Asianet News MalayalamAsianet News Malayalam

വിലക്ക് ഒത്തുതീർപ്പിലേക്ക്: നിർമ്മാതാക്കൾക്ക് നഷ്ടപരിഹാരം നൽകാമെന്ന് ഷെയ്ൻ നി​ഗം

ഷൂട്ടിംഗ് തടസപ്പെട്ട വെയില്‍, കുര്‍ബാനി എന്നീ സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്കാവും ഷെയ്ന്‍ നിഗം നഷ്ടപരിഹാരം നല്‍കുക. രണ്ട് സിനിമകള്‍ക്കുമായി 32 ലക്ഷം രൂപ നല്‍കാം എന്നാണ് ഷെയ്ന്‍ അറിയിച്ചിരിക്കുന്നത്. 

Shane nigam expressed his willingness to Give compensation to producers of kurbani and veyil
Author
Kochi, First Published Mar 3, 2020, 9:50 PM IST

കൊച്ചി: യുവനടന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍മ്മാതാക്കള്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ വഴിയൊരുങ്ങുന്നു. അഭിനയിച്ച രണ്ട് സിനിമകളുടെ ഷൂട്ടിംഗ് മുടങ്ങിയതിന് നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സന്നദ്ധത ഷെയ്ന്‍ നിഗം അറിയിച്ചു. ഇന്ന് കൊച്ചിയില്‍ നടന്ന താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിലേക്ക് ഷെയ്ന്‍ നിഗത്തെ വിളിച്ചു വരുത്തിയിരുന്നു. 

തുടര്‍ന്ന് അമ്മ അധ്യക്ഷന്‍ മോഹന്‍ലാല്‍ അടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സന്നദ്ധത ഷെയ്ന്‍ നിഗം അറിയിച്ചത്. ഷൂട്ടിംഗ് തടസപ്പെട്ട വെയില്‍, കുര്‍ബാനി എന്നീ സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്കാവും ഷെയ്ന്‍ നിഗം നഷ്ടപരിഹാരം നല്‍കുക. രണ്ട് സിനിമകള്‍ക്കുമായി 32 ലക്ഷം രൂപ നല്‍കാം എന്നാണ് ഷെയ്ന്‍ അറിയിച്ചിരിക്കുന്നത്. 

ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ പ്രശ്നം നല്ല രീതിയില്‍ അവസാനിക്കുമെന്ന് അമ്മ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം മോഹന്‍ലാല്‍ പറഞ്ഞു. വിഷയത്തില്‍ നാളെ തീരുമാനം ഉണ്ടാകുമെന്ന് അമ്മ സംഘടന ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. നിർമാതാക്കളുടെ സംഘടനയുമായി നാളെ തന്നെ ചര്‍ച്ച നടത്തുമെന്നും പ്രശ്നം പരിഹരിക്കുമെന്നും ഇടവേള ബാബു വ്യക്തമാക്കി. സംഘടനകളുടെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് ഷെയ്ന്‍ നിഗവും വ്യക്തമാക്കി.

അമ്മ യോഗത്തിനിടെ ഭാരവാഹികള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നേതൃത്വവുമായി ഫോണില്‍ സംസാരിച്ചു. അമ്മ എക്സിക്യൂട്ടീവ് യോഗം പുരോഗമിക്കുന്നതിനിടെയായിരുന്നു നിര്‍മ്മാതാക്കളുമായി ഫോണിലൂടെയുള്ള ചര്‍ച്ച. ഷെയ്ന്‍ നിഗം 32 ലക്ഷം നഷ്‍ടപരിഹാരമായി നല്‍കുമെന്ന് അമ്മ നേതൃത്വം നിര്‍മ്മാതാക്കളുടെ സംഘടനയെ അറിയിച്ചു. നഷ്ടപരിഹാരം കൈപ്പറ്റി ഷെയ്നിന്‍റെ വിലക്ക് നീക്കാന്‍ തയ്യാറാണെന്ന് നിര്‍മ്മാതാക്കള്‍ അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി. ഈ ധാരണയോട് ഷെയ്ന്‍ നിഗവും യോജിച്ചതോടെയാണ് നാല് മാസത്തോളം നീണ്ട പ്രതിസന്ധിക്ക് പരിഹാരമായത്. ഷെയ്ന്‍ നിഗത്തിന്‍റെ വിലക്ക് പിന്‍വലിച്ചു കൊണ്ടുള്ള പ്രഖ്യാപനം ബുധനാഴ്ചയുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. 

Follow Us:
Download App:
  • android
  • ios