കട്രത് തമിഴും തങ്കമീന്‍കളും തരമണിയുമൊക്കെയൊരുക്കിയ തമിഴ് സംവിധായകന്‍ റാമിന് കേരളത്തിലും വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രേക്ഷകവൃന്ദമുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ഈ മൂന്ന് സിനിമകള്‍ക്കുമില്ലാത്ത ഹൈപ്പ് ലഭിച്ച ചിത്രമായിരുന്നു പേരന്‍പ്. മമ്മൂട്ടി എന്ന പേരായിരുന്നു കാരണം. അഭിനേതാക്കളെ തനിക്ക് വേണ്ടുംവണ്ണം ഉപയോഗിക്കുന്ന, മുന്‍പൊരുക്കിയ ചിത്രങ്ങളിലെല്ലാം തന്റേതായ കൈയൊപ്പ് ചാര്‍ത്തിയ സംവിധായകനൊപ്പം മമ്മൂട്ടി എത്തുമ്പോള്‍ സംഭവിക്കാന്‍ സാധ്യതയുള്ള മാജിക്കിലായിരുന്നു ആ പ്രേക്ഷക പ്രതീക്ഷകള്‍. അത്തരം പ്രതീക്ഷകളൊന്നും അസ്ഥാനത്തല്ലെന്നാണ് പേരന്‍പിന്റെ കാഴ്ചാനുഭവം.

സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, വൈകാരികാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ അച്ഛനാണ് അമുദവന്‍ എന്ന മമ്മൂട്ടി കഥാപാത്രം. ഈ അച്ഛന്റെയും മകളുടെയും കഥയിലൂടെ പലവിധ ജീവിതസാഹചര്യങ്ങളാലും ശാരീരികമായ സവിശേഷതകളാലും ഒറ്റപ്പെട്ടും ഓരം ചേര്‍ക്കപ്പെട്ടും പോകുന്ന മനുഷ്യരിലേക്കാണ് റാമിന്റെ നോട്ടം. വൈകാരികമായ ഭാരമേല്‍പ്പിക്കുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ ഇപ്പോള്‍ തീരെയില്ലെന്നുതന്നെ പറയാം. എന്നാല്‍ തമിഴില്‍ അത് സംഭവിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. അക്കൂട്ടത്തിലാണ് പേരന്‍പിന്റെയും സ്ഥാനം.

പത്തേമാരിയില്‍ നിന്നും മുന്നറിയിപ്പില്‍ നിന്നുമൊക്കെ പിന്നിലേക്ക് പോയാല്‍ കാഴ്ചയും ഡാനിയുമൊക്കെ വരെ, വൈകാരികമായ ആഘാതമേല്‍പ്പിക്കുന്ന കഥാപാത്രങ്ങള്‍ സമീപകാല ചരിത്രത്തില്‍ മമ്മൂട്ടിയും വളരെ കുറച്ചേ ചെയ്തിട്ടുള്ളൂ. രണ്ടായിരത്തിന് ശേഷമുള്ള കണക്കാണിത്. എന്നാല്‍ ഒരു കാലത്ത് കാമ്പുള്ള അത്തരം നിരവധി കഥാപാത്രങ്ങളിലൂടെ മമ്മൂട്ടിയിലെ മികവുറ്റ നടന്‍ പ്രേക്ഷകമനസ്സുകളെ തൊട്ടിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ചേര്‍ത്തുവെക്കാവുന്ന കഥാപാത്രമാണ് അമുദവന്‍. ഒരു സങ്കടക്കടല്‍ തന്നെ ഉള്ളിലൊതുക്കി ജീവിക്കുന്ന കഥാപാത്രം. മകള്‍ക്ക് തുണ എന്നതിനപ്പുറം ജീവിതത്തിന്റെ നിറങ്ങളെല്ലാം കെട്ടുപോയൊരു മനുഷ്യന്റെ വ്യഥ പ്രേക്ഷകരുടെ ഉള്ളില്‍ത്തട്ടുംവിധം മമ്മൂട്ടി സ്‌ക്രീനിലെത്തിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ടോട്ടല്‍ ഫിലിമോഗ്രഫിയില്‍ അദ്ദേഹത്തിലെ നടന്‍ അവിസ്മരണീയമാക്കിയ കഥാപാത്രങ്ങള്‍ എടുത്തുവെക്കുമ്പോള്‍ ഒഴിവാക്കാനാവാത്ത കഥാപാത്രവും പ്രകടനവുമാണ് പേരന്‍പിലെ അമുദന്റേത്. 'Resurrection' എന്നാണ് ചിത്രത്തിന്റെ ഇംഗ്ലീഷ് ടൈറ്റില്‍. ഒരര്‍ഥത്തില്‍ മമ്മൂട്ടിയിലെ മാറ്റുള്ള അഭിനേതാവിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പ് സംഭവിക്കുകയാണ് പേരന്‍പില്‍.

തങ്കമീന്‍കളില്‍ റാം തന്നെ അവതരിപ്പിച്ച 'കല്യാണി'യുടെ മകളായി എത്തിയ സാധനയാണ് ഇവിടെ അമുദന്റെയും മകള്‍. പേരന്‍പ് സാധനയുടെ രണ്ടാംചിത്രമാണ്. എത്രത്തോളം അനുഭവസമ്പത്തുള്ള അഭിനേത്രിക്കും ഫലിപ്പിക്കാന്‍ പ്രയാസമുള്ള കഥാപാത്രത്തെ അതിഗംഭീരമാക്കിയിട്ടുണ്ട് കൗമാരക്കാരിയായ ഈ നടി. കണ്ടിരിക്കുമ്പോള്‍ ഒരു സിനിമ കാണുന്നുവെന്ന തലത്തിനപ്പുറത്തുള്ള വൈകാരികമായ പ്രതലത്തിലേക്ക് കാണിയെ ഉയര്‍ത്തുന്നത് മമ്മൂട്ടിയുടെയും സാധനയുടെയും അസാധ്യ കൊടുക്കല്‍വാങ്ങലുള്ള പ്രകടനമാണ്. അമുദവനും മകളും കഴിഞ്ഞാല്‍ സിനിമയിലെ ഏറ്റവും പ്രാധാന്യം അഞ്ജലി അമീര്‍ അവതരിപ്പിക്കുന്ന മീര എന്ന കഥാപാത്രത്തിനാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ അതിജീവന യാഥാര്‍ഥ്യം മീരയിലൂടെ അവതരിപ്പിക്കുന്നുണ്ട് റാം. സ്പാസ്റ്റ്ക് പരാലിസിസ് ബാധിച്ച കൗമാരക്കാരിയായ മകളെ മനസിലാക്കിയെടുക്കാന്‍ അമുദവന്‍ പാടുപെടുമ്പോള്‍ അവളെ സ്വന്തം ഉള്ളുപോലെ മനസിലാക്കുന്നുണ്ട് മീര. 

148 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ അമുദവനും മകള്‍ക്കുമൊപ്പം ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ് പ്രകൃതി. പന്ത്രണ്ട് അധ്യായങ്ങളുടെ രൂപത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന പേരന്‍പിന്റെ ഓരോ അധ്യായത്തിന്റെ പേരിലും പ്രകൃതിയും അതിന്റെ വിവിധ ഭാവങ്ങളുമുണ്ട്. ആദ്യ പകുതിയുടെ ദൃശ്യപരിചരണത്തില്‍ ഒരു തര്‍ക്കോവിസ്‌കിയന്‍ ശൈലി അനുഭവപ്പെടുന്നുണ്ട്. തന്റെ മുന്‍ചിത്രങ്ങളിലേതുപോലെ സവിശേഷ ജീവിതസാഹചര്യങ്ങളിലുള്ള മനുഷ്യരെയും അവരുടെ ജീവിതത്തെയും പേരന്‍പിലും റാം പരിചയപ്പെടുത്തുന്നത് സമയമെടുത്താണ്. എന്നാല്‍ അതിലേക്ക് എത്തിക്കഴിഞ്ഞാല്‍ പെട്ടുപോകുന്ന വൈകാരിക തീവ്രത ഉള്ളടക്കത്തിലുണ്ട്.

തേനി ഈശ്വറിന്റെ ഛായാഗ്രഹണം എടുത്തുപറയേണ്ടതാണ്. മുന്‍പറഞ്ഞതുപോലെ പ്രകൃതിക്ക് വലിയ പ്രാധാന്യമുള്ള നരേഷനില്‍ ചില അധ്യായങ്ങളുടെ കാഴ്ചാനുഭവം മുന്‍പത്തേതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. അധ്യായങ്ങളുടെ പേരുകള്‍ മാറുന്നതിനനുസരിച്ച് പലപ്പോഴും കഥ നടക്കുന്ന പശ്ചാത്തലവും ഭൂപ്രകൃതിയുമൊക്കെ മാറി മാറി വരുന്നുണ്ട്. മലനിരകളില്‍ നിന്ന് നഗരത്തിന്റെ ഒത്ത നടുവിലേക്ക് എത്തുന്നുണ്ട് നരേഷന്‍. ഈ മാറ്റങ്ങളെ ഇടര്‍ച്ചകളില്ലാത്ത ഒറ്റ ഒഴുക്കായി അവതരിപ്പിച്ചിട്ടുണ്ട് ഛായാഗ്രാഹകന്‍ തേനി ഈശ്വറും എഡിറ്റര്‍ സൂര്യ പ്രഥമനും ചേര്‍ന്ന്. 

സിനിമാനുഭവത്തിലെ അമ്പരപ്പിക്കല്‍ എന്നത്, സംവിധായകര്‍ മീഡിയത്തില്‍ നടത്തുന്ന പരീക്ഷണങ്ങളിലേക്ക് ചുരുങ്ങുന്ന കാലത്താണ് പേരന്‍പ് പോലെയൊരു ചിത്രവുമായി റാമിന്റെ വരവ്. നമ്മുടെ ആസ്വാദനാഭിരുചിയെത്തന്നെ തല്‍ക്കാലത്തേക്കെങ്കിലും പുതുക്കിയെടുക്കാന്‍ തക്ക കാമ്പുണ്ട് ഈ മനുഷ്യഗാഥയ്ക്ക്. കാണാന്‍ വിട്ടുപോകരുതാത്ത ചിത്രം.