മുംബൈ: തന്റെ നൃത്ത ചുവടുകളിലൂടെ പ്രേഷകരുടെ മനസ്സ് കീഴടക്കിയ നായികയാണ് നോറ ഫത്തേഹി. സത്യമേവ ജയതേ എന്ന ജോണ്‍ എബ്രഹാം ചിത്രത്തിലെ 'ദിൽബർ' എന്ന പാട്ടിന് ചുവടുവച്ചാണ് നോറ പ്രേഷക മനസ്സ് കീഴടക്കിയത്. യൂട്യൂബില്‍ തരംഗമായി മാറിയ ദില്‍ബർ 350+ മില്യണ്‍ വ്യൂസാണ് നേടിയത്. ഐറ്റം നമ്പറുകളിലെ മാസ്മരിക നൃത്തച്ചുവടുകളാണ് നോറയെ ആരാധനാപാത്രമാക്കിയത്. 

​ദിൽബറിന് ശേഷം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന നൃത്തചുവടുകളുമായി വീണ്ടും എത്തുകയാണ് താരം. എന്നാൽ ഇത്തവണ ബോളിവുഡിലല്ല മോളിവുഡിലാണ് നോറ തരം​ഗമാകുക. റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയിലാണ് ഐറ്റം നമ്പറുമായി താരം എത്തുന്നത്. ലക്ഷങ്ങൾ മുടക്കി ചിത്രീകരിക്കുന്ന ഗാനം തീർത്തും വ്യത്യസ്തമായ രീതിയാലാണ് ഒരുക്കിയിരിക്കുന്നത്. ​ഗാനത്തിന്റെ ചിത്രീകരണം ഗോവയിലെ സെറ്റിൽ പുരോ​ഗമിക്കുകയാണ്.

കനേഡിയന്‍ ഡാന്‍സറും മോഡലുമായ നോറ ബോളിവുഡ്, സൗത്ത് ഇന്ത്യൻ സിനിമകളിൽ നിറ സാന്നിദ്ധ്യമാണ്. സൂപ്പർഹിറ്റ് ചിത്രം ബാഹുബലിയിലെ മനോഹരി എന്ന ​ഗാനത്തിലൂടെ സൗത്ത് ഇന്ത്യ കീഴടക്കിയിരുന്നു.  ബിഗ് ബോസ് 9 ഹിന്ദി പതിപ്പിൽ മത്സരാര്‍ത്ഥി ആയിരുന്നെങ്കിലും പുറത്തായി. 

ബോബി സഞ്ജയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഇത്തിക്കരപക്കിയായി മോഹന്‍ലാലും ഈ ചിത്രത്തില്‍ എത്തുന്നുണ്ട്. എസ്ര എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ പ്രിയാ ആനന്ദാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രം ഓണത്തിന് പ്രദർശനത്തിനെത്തും.