പൗരത്വ നിയമ ഭേദഗതിയെയും പൗരത്വ രജിസ്റ്ററിനെയും വിമര്‍ശിച്ച് സന്ദീപ് രചനയും സംവിധാനവും നിര്‍വഹിച്ച സംഗീത ആല്‍ബം 'സിറ്റിസണ്‍ നമ്പര്‍ 21' പ്രേക്ഷക ശ്രദ്ധ നേടുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സരസ ബാലുശേരി, റാപ്പര്‍ ഹാരിസ് സലീം എന്നിവരാണ് ആല്‍ബത്തിലെ പ്രധാന താരങ്ങള്‍. സുഡാനി ഫ്രം നൈജീരിയ സംവിധായകന്‍ സഖരിയയുടെ പേജിലൂടെയാണ് ആല്‍ബം പുറത്തിറക്കിയത്.  നിസാം പാരി, സന്ദീപ് എന്നിവരാണ് പാട്ട് എഴുതിയിരിക്കുന്നത്. 

വിന്‍ഡോ സീറ്റ് പിക്ചേഴ്സിന്‍റെ ബാനറില്‍ ഹം ഭി പ്രൊഡക്ഷന്‍ ഹൗസാണ് നിര്‍മാണ്. അഫ്നാസ്, നിസാം കദ്രി എന്നിവരാണ് ക്യാമറ. ഏറനാടന്‍ ഭാഷയിലാണ് പാട്ടൊരുക്കിയിരിക്കുന്നത്. സിഎഎ, എന്‍ആര്‍സി എന്നിവയെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുന്ന ആല്‍ബത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുന്നു. സരസ ബാലുശേരിയുടെ പ്രകടനവും അഭിനന്ദിക്കപ്പെടുന്നുണ്ട്.