വിപ്ലവ നക്ഷത്രം കെ ആർ ഗൗരിയമ്മയ്ക്ക് വിട ചൊല്ലിയിരിക്കുകയാണ് രാഷ്ട്രീയ കേരളം. നിരവധി പേരാണ് പ്രിയ നേതാവിനെ അനുസ്മരിച്ചുകൊണ്ട് രം​ഗത്തെത്തിയത്. തന്റെ അച്ഛൻ എം ആർ പവിത്രനും ഗൗരിയമ്മയും തമ്മിലുണ്ടായിരുന്ന ആശയപരമായ അടുപ്പത്തെ കുറിച്ചും സൗഹൃദത്തെ കുറിച്ചുമുള്ള ഓർമ പങ്കുവയ്ക്കുകയാണ് നടി നിഖില വിമൽ.

നിഖിലയുടെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്

ഇടതുപക്ഷനേതാക്കളിൽ എം. വി. രാഘവനുമായും കെ. ആർ. ഗൗരിയമ്മയുമായും അടുത്തബന്ധമായിരുന്നു എൻ്റെ അച്ഛൻ എം. ആർ. പവിത്രന്. ആദ്യം എം. വി. ആറും പിന്നീട് കെ. ആർ. ഗൗരിയമ്മയും സി.പി.ഐ.(എം) ൽ നിന്നും പുറത്താക്കപ്പെടുന്ന കാലഘട്ടത്തിലാണ് അച്ഛൻ സജീവ നക്സലൈറ്റ് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങുന്നതും. സ്വന്തം പാർട്ടികളിലേക്ക് രണ്ടുപേരും അച്ഛനെ ക്ഷണിച്ചു. അച്ഛൻ തിരഞ്ഞെടുത്തത് ഗൗരിയമ്മയുടെ ജെ.എസ്.എസ്. ആണ്. അച്ഛൻ്റെ തീവ്രസ്വഭാവവുമായി കുറെക്കൂടി ചേർച്ച എം. വി. രാഘവനായതിനാൽ എന്തുകൊണ്ട് ഗൗരിയമ്മയ്ക്കൊപ്പം എന്ന് പിന്നീട് ഞാൻ അച്ഛനോട് ചോദിച്ചു. "അവർ വല്ലാതെ നീതി അർഹിക്കുന്നു," എന്നായിരുന്നു അതിന് അച്ഛൻ്റെ മറുപടി. എം.വി.ആറും അച്ഛനും ഓർമ്മയായി; ഇപ്പോൾ ഗൗരിയമ്മയും.

എഴുത്ത് അഖില വിമൽ❤

കേരളത്തിന്റെ വിപ്ലവ വനിതയ്ക്ക് , കെ ആർ ഗൗരിയമ്മയ്ക്ക് ആദരാഞ്ജലികൾ .

അണുബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ഏഴ് മണിക്കായിരുന്നു ഗൗരിയമ്മയുടെ അന്ത്യം. അയ്യൻകാളി ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം ഉച്ചയോടെ ജന്മനാടായ ആലപ്പുഴയിലെത്തിച്ചു. കേരളരാഷ്ട്രീയത്തിലെ പല നിർണായക നീക്കങ്ങൾക്കും വേദിയായ ചാത്തനാട്ട് വീട്ടിൽ അൽപസമയം പൊതുദർശനത്തിന് വച്ച ശേഷം, മൃതദേഹം ആലപ്പുഴ എസ്‍ഡിവി ഓഡിറ്റോറിയത്തിൽ എത്തിച്ചു. പിന്നീട് വലിയ ചുടുകാട് ശ്മശാനത്തിൽ അവസാനച്ചടങ്ങുകൾ. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona