Asianet News MalayalamAsianet News Malayalam

ഒടുവിൽ എംടിയും ശ്രീകുമാർമേനോനും ഒത്തുതീർപ്പിലെത്തി; രണ്ടാമൂഴം ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യില്ല

കഥയ്ക്കും തിരക്കഥയ്ക്കും പൂർണ അവകാശം എം ടിക്കായിരിക്കും. ശ്രീകുമാ‍ർ മേനോൻ രണ്ടാമൂഴം ആസ്പദമാക്കി സിനിമ ചെയ്യാൻ പാടില്ല. എന്നാൽ മഹാഭാരതത്തെക്കുറിച്ച് സിനിമ ചെയ്യാം ഭീമൻ കേന്ദ്ര കഥാപാത്രം ആകാൻ പാടില്ലെന്ന് മാത്രം.

randamoozham novel cinema mt vasudevan nair and sreekumar menon finally agree upon terms and ends case
Author
Delhi, First Published Sep 18, 2020, 12:33 PM IST

​ദില്ലി: രണ്ടാമൂഴം നോവൽ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഒത്തു തീർപ്പായി. എം ടി വാസുദേവൻ നായരും സംവിധാകയൻ ശ്രീകുമാർ മേനോനും തമ്മിൽ ധാരണയായി. എം ടിക്ക് ശ്രീകുമാ‍ർ മേനോൻ തിരക്കഥ തിരിച്ചു നൽകും. ശ്രീകുമാ‍‍ർ മേനോന് എം ടി അഡ്വാൻസ് തുക 1.25 കോടി മടക്കി നൽകും. ഇതോടെ ജില്ലാ കോടതിയിലും സുപ്രീം കോടതിയിലും ഉള്ള കേസുകൾ ഇരു കൂട്ടരും പിൻവലിക്കും.

കഥയ്ക്കും തിരക്കഥയ്ക്കും പൂർണ അവകാശം എം ടിക്കായിരിക്കും. ശ്രീകുമാ‍ർ മേനോൻ രണ്ടാമൂഴം ആസ്പദമാക്കി സിനിമ ചെയ്യാൻ പാടില്ല. എന്നാൽ മഹാഭാരതത്തെക്കുറിച്ച് സിനിമ ചെയ്യാം ഭീമൻ കേന്ദ്ര കഥാപാത്രം ആകാൻ പാടില്ലെന്ന് മാത്രം. തീങ്കളാഴ്ച കേസ് സുപ്രീം കോടതി പരി​ഗണിക്കാനിരിക്കെയാണ് ഒത്തു തീ‍‌ർപ്പ്. കേസ് ഒത്തു തീ‌‍ർപ്പായ വിവരം ഇരു കൂട്ടരും സുപ്രീം കോടതിയെ അറിയിക്കും.

എം ടി യോട് എന്നും ബഹുമാനമാണെന്നും അദ്ദേഹത്തിന് ആശ്വാസം നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ശ്രീകുമാർ മേനോൻ പ്രതികരിച്ചു. കൂടുതൽ പ്രതികരണം കോടതി നടപടിക്ക് ശേഷം നടത്താമെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.

ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് തിങ്കളാഴ്ച കേസ് പരിഗണിക്കാനിരുന്നത്. 2014ലായിരുന്നും എം ടിയും ശ്രീകുമാ‍ർ മേനോനും രണ്ടാമൂഴം സിനിമയാക്കാൻ കരാറിലൊപ്പിട്ടത്. കരാർ ലംഘനമുണ്ടായതിനെ തുടർന്നാണ് ഇരുവരും ചേർന്നുള്ള സിനിമ ഉപേക്ഷിച്ചത്. മൂന്നു വർഷത്തിനുള്ളിൽ സിനിമ പൂർത്തിയാക്കുമെന്നായിരുന്നു കരാറെങ്കിലും കാലാവധി കഴിഞ്ഞിട്ടും സിനിമ യാഥാർത്ഥ്യമായില്ല. ഇതേ തുടർന്ന്  ശ്രീകുമാർ മേനോൻ രണ്ടാമൂഴം സിനിമയാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എം ടി കോടതിയെ സമീപിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios