കൊച്ചി: ജീത്തു ജോസഫിന്‍റെ ആദിയിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ പ്രണവ് മോഹന്‍ലാലിന്‍റെ രണ്ടാം ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാകുന്നു. ചിത്രത്തിന്‍റെ ആദ്യ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. യുവനടന്‍ ടൊവീനോ തോമസാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തുവിട്ടത്. മാസ് ലുക്കിലുള്ള പ്രണവിന്‍റെ പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

രാമലിലയുടെ സംവിധായകന്‍ അരുണ്‍ഗോപി ഒരുക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് പ്രണവിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ട്രെയിനിൽ തൂങ്ങി കിടന്നുള്ള പ്രണവിന്‍റെ ആക്ഷന്‍ രംഗങ്ങളുടെ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് പുറമെ ചിത്രത്തില്‍ അതിസാഹസിക സര്‍ഫിംഗും യുവനടന്‍റെ വക ഉണ്ടാകും.

ആഴക്കടലില്‍ ഊളിയിട്ട് പോകാന്‍ ശേഷിയുള്ള മികച്ച ഒരു സര്‍ഫറിന്‍റെ വേഷത്തിലാണ് പ്രണവ് ചിത്രത്തിലെത്തുന്നതെന്നാണ് വ്യക്തമാകുന്നത്. ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ പോയി ഒരു മാസത്തിലധികം സര്‍ഫിംഗ് പഠിച്ച ശേഷമാണ് പ്രണവ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയിരിക്കുന്നത്.

പുലിമുരുകനിലെ സംഘട്ടനരംഗങ്ങളൊരുക്കിയ പീറ്റർ ഹെയ്‌നാണ് പ്രണവ് ചിത്രത്തിനായും ആക്‌ഷൻ ഒരുക്കുന്നത്. പുലിമുരുഗനും രാമലീലയ്ക്കും ശേഷം മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന് തീയറ്ററുകളിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല.