Asianet News MalayalamAsianet News Malayalam

ചുരുളിക്ക് പൊലീസിന്റെ ക്ലീൻ ചിറ്റ്; ആവിഷ്കാര സ്വാതന്ത്ര്യത്തിൽ നിന്നുള്ള സൃഷ്ടിയെന്ന് എഡിജിപി അധ്യക്ഷനായ സമിതി

 നിലനിൽപ്പിനായി പൊരുതുന്ന മനുഷ്യരുടെ ഭാഷ എങ്ങനെ വേണമെന്ന് കലാകാരന് തീരുമാനിക്കാമെന്നും സമിതി റിപ്പോർട്ടിൽ ‌പറയുന്നു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് സമിതി സിനിമ പരിശോധിച്ചത്

police clean chit for churuli movie
Author
Thiruvananthapuram, First Published Jan 18, 2022, 3:44 PM IST

തിരുവനന്തപുരം :

ചുരുളി സിനിമയ്ക്ക് (churuli movie) പൊലീസ് (police) ക്ലീൻചിറ്റ്. സംഭാഷണങ്ങളിലോ ദ്യശ്യങ്ങളിലോ നിയമലംഘനമില്ല. ഭാഷയും സംഭാഷണവും കഥാ സന്ദർഭത്തിന് യോജിച്ചത് മാത്രം. ആവിഷ്കാര സ്വാതന്ത്ര്യത്തിൽ നിന്നുള്ള സൃഷ്ടി മാത്രമാണ് ചുരുളി സിനിമ. സിനിമയിൽ നിയമലംഘനമില്ലെന്നും എഡിജിപി പത്മകുമാർ (adgp padmakumar) സമിതി ഡിജിപിക്ക് റിപ്പോർട്ട് നൽകി.

സിനിമയിൽ പറയുന്നത് ചുരുളിയെന്ന സാങ്കൽപിക ഗ്രാമത്തിന്റെ കഥയാണ്. നിലനിൽപ്പിനായി പൊരുതുന്ന മനുഷ്യരുടെ ഭാഷ എങ്ങനെ വേണമെന്ന് കലാകാരന് തീരുമാനിക്കാമെന്നും സമിതി റിപ്പോർട്ടിൽ ‌പറയുന്നു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് സമിതി സിനിമ പരിശോധിച്ചത്. ആദ്യമായാണ് പൊലീസ് ഒരു സിനിമ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിപി ഹൈക്കോടതിയെ നിലപാട് അറിയിക്കും.

ചുരുളി സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഡിജിപിയെ കക്ഷി ചേർക്കുകയായിരുന്നു.  സിനിമ കണ്ട് ചിത്രത്തിൽ നിയമപരമായ പ്രശ്നങ്ങൾ ഉണ്ടോയെന്ന് റിപ്പോർട്ട് നൽകാൻ ഡിജിപിയോട് ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. ചുരുളി സിനിമയുടെ പ്രദർശനം തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. 

പൊതുധാർമികതയ്ക്ക് നിരക്കാത്ത സിനിമയാണ് ചുരുളിയെന്നും ചിത്രം ഒടിടിയിൽ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശ്ശൂർ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗിഫെൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്.  ജനങ്ങളെ സ്വാധീനിക്കുന്ന കലാരൂപമാണ് സിനിമയെന്നും ചുരുളിയിലെ സംഭാഷണങ്ങൾ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സിനെ കളങ്കപ്പെടുത്തുന്നതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

ജസ്റ്റിസ് എൻ. നാഗേഷ് ആണ് ഹർജി പരിഗണിക്കുന്നത്.  ചുരുളി സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമാണെന്ന് നേരത്തെ ഇതേ ഹർജി പരിഗണിച്ചു കൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സിനിമയുടെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പരാമർശം. ഹർജിയിൽ നേരത്തെ തന്നെ കേന്ദ്ര സെൻസർ ബോർഡ്, സോണി മാനേജിങ് ഡയറക്ടർ, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നടന്മാരായ ജോജു ജോർജ്, ജാഫർ ഇടുക്കി എന്നിവരടക്കമുള്ളവർക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. ചിത്രത്തിൻ്റെ സെൻസർ ചെയ്ത പതിപ്പല്ല ഒടിടിയിൽ പ്രദർശിപ്പിക്കുന്നതെന്നും ഒടിടി റിലീസിൽ ഇടപെടാൻ സെൻസർ ബോർഡിന് അധികാരമില്ലെന്നും നേരത്തെ സെൻസർബോർഡ് കോടതിയെ അറിയിച്ചിരുന്നു. 

ഒടിടി റിലീസ് ചെയ്തത് മുതൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി ച‍ർച്ചാ വിഷയമാണ്. തെറി സംഭാഷണങ്ങളുടെ പേരിൽ സിനിമയെ വിമർശിക്കുന്നവരും കഥാപരിസരം ആവശ്യപ്പെടുന്ന സംഭാഷണമെന്ന് പറഞ്ഞ് പിന്തുണക്കുന്നവരും തമ്മിൽ സമൂഹമാധ്യമങ്ങളിലെ പോര് തുടരുകയാണ്. സിനിമക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനസർക്കാറിനും സെൻസർ ബോർഡിനും നിരവധി പേർ പരാതി അയച്ചിരുന്നു. 

എന്നാൽ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് നൽകിയത് എന്നാണ് സെൻസർ ബോർഡ് വൃത്തങ്ങൾ പറയുന്നത്. പക്ഷേ ഒടിടിയിൽ കാണിക്കുന്ന പതിപ്പ് സെൻസർ ചെയ്യാത്തതാണ്.  ഒടിടിയിലെ പ്രദർശനത്തിൽ ബോർഡിന് ഇടപെടാൻ പരിമിതിയുണ്ട്. ഒടിടിയിൽ സെൻസർ ബാധകമല്ല. അതേ സമയം ഒടിടിയിലെ സിനിമക്കെതിരെ പരാതി ലഭിച്ചാൽ കേന്ദ്ര സർക്കാറിന് വേണമെങ്കിൽ ഇടപെടാം. 59 കട്ടാണ്  ചുരുളിയിൽ ബോർഡ് മുന്നോട്ട് വെച്ചതെന്നാണ് വിവരം.  ബോർ‍ഡ് നിർദ്ദേശിച്ച മാറ്റങ്ങൾക്ക് അണിയറക്കാർ തയ്യാറായതോടെയാണ് എ സർട്ടിഫിക്കറ്റ് നൽകിയത്. 

ഒടിടി റിലീസിന് പിന്നാലെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിക്കെതിരെ ഒരു വിഭാഗം ഉയർത്തിയത് വലിയ പ്രതിഷേധമായിരുന്നു. സഭ്യേതര ഭാഷയാണ് സിനിമയിലുടനീളം എന്നായിരുന്നു എതിർക്കുന്നവരുടെ പരാതി. ഒടിടി പ്ലാറ്റ് ഫോമിൽ നിന്നും സിനിമ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശി നൽകിയ ഹർജിയിലാണ് സിനിമ പരിശോധിക്കാൻ ഹൈക്കോടതി ഡിജിപിക്ക് നിർദ്ദേശം നൽകിയത്. ഇതേ തുടർന്ന് ഡിജിപി മൂന്ന് അംഗ സംഘത്തെ നിയോഗിക്കുക ആയിരുന്നു. 

സെൻസർ ചെയ്യാത്ത പതിപ്പാണ് ഒടിടിയില്‍ പ്രദർശിപ്പിക്കുന്നതെന്ന് നേരത്തെ സെൻസർ ബോർഡ് വ്യക്തമാക്കിയിരുന്നു. നിലവിലെ നിയമപ്രകാരം ഒടിടി റിലീസിന് സെൻസർ സർട്ടിഫിക്കറ്റ് ബാധകമല്ല. തിയേറ്റർ റിലീസിന് അണിയറക്കാ‌ർ ശ്രമിക്കുന്നുമില്ല. അത് കൊണ്ട് തന്നെ പൊലീസ് റിപ്പോർട്ടും കോടതിയുടെ തുടർ നടപടികളും ഏറെ ശ്രദ്ധേയമാണ്. 

Follow Us:
Download App:
  • android
  • ios