ചെന്നൈ: നടന്‍ വിജയ് നായകനായ 'ബിഗില്‍' സിനിമയുടെ ഓഡിയോ ലോഞ്ചിന് വേദിയായ ചെന്നൈയിലെ സായിറാം എന്‍ഞ്ചിനീയറിംഗ് കോളേജിന് നോട്ടീസ്. ഉന്നതവിദ്യാഭ്യാസ വകുപ്പാണ് നോട്ടീസ് അയച്ചത്. ചടങ്ങിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തേടിയാണ് നോട്ടീസ്. 

ഓഡിയോ ലോഞ്ചിനിടെ ചെന്നൈയില്‍ ഫ്ലക്സ് വീണ് യുവതി മരിച്ച സംഭവത്തില്‍ വിജയ് നടത്തിയ പ്രസ്താവന വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് ചടങ്ങിന് വേദിയായ എഞ്ചിനീയറിംഗ് കോളേജിന് നോട്ടീസ് ലഭിച്ചിരിക്കുന്നത്.

യുവതിയുടെ മരണത്തില്‍ ഫ്ലക്സ് പ്രിന്‍റ് ചെയ്തവരും, ലോറി ഡ്രൈവറും മാത്രമാണ് പിടിയിലായതെന്നും, ആദ്യം ജയിലിലാകണ്ടവര്‍ പുറത്ത് വിലസുകയാണെന്നുമായിരുന്നു വിജയ് പറഞ്ഞത്. എഞ്ചിനീയറിംഗ് കോളേജിന് നോട്ടീസ് അയച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെയും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.