മുംബൈ: ഉത്തര്‍പ്രദേശിലെ ബാല്‍റാംപൂരില്‍ ദളിത് യുവതി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. അപമാനത്താല്‍ തലകുനിച്ചു പോകുകയാണെന്ന് പ്രിയങ്ക കുറിച്ചു. 

“ഭയപ്പെടുത്തുന്ന സംഭവമാണ് ബല്‍റാംപൂരില്‍ നിന്ന് പുറത്തുവന്നത്. ഈ മുറിവുകളും പേറി ജീവിക്കുന്ന ഒരു കുടുംബമുണ്ട്. ഭയപ്പെടുത്തുന്ന ഓര്‍മ്മകളുമായി ജീവിതകാലം മുഴുവന്‍ അവര്‍ കഴിയണം. ഓരോ സ്ത്രീകളും ഈ വേദനയും അപമാനവും പേറിയാണ് ജീവിക്കുന്നത്. അപമാനത്താല്‍ തലകുനിച്ചുപോകുകയാണ്“ പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Read Also: പീഡന പരാമര്‍ശമില്ല; ബല്‍റാംപൂരില്‍ ദളിത് യുവതി മരിച്ചത് രക്തസ്രാവത്തെ തുടര്‍ന്നെന്ന് പോസ്റ്റ്‍മോര്‍ട്ടം

യുപിയിലെ ഹാഥ്റസിൽ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി മരിച്ചതിനു പിന്നാലെയാണ് ബല്‍റാംപൂരിൽ ഇരുപത്തി രണ്ടുകാരി പീഡനത്തിന് ഇരയായത്. 3 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.