കൊച്ചി:  അമ്മ ഭാരവാഹികളുമായുള്ള ചര്‍ച്ചയ്ക്കിടെ നടന്‍ ബാബുരാജ് അക്രമിക്കപ്പെട്ട നടിയെ അപമാനിച്ചു സംസാരിച്ചെന്ന് നടി പാര്‍വ്വതി തിരുവോത്ത്. കൊച്ചിയില്‍ ഡെബ്ള്യൂ.സി.സി അംഗങ്ങള്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.  

ആഗസ്റ്റ് ഏഴിന് അമ്മ നിര്‍വാഹകസമിതി അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ ചൂടുവെള്ളത്തില്‍ വീണ പൂച്ചയെന്നാണ് അക്രമിക്കപ്പെട്ട നടിയെ ബാബുരാജ് വിശേഷിപ്പിച്ചതെന്ന് പാര്‍വ്വതി പറഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ ഒരു ദുരന്തത്തെ നേരിട്ട പെണ്‍കുട്ടിയെ ആണ് നടന്‍ ഇങ്ങനെ വിശേഷിപ്പിച്ചത്. 

ബാബുരാജ് പറയുന്നത് കേട്ട് ഷോക്കടിച്ച പോലെയായെന്നും പാര്‍വ്വതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ട അമ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ച ആളാണ് ബാബുരാജ് അങ്ങനെയൊരാളാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത് എന്നോര്‍ക്കണം.