തിരുവനന്തപുരം: മമ്മൂട്ടി നായകനാവുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ നിന്ന് യുവനടന്‍ ധ്രുവനെ ഒഴിവാക്കിയതില്‍ പരിഹാസവുമായി നടന്‍ ഷമ്മി തിലകന്‍. അമ്മയുടെ പെന്‍ഷന്‍ നേടാന്‍ യുവതാരം യോഗ്യത നേടിയെന്നാണ് ഷമ്മി തിലകന്റെ പരിഹാസം. നടന്‍ തിലകന് അവസരങ്ങള്‍ നിഷേധിച്ച അമ്മ നേതൃത്വത്തെ പരോക്ഷമായി പരിഹസിക്കുന്നതാണ് ഷമ്മി തിലകന്റെ കുറിപ്പ്. 

സ്തുത്യർഹമായ പ്രവർത്തനങ്ങളെ മാനിച്ച് മാസം തോറുമുള്ള അയ്യായിരം രൂപ കൈനീട്ടം നേടാന്‍ ധ്രുവന്‍ തുടക്കത്തില്‍ തന്നെ യോഗ്യത നേടിയെന്നാണ് ഷമ്മി തിലകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദമാക്കുന്നത്. ഇത് പറയുന്നത് അനുഭവം ഗുരുസ്ഥാനത്ത് ഉള്ളതു കൊണ്ടാണെന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ത്തു. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് നേരെയാണ് ഷമ്മി തിലകന്റ പരിഹാസം.  

കുറഞ്ഞ സമയം കൊണ്ട് തന്നെ ഷമ്മി തിലകന്റെ കുറിപ്പ് ഫേസ്ബുക്കില്‍ വൈറലായി. ഷമ്മി തിലകന് സിനിമകളില്‍ അവസരം നിഷേധിക്കപ്പെടുന്നതിന് കാരണം തന്റെ പേരില്‍ തിലകന്‍ എന്നുള്ളത് കൊണ്ടാണെന്നും കുറിപ്പിന് ലഭിച്ച പ്രതികരണങ്ങളില്‍ മറുപടിയായി ഷമ്മി വിശദമാക്കുന്നുണ്ട്.

ക്വീന്‍ എന്ന ചിത്രത്തിലെ അഭിനയ മികവ് കൊണ്ട് ഏറെ ശ്രദ്ധ നേടിയ ധ്രുവന്‍ മമ്മൂട്ടിയോടൊപ്പം മാമാങ്കത്തില്‍ അഭിനയിക്കുന്നു എന്നായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍ അപ്രതീക്ഷിതമായാണ് ധ്രുവന്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ധ്രുവന് പകരം ഉണ്ണി മുകുന്ദനാണ് ആ വേഷം ചെയ്യുന്നതെന്ന വാര്‍ത്തകള്‍ വന്നതോടെയാണ് മാമാങ്കത്തില്‍ നിന്ന് യുവതാരം പുറത്താക്കപ്പെട്ട വാര്‍ത്ത പുറത്താവുന്നത്. 

ക്വീനിന്റെ വിജയത്തിന് ശേഷം മറ്റ് സിനിമകള്‍ ഒന്നും ചെയ്യാതെ മാമാങ്കത്തിലെ വേഷത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു യുവതാരം ധ്രുവന്‍.  എന്നാല്‍ ചിത്രത്തില്‍ നിന്ന് ഒരു മുന്നറിയിപ്പുമില്ലാതെയാണ് ധ്രുവനെ പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിനായി കളരി പഠിക്കുകയും, ബോഡി മേക്ക് ഓവര്‍ നടത്തുകയും ചെയ്ത്  ധ്രുവന്‍ ഏറെ പ്രശംസ ചിത്രത്തിന് മുന്‍പ് തന്നെ കരസ്ഥമാക്കിയിരുന്നു. എന്നാല്‍ ധ്രുവനെ ഒഴിവാക്കിയതിന് അറിയില്ലെന്ന് സംവിധായകന്‍ നേരത്തെ പ്രതികരിച്ചിരുന്നു.


ഷമ്മി തിലകന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അഭിനയിച്ച സിനിമയിൽ നിന്നും പുറത്താക്കപ്പെട്ട സ്ഥിതിക്ക് ; "സ്തുത്യർഹമായ പ്രവർത്തനങ്ങളെ മാനിച്ച്" മാസം തോറും 5000 രൂപ കൈനീട്ടം (പെൻഷൻ) കിട്ടാനുള്ള യോഗ്യത #ധ്രുവൻ എന്ന #പുതുമുഖനടൻ തുടക്കത്തിൽ തന്നെ നേടിയതായി കരുതേണ്ടതാണ് എന്ന് അനുഭവം ഗുരു സ്ഥാനത്തുള്ളതിനാൽ ഞാൻ സാക്ഷ്യപ്പെടുത്തുന്നു.

#ഇവിടിങ്ങനാണ്_ഭായ്...