുമൊക്കെ.

'പൂമര'ത്തിലെ ഗൗതമനില്‍ നിന്ന് എല്ലാത്തരത്തിലും വ്യത്യസ്തതയുള്ള കഥാപാത്രമാണ് കാളിദാസിന്റെ അപ്പു. 'ക്വട്ടേഷനി'ലൂടെ ജീവിതത്തില്‍ വിജയിക്കാന്‍ നടക്കുന്നവരാണെങ്കിലും ആശങ്കകളും ആശയക്കുഴപ്പങ്ങളുമുള്ള 'പാവം' ചെറുപ്പക്കാര്‍ എന്ന മട്ടിലാണ് അപ്പുവിന്റെയും സുഹൃത്തുക്കളുടെയും പാത്രസൃഷ്ടികള്‍. അതിനാല്‍ത്തന്നെ നായകന്‍ എന്ന നിലയില്‍ കാളിദാസിലെ അഭിനേതാവിന് മുന്നിലുള്ള വലിയ പരീക്ഷണമല്ല അപ്പു. അതേസമയം ആ കഥാപാത്രമായി കാളിദാസിന്റേത് മികച്ച കാസ്റ്റിംഗുമാണ്. അപ്പുവിന്റെ സുഹൃത്തുക്കളുടെ വേഷങ്ങളിലെത്തിയ ഗണപതി, ഷെബിന്‍ ബെന്‍സണ്‍, വിഷ്ണു ഗോവിന്ദന്‍, ശരത് സഭ എന്നിവരുടേതും അങ്ങനെതന്നെ. ആദ്യ സീന്‍ മുതല്‍ ഈ അഭിനേതാക്കള്‍ക്കിടയില്‍ മികച്ച കെമിസ്ട്രിയുണ്ട്. അപര്‍ണ ബാലമുരളിയുടേത് മികച്ച പ്രകടനമായിരിക്കുമ്പോള്‍ത്തന്നെ 'മഹേഷിന്റെ പ്രതികാരം' മുതലുള്ള അവരുടെ 'ബോള്‍ഡായ പെണ്‍കുട്ടി' ഇമേജ് വീണ്ടും ആവര്‍ത്തിക്കുന്നതായും അനുഭവപ്പെടുന്നു.

mr and ms rowdy review

'ആദി'ക്ക് ശേഷം സതീഷ് കുറുപ്പ് വീണ്ടും ജീത്തു ജോസഫ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുകയാണ്. ഭൂരിഭാഗവും ഗ്രാമത്തിന്റെ പശ്ചാത്തലത്തിലുള്ള സിനിമ ദൃശ്യപരമായും എന്‍ഗേജിംഗ് ആണ്. എഡിറ്റര്‍ അയൂബ് ഖാന്റേത് നിലവാരമുള്ള കട്ടുകളാണ്. സിനിമയുടെ ചടുലതയോടെയുള്ള മുന്നോട്ടുപോക്കില്‍ അദ്ദേഹത്തിന് പ്രധാന പങ്കുണ്ട്.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ മുകേഷും ജഗദീഷും സിദ്ദിഖുമൊക്കെ പ്രധാന കഥാപാത്രങ്ങളായ എന്റര്‍ടെയ്‌നറുകളുണ്ട്. ഇപ്പോഴും ടെലിവിഷന്‍ സംപ്രേഷണങ്ങളില്‍ കാണികളുള്ള സിനിമകളാണ് അവ. അവതരിപ്പിക്കാന്‍ ലളിതമായ ഒരു കഥയും വിശ്വസനീയമായ കഥാപാത്രങ്ങളുമുള്ള, അവകാശവാദങ്ങളൊന്നുമില്ലാത്ത ചിത്രങ്ങള്‍. 'മിസ്റ്റര്‍ ആന്‍ഡ് മിസ്' റൗഡിയുടെ കാഴ്ചാനുഭവം അത്തരത്തില്‍ ഒന്നായിരുന്നു. പുതിയ സിനിമയെക്കുറിച്ച് അവകാശവാദങ്ങളൊന്നും ജീത്തു ജോസഫും ഉയര്‍ത്തിയിട്ടില്ല. 'ജസ്റ്റ് ഫോര്‍ ഫണ്‍' എന്ന ടാഗ് ലൈനിനോട് നീതി പുലര്‍ത്തുന്ന, തീയേറ്റര്‍ കാഴ്ചയില്‍ മുഷിപ്പിക്കാത്ത സിനിമയാണ് 'മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി'.

Follow Us:
Download App:
  • android
  • ios