സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് സന്ദേശം എന്ന ആക്ഷേപ രാഷ്ട്രീയ ഹാസ്യചിത്രം നല്‍കിയിട്ട് 25 വര്‍ഷം തികയുകയാണ്. വര്‍ഷം 25 കഴിഞ്ഞെങ്കിലും സിനിമയിലെ സംഭാഷണങ്ങളും മറ്റും കേരള പശ്ചാത്തലത്തില്‍ ഇപ്പോഴും പ്രസക്‍തമാണ്.  കേരളം മറ്റൊരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന കാലത്ത്, ഇടതു-വലതു രാഷ്ട്ട്രീയത്തിന്റെ അവസരവാദയുക്തികളെ കണക്കറ്റ് വിമര്‍ശിക്കുന്ന ഈ സിനിമ മുന്നോട്ടുവച്ചതെല്ലാം പലരൂപത്തില്‍  കേരളത്തില്‍ പലവേഷങ്ങളില്‍ വട്ടം ചുറ്റുന്നുണ്ട്. അതുകൊണ്ടാണ് സിനിമയിലൂടെ പ്രശസ്തമായ  സംഭാഷണ ശകലങ്ങള്‍  ട്രോളുകളായും മറ്റു രൂപങ്ങളിലും നിലനില്‍ക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പുവിജയത്തിനുശേഷം INSP  ലോക്കല്‍ നേതാവ് പൊതുവാള്‍ വോട്ടര്‍മാരോട് നന്ദി പ്രസംഗം സിനിമയില്‍ എക്കാലത്തും ചിരി പടര്‍ത്തുന്ന രംഗമാണ്. ശ്രീനിവാസന്‍ എഴുതിയ തിരക്കഥയില്‍ നിന്നു പൊതുവാളിന്റെ പ്രസംഗം വായിക്കാം.

സീന്‍ 11
ഗ്രാമത്തിലെ നാല്‍ക്കവല. അങ്ങിങ്ങായി കുറച്ചു പീടികമുറികള്‍. കവലയുടെ മദ്ധ്യത്തിലായി ആല്‍ത്തറയ്ക്കു ചുറ്റുമായി ചെറിയൊരു ആള്‍ക്കൂട്ടം. INSP യുടെ കൃതജ്ഞതാ യോഗമാണ്. സമ്മേളനത്തോട് അനുബന്ധിച്ച് കവല നിറയെ അലങ്കരിച്ച കൊടിതോരണങ്ങള്‍. അങ്ങിങ്ങായി INSP യുടെ ത്രിവര്‍ണ പതാകകള്‍.

Mid Way Opening
ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിവെച്ച കോളാമ്പിമൈക്കില്‍ നിന്നു തുടക്കം. മൈക്കില്‍ കൂടി പുറത്തേക്കു വരുന്ന, INSP ലോക്കല്‍ നേതാവ് പൊതുവാളിന്റെ പ്രസംഗം.

ശബ്‍ദം : പ്രിയപ്പെട്ട സുഹൃത്തുക്കളേ, കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി ഇവിടെ ഒരു ഭരണകൂടമുണ്ടായിരുന്നോ? ഇവിടെ ഒരു സര്‍ക്കാരുണ്ടായിരുന്നോ? ഇവിടൊരു മുഖ്യമന്ത്രിയുണ്ടായിരുന്നോ, എന്നു ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.

ക്യാമറ പിന്‍വാങ്ങുന്പോള്‍ സമ്മേളനത്തിന്റെ വിദൂരദൃശ്യം കൂടുതല്‍ വ്യക്തമാണ്. വേദിയില്‍ പൊതുവാളിനെ കാണാം. ഗാന്ധിതൊപ്പി. തനിരാഷ്ട്രീയ നാട്യങ്ങളുള്ള ഭാവവാഹാദികള്‍. വേദിയില്‍ തിക്കിത്തിരക്കി നില്ക്കുന്ന ഖദര്‍ധാരികള്‍.


പൊതുവാള്‍ തുടരുന്നു : ഇല്ലായിരുന്നു സുഹൃത്തുക്കളേ... ഇല്ലായിരുന്നു. ഉണ്ടായിരുന്നത് R.D.P എന്നൊരു പാര്‍ട്ടി മാത്രമായിരുന്നു. അവരുടെ അഴിഞ്ഞാട്ടമായിരുന്നു. റവലൂഷനറി ഡമോക്രാറ്റിക് പാര്‍ട്ടിയാണത്രെ... എന്ത് റവലൂഷനറി, എന്ത് ഡെമോക്രസി എന്നാണു ഞാന്‍ ചോദിക്കുന്നത്.


നിറഞ്ഞ കൈയടി. ഇപ്പോള്‍ വേദിയിലുള്ളവരെ കുറച്ചുകൂടി അടുത്തുകാണാം. അലക്കിത്തേച്ച ഇസ്തിരി ചുളിയാത്ത ഖദര്‍ധാരികളുടെ കൂട്ടത്തില്‍ മുന്‍നിരയിലായി പ്രകാശനും. അയാളുടെ മുഖത്ത് നേതാവാണെന്ന നാട്യവും ഗമയുമൊക്കെയുണ്ട്.

പൊതുവാള്‍ : അതിനുള്ള ശിക്ഷ നിങ്ങളവര്‍ക്ക് നല്‍കിക്കഴിഞ്ഞു. ഇന്ത്യന്‍ നാഷണല്‍ സെക്കുലര്‍ പാര്‍ട്ടി നിങ്ങളുടെ പാര്‍ട്ടിയാണ്. ജനങ്ങളുടെ ആശയാഭിലാഷങ്ങളുടെ പാര്‍ട്ടിയാണ്. പിന്നെ, ഞങ്ങളുടെ കൂടെ വര്‍ഗീയപാര്‍ട്ടികളുണ്ടെന്ന് R.D.P ക്കാര്‍ ആരോപിക്കുന്നുണ്ട്. അത് തെറ്റാണ് സുഹൃത്തുക്കളേ. പിന്നെ വര്‍ഗീയ പാര്‍ട്ടി ഇല്ലെന്നു പറഞ്ഞൂടാ. ഞങ്ങളുടെ കൂടെ ചേര്‍ന്നശേഷം അവരില്‍ യാതൊരു വര്‍ഗ്ഗീയതയും ഞാന്‍ കണ്ടിട്ടില്ല. അല്പസ്വല്പം കോഴിബിരിയാണി കഴിക്കുന്നത് വര്‍ഗീയതയാണോ എന്ന് ഞാന്‍ വെല്ലുവിളിക്കുകയാണ്.


പൊതുവാളിന്റെ കവലപ്രസംഗം അനന്തമായി നീളുന്നതിനിടെ പ്രകാശന്‍ അസ്വസ്ഥനാവാന്‍ തുടങ്ങുന്നു. അയാള്‍ ഇടയ്ക്കിടെ വാച്ചുനോക്കുന്നുണ്ട്. അയാള്‍ക്കു സംസാരിക്കാനുള്ള അവസരം നഷ്ടമാകുമോ എന്ന ആശങ്കയിലാണ് പ്രകാശന്‍.

പൊതുവാള്‍ കത്തിക്കയറുകയാണ് : പക്ഷേ, R.D.P യുടെ കൂടെയുള്ളതു മുഴുവന്‍ വര്‍ഗീയപാര്‍ട്ടികളാണെന്ന് ഞാന്‍ നിങ്ങളെ അറിയിക്കുകയാണ്, അഭ്യര്‍ത്ഥിക്കുകയാണ്, അപേക്ഷിക്കുകയാണ്.


അക്ഷമനായി പ്രകാശന്‍. അയാള്‍ അടുത്തുള്ള ജയിംസിനോട് അടക്കത്തില്‍ എന്തോ പറയുന്നു. തന്റെ ഊഴത്തെക്കുറിച്ചുള്ള സൂചനയാവാം. പൊതുവാളിന്റെ പ്രസംഗത്തിനിടയില്‍ നമുക്കത് കേള്‍ക്കാനാവില്ല. എന്തോ മറുപടി പറഞ്ഞ് പ്രകാശനെ നിരുത്സാഹപ്പെടുത്തുന്ന ജയിംസ്. അയാള്‍ പൊതുവാളിന്റെ വാചകക്കസര്‍ത്തില്‍ സ്വയംമറന്നു ലയിച്ചു നില്ക്കുകയാണ്. പ്രകാശന്റെ മുഖത്ത് പുറത്തു കാട്ടാനാവാത്ത നിരാശയും അതൃപ്തിയും.


പൊതുവാളിന്റെ പ്രസംഗം : അതുപോലെ ഞങ്ങള്‍ അഴിമതിക്കാരാണെന്ന് പറയുന്നുണ്ട്. അല്ല സുഹൃത്തുക്കളേ അല്ല. വാസ്തവത്തില്‍ അഴിമതി എന്താണെന്നു കൂടി ഞങ്ങള്‍ക്കറിഞ്ഞുകൂടാ. തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് ഇവിടുത്തെ നല്ലവരായ മുതലാളിമാരില്‍നിന്ന് ധാരാളം പണം ഞങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. അത് സ്‌നേഹം കൊണ്ട് മാത്രമാണ്. ആ പാവപ്പെട്ട മുതലാളിമാരെ ചീത്ത വിളിക്കുന്ന കേട്ടിട്ട് പലപ്പോഴും എനിക്കു കരച്ചില്‍ വന്നിട്ടുണ്ട്. പാവം മുതലാളിമാര്‍.

സമ്മേളനസ്ഥലത്തോട് തൊട്ടു ചേര്‍ന്ന് ഒരു കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ R.D.P യുടെ പാര്‍ട്ടി ഓഫീസ്. പൊതുവാളിന്റെ പ്രസംഗം ശ്രദ്ധിച്ച് ഓഫീസിനുള്ളില്‍നിന്നും പുറംവരാന്തയിലേക്കു വരുന്ന പ്രഭാകരന്‍. രാഘവന്‍ നായരുടെ മൂത്ത മകന്‍. ഓഫീസ് വരാന്ത നീളെ ചെങ്കൊടികളും തോരണങ്ങളും. ചുവന്ന ബോര്‍ഡില്‍ പാര്‍ട്ടി ചിഹ്നമായ ചുരുട്ടിയ മുഷ്ടിയുടെ ചിത്രത്തിനൊപ്പം 'R.D.P ലോക്കല്‍ കമ്മിറ്റി ഓഫീസ്' എന്നെഴുതിക്കാണാം.
പ്രസംഗവേദിയില്‍നിന്നും പ്രകാശന്റെ കാഴ്ചയില്‍ ബീഡി പുകച്ചു നില്ക്കുന്ന പ്രഭാകരന്‍. നിരാശയും ജാള്യതയും കലര്‍ന്ന ഭാവം.
പ്രകാശന്റെ മങ്ങിയ മുഖം തെളിഞ്ഞു. മറ്റെന്തിനാക്കാളുമുപരി, ചേട്ടന്റെ പരാജയമാണ് അയാളെ ഉന്മത്തനാക്കുന്നത്. പ്രകാശന്റെ ചുണ്ടില്‍ ഗൂഢമായ ഒരു ചിരി വിടര്‍ന്നു.പ്രഭാകരന്‍ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലാക്കി

 പൊതുവാള്‍ ആവേശത്തോടെ: (R.D.P യെ ഉദ്ദേശിച്ച്) എല്ലാറ്റിനുമുള്ള ശിക്ഷ അവര്‍ക്കു കിട്ടിക്കഴിഞ്ഞു. ഈ മാനങ്കര മണ്ഡലത്തില്‍ R.D.P കോമാളികളൊരു പ്രഖ്യാപനം നടത്തിയിരുന്നു. സുഹൃത്തുക്കളേ. ഈ തെരഞ്ഞെടുപ്പില്‍ INSP വിജയിക്കുകയാണെങ്കില്‍ അവര്‍ അവരുടെ പാതിമീശയെടുത്ത് ഈ കവലയിലൂടെ നടക്കുമെന്ന്. ഞാനവരെ ക്ഷണിക്കുകയാണ്. നാണവും മാനവും ഉളുപ്പും അല്‍പ്പമെങ്കിലം തീണ്ടിയിട്ടുണ്ടെങ്കില്‍ വാക്കിനു വിലയുണ്ടെങ്കില്‍, ഇങ്ങോട്ടു വരൂ. മീശയെടുക്കൂ... എടുക്കെടാ മീശ... എന്ന് ഞാനാജ്ഞാപിക്കുകയാണ്. അഭ്യര്‍ത്ഥിക്കുകയാണ്, അപേക്ഷിക്കുകയാണ്...


ഓരോ വാക്കും പ്രഭാകരന് ഓരോ പ്രഹരമാണ്. ആ പ്രസംഗത്തേക്കാള്‍ തന്നെ ഒളിക്കണ്ണിട്ടുനോക്കുന്ന പ്രകാശന്റെ മുഖത്തെ കൊല്ലുന്ന ചിരിയാണ് അയാളെ തളര്‍ത്തിക്കളയുന്നത്. സഹിക്കാനാവാതെ, പുകച്ചുകൊണ്ടിരുന്ന ബീഡി വലിച്ചെറിഞ്ഞ് പ്രഭാകരന്‍ അകത്തേക്കു കയറിയപ്പോള്‍ പൊതുവാളിന്റെ വാക്കുകള്‍ക്ക് പ്രതികരണമെന്നോണം ആരവവും കൈയടികളും.

ബുക്ക് വാങ്ങിക്കാന്‍ ക്ലിക്ക് ചെയ്യുക
ചിന്താവിഷ്ടയായ ശ്യാമളയും മറ്റു തിരക്കഥകളും
ശ്രീനിവാസന്‍
വില 265
പ്രസാധനം ഡി സി ബുക്‌സ്‌