Asianet News MalayalamAsianet News Malayalam

നാല് നടിമാര്‍ വിചാരിച്ചാല്‍ മോഹന്‍ലാലിനേയോ ദിലീപിനേയോ തകര്‍ക്കാനാവില്ലെന്ന് അമ്മ

ദിലീപ് തന്‍റെ അവസരം മുടക്കിയെന്ന് നടിക്ക് പരാതിയുണ്ടെങ്കില്‍ അക്കാര്യം അവര്‍ തുറന്നു പറയണം. ഇതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമായി തുടരുകയാണ്. ഏത് സംവിധായകനോടാണ് ഏത് നിര്‍മ്മാതാവിനോടാണ് നടിയെ അഭിനയിപ്പിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കണം. 

Siddique kpac lalitha press meet
Author
കൊച്ചി, First Published Oct 15, 2018, 2:43 PM IST


കൊച്ചി: ഡെബ്ള്യൂ.സി.സി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കി അമ്മ. അമ്മ എക്സിക്യൂട്ടീവ് അംഗവും സെക്രട്ടറിയുമായ സിദ്ധിഖും ലളിത കലാ അക്കാദമി ചെയര്‍പേഴ്സണും ആയ കെപിഎസി ലളിതയും ചേര്‍ന്നാണ് വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്ത് നടിമാര്‍ക്ക് മറുപടി നല്‍കിയത്. 

വാര്‍ത്താസമ്മേളനത്തില്‍ സിദ്ധിഖും കെപിഎസി ലളിതയും പറഞ്ഞ കാര്യങ്ങള്‍...

മോഹന്‍ലാല്‍ നടിമാരെന്ന് വിളിച്ചെന്ന് വിമര്‍ശിക്കുന്നതായി കണ്ടു. അതിലെന്താണ് തെറ്റ് ഇത്തരം ആരോപണങ്ങള്‍ ബാലിശമാണ്. കഴിഞ്ഞ പത്താം തിയതി ദിലീപ് രാജി കത്ത് എഴുതി നൽകിയിട്ടുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നാണ് രാജി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനിക്കേണ്ടത്.  പുറത്ത് പോയ നാല് നടിമാരേക്കാൾ നാനൂറ് പേരടങ്ങുന്ന സംഘടനയാണ് അമ്മ. സംഘടനയിലെ ഭൂരിപക്ഷവും അത്ര സാന്പത്തിക സുരക്ഷിതത്വം ഇല്ലാതവരാണ്. അവരെ സഹായിക്കാനാണ് അവരുടെ ആവശ്യങ്ങള്‍ക്ക് പ്രധാന്യം നല്‍കിയാണ് അമ്മ പ്രവര്‍ത്തിക്കുന്നത്. അതല്ലാതെ അഭിനയിച്ചു കൊണ്ടിരിക്കുന്നവരുടെ അവസരം കളയുന്നതല്ല ഞങ്ങളുടെ ജോലി. 26 വര്‍ഷം മുന്‍പ് ഒരു പെണ്‍കുട്ടി ഓടികയറിവന്നു ഞാനവളെ രക്ഷിച്ചു എന്നൊക്കെ വാര്‍ത്താസമ്മേളനത്തില്‍ പറയുന്ന കേട്ടു. അതേത് സിനിമയുടെ സെറ്റില്‍ വച്ചാണ് അത് സംഭവിച്ചത് എന്ന് പറയണം. ആരായിരുന്നു സംവിധായകന്‍ ആരായിരുന്നു നിര്‍മ്മാതാവ് അതു പറയണം. ഞങ്ങള്‍ അന്വേഷിക്കാം നടപടിയെടുക്കാം. കേസെടുക്കാന്‍ മുന്നില്‍ നില്‍ക്കാം.  

മോഹന്‍ലാലിനെതിരെ എന്തിനാണ് ഇവര്‍ ഇങ്ങനെ ആക്രമിക്കുന്നത്. മുഖ്യമന്ത്രി വിളിച്ചിട്ടാണ് മോഹന്‍ലാല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിന് പോയത്. അത് തടയാന്‍ ഇവര്‍ വ്യാജഒപ്പിട്ട് മെമ്മോറാണ്ടം തയ്യാറാക്കി അയച്ചു. എന്നിട്ട് എങ്ങനെയാണ് മോഹന്‍ലാലിനെ ജനങ്ങള്‍ സ്വീകരിച്ചതെന്ന് നമ്മള്‍ കണ്ടു. മമ്മൂട്ടി എന്ന നടനെതിരെ ആവശ്യമില്ലാതെ ആരോപണം ഉന്നയിച്ചതിന്‍റെ പേരില്‍ എത്രയോ പേരുടെ ചീത്തയാണ് ആ നടി കേട്ടത്. ആ തെറി പറയുന്നവരെ മമ്മൂട്ടി തടയണം എന്നാണ് അവര്‍ പറയുന്നത്. അതില്‍ നിന്നും പാഠം പഠിക്കുകയല്ലേ ചെയ്യേണ്ടത്.  ആ സംഘടനയുടെ സോഷ്യല്‍മീഡിയ പേജ് കൈകാര്യം ചെയ്യുന്ന സഹോദരി പറഞ്ഞത് തെറിവിളി കാരണം നില്‍ക്കാന്‍ വയ്യെന്നാണ്. ജനങ്ങളുടെ വെറുപ്പ് എത്രത്തോളമാണെന്ന് ഇനിയും തിരിച്ചറിയാന്‍ സാധിക്കാത്തതിന്‍റെ പ്രശ്നമാണ്. ഞാനൊരു പൊതുപരിപാടിയ്ക്ക് പോയാല്‍ ആളുകള്‍ കൂക്കി വിളിക്കുകയും തെറി വിളിക്കുകയും ചെയ്താല്‍ അതിനര്‍ത്ഥം ആ ജനങ്ങള്‍ക്ക് ഞാന്‍ സ്വീകാര്യനല്ലെന്ന് എനിക്ക് മനസ്സിലാവും. 

മോഹന്‍ലാലിനേയോ മമ്മൂട്ടിയേയോ ദിലീപിനേയോ ജനങ്ങളുടെ മനസ്സില്‍ നിന്നും പറിച്ചു കളയാന്‍ മൂന്നോ നാലോ നടിമാര്‍ വിചാരിച്ചാല്‍ നടക്കില്ല. ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരു നടി ക്രൂരമായ ആക്രമണത്തിന് ഇരയായി. തന്നെ അക്രമിച്ചവരെ അവള്‍ തിരിച്ചറിഞ്ഞു. അവരിപ്പോള്‍ ജയിലിലാണ് ആ കേസിലെ മുഖ്യപ്രതി അറസ്റ്റിലായി മൂന്ന് മാസം കഴിഞ്ഞ് വിളിച്ചു പറഞ്ഞ പേരാണ് ദിലീപിന്‍റേത്. അതിന്‍റെ പേരില്‍ ദിലീപിനെ റേപ്പിസ്റ്റ് എന്നാണ് ഒരു നടി വിളിച്ചത്. ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ് കുറ്റക്കാരന്‍ ആണെന്ന് കോടതി പറഞ്ഞിട്ടില്ല. ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്പോള്‍ മിനിമം മര്യാദ വേണം. 

സംഘടനയുടെ അംഗമായവര്‍ സംഘടനയേയും അധ്യക്ഷനേയും അപമാനിക്കുന്നത് അംഗീകരിക്കില്ല. ഇവര്‍ക്കെതിരെ സംഘടന കര്‍ശന നടപടിയെടുക്കും. രാജിവച്ചു പോയവര്‍ പുറത്തു പോയത് തന്നെയാണ് അവരെ ഇനി തിരിച്ചെടുക്കില്ല. അല്ലെങ്കില്‍ അവര്‍ അപേക്ഷിക്കണം. ഒരു വ്യക്തിയും സംഘടനേയാക്കള്‍ വലുതല്ല. നാല് പേരാക്കാള്‍ വലുതാണ് നാന്നൂറ് പേരുള്ള സംഘടന. പുറത്തു പോയവര്‍ പുറത്തു പോയവര്‍ തന്നെയാണ്. പരാതികളുണ്ടെങ്കില്‍ സംഘടനയില്‍ വരാം. അവിടെ വന്ന് പരാതി പറയാം. മോഹന്‍ലാല്‍ നടിയെന്ന് വിളിച്ച് ആക്ഷേപിച്ച നടി 24 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും അമ്മ ജനറല്‍ ബോഡി യോഗത്തിന് വന്നിട്ടില്ല. ഒരു കാര്യം പറഞ്ഞിട്ടില്ല. 

സിനിമയിൽ ആൺപെൺ വേർതിരിവ് ഇല്ല. അവസരങ്ങള്‍ വളരെ കുറഞ്ഞ വരുമാനം ഇല്ലാത്ത ഒരുപാട് പേര്‍ സംഘടനയിലുണ്ട്. ഇപ്പോള്‍ വാര്‍ത്താസമ്മേളനം വിളിച്ച് പ്രതിഷേധിക്കുന്നവര്‍ താരത്മ്യേന നല്ല അവസരവും വരുമാനവും ഉള്ളവരാണ്. എന്നാല്‍ സിനിമയില്‍ ഭൂരിപക്ഷം പേരും ഇങ്ങനെ അവസരങ്ങള്‍ ഇല്ലാത്തവരാണ്. അവരെ സംരക്ഷിക്കുകയാണ് അമ്മയുടെ പ്രധാനദൗത്യം. നടിമാരുടെ പ്രസ്താവനയില്‍ വേദനിച്ച ഒരുപാട് അംഗങ്ങള്‍ അതിനു മറുപടി പറയാന്‍ ഒരുന്പെട്ട് ഇറങ്ങിയപ്പോള്‍ അതിനെ തടയുകയാണ് ഞങ്ങള്‍ ചെയ്തതത്. 

വെറുതെ അനാവശ്യമായി ഉണ്ടാക്കിയ പ്രശ്നങ്ങളാണ് ഇതൊക്കെ. അമ്മയുടെ കെട്ടുറപ്പിനെ ഇതൊന്നും ബാധിക്കില്ല.  ജനറല്‍ ബോഡി ഉടനെ വിളിച്ചു ചേര്‍ക്കില്ല. ജൂണ്‍ അവസാനം മാത്രമേ അമ്മയുടെ ജനറല്‍ ബോഡി ഇനി ചേരുകയുള്ളൂ. അടിയന്തരമായി ജനറല്‍ ബോഡി ചേരണമെങ്കില്‍ മൂന്നില്‍ ഒന്ന് അംഗങ്ങളും ആ കാര്യം ആവശ്യപ്പെടണം. ദിലീപ് തന്‍റെ അവസരം മുടക്കിയെന്ന് നടിക്ക് പരാതിയുണ്ടെങ്കില്‍ അക്കാര്യം അവര്‍ തുറന്നു പറയണം. ഏത് സംവിധായകനോടാണ് ഏത് നിര്‍മ്മാതാവിനോടാണ് നടിയെ അഭിനയിപ്പിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കണം. അവസരം മുടക്കി എന്നൊക്കെയുള്ള ആരോപണങ്ങള്‍ മാത്രമാണ് എല്ലാവരും പറയുന്നത് ഇതില്‍ വ്യക്തത വേണം. ക്യത്യമായി കാര്യങ്ങള്‍ പറയട്ടെ ഞങ്ങള്‍ പ്രതികരിക്കും നടപടിയെടുക്കും. 

25 വര്‍ഷമായി അമ്മ സംഘടന നിലവില്‍ വന്നിട്ട്. പല ജനറല്‍ ബോഡികളിലും തിരഞ്ഞെടപ്പില്‍ മത്സരിക്കാന്‍ പോലും ആളെ കിട്ടാറില്ല. അധികാരത്തിന് വേണ്ടിയൊരു പിടിവലിയോ ബഹളങ്ങളോ ഒന്നും ഇവിടെ ഉണ്ടായിട്ടില്ല. വിമര്‍ശനത്തിനും അഭിപ്രായം പറയാനുമെല്ലാം അതിനകത്ത് അവസരമുണ്ട്. സ്നേഹത്തോടെയും ഐക്യത്തോടെയും മുന്നോട്ട് പോകുന്ന സംഘടനയാണ് അമ്മ. നാല് പേര്‍ പുറത്തു പോയാലും അവിടെ നാന്നൂറ് പേര്‍ അകത്തുണ്ട്. മോഹന്‍ലാലൊക്കെ ആരാണെന്ന് ഇവിടുത്തെ ജനങ്ങള്‍ക്കറിയാം. ഓര്‍മവച്ചകാലം മുതല്‍ മോഹന്‍ലാലിനെ കണ്ടു വളര്‍ന്നവരാണ് ഇവിടെയുള്ള യുവാക്കള്‍. എല്ലാവര്‍ക്കും മോഹന്‍ലാലും മമ്മൂട്ടിയുമായി മാറില്ല. ഇവരൊന്നും വിചാരിച്ചാല്‍ ലാലിനെ തൊടാനാവില്ല. 

ദിലീപിന്‍റെ രാജിയെക്കുറിച്ച് സിദ്ധീഖ്...

ദിലീപിന്‍റെ രാജിക്കത്ത് കിട്ടിയിട്ടുണ്ട്. കഴിഞ്ഞ മാസം പത്തിനാണ് സംഘടനയില്‍ നിന്ന് ഒഴിയുന്നതായി കാണിച്ച് ദിലീപ് കത്ത് നല്‍കിയത്. എന്‍റെ പേര് പറഞ്ഞ് സംഘടനയില്‍ സംഘര്‍ഷം വേണ്ടെന്ന് പറഞ്ഞാണ് ദിലീപ് കത്ത് നല്‍കിയത്. അതു പുറത്തു വരുമോ എന്ന് പേടിച്ചാണോ ഇവര്‍ കത്ത് നല്‍കിയത് എന്നു പോലും താന്‍ സംശയിക്കുന്നു. എന്തായാലും അമ്മയുടെ അടുത്ത ജനറല്‍ ബോഡി അടുത്ത ജൂണ്‍ അവസാനമേ ഉണ്ടാവൂ. സംഘടനയുടെ അധ്യക്ഷനെതിരെ വാര്‍ത്താസമ്മേളനം വിളിച്ചു കൂടി ആക്ഷേപം ഉന്നയിച്ച സംഭവത്തില്‍ എന്തായാലും നടപടി ഉണ്ടാവും. 

കുറ്റാരോപിതനെ സംരക്ഷിക്കുകയോ രക്ഷിക്കുകയോ ചെയ്യേണ്ടത് സംഘടനയുടെ ബാധ്യതയല്ല. അയാള്‍ കുറ്റാരോപിതനാണ് അത് സംഘടന തീരുമാനിക്കട്ടെ. അയാളെ പുറത്താക്കിയ നടപടി മരവിപ്പിക്കണം എന്ന് 280-ഓളം പേര്‍ ഒന്നിച്ച് ജനറല്‍ ബോഡിയില്‍ ആവശ്യപ്പെട്ടപ്പോള്‍ അത് മരവിപ്പിക്കുക മാത്രമാണ് സംഘടന ചെയ്തത്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം സംഘടനയില്ലെന്ന് ആരാണ് പറഞ്ഞത്. നടി ആക്രമിക്കപ്പെട്ടപ്പോള്‍ അവിടെ ആദ്യം ഓടിയെത്തിയ ഒരാളാണ് ഞാന്‍. മുഖ്യമന്ത്രിയുമായി ഞാനും ഇന്നസെന്‍റ് ചേട്ടനും മോഹന്‍ലാലും മമ്മൂക്കായും സംസാരിച്ചു. വളരെ ഗുരുതരമായ സംഭവമാണ് ഉണ്ടായതെന്നും കര്‍ശന നടപടി വേണമെന്നും അദ്ദേഹത്തോട് ഞങ്ങള്‍ ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനുള്ളില്‍ പ്രതിയെ പിടികൂടുകയും ചെയ്തു. ഞങ്ങളൊക്കെ അക്രമിക്കപ്പെട്ട നടിയെ നേരില്‍ പോയി കണ്ടിട്ടുണ്ട്. അവളുടെ കല്ല്യാണത്തിന് പോയിട്ടുണ്ട്. ഇതൊന്നും ആരും കാണുന്നില്ല പറയുന്നില്ല. 

ജഗദീഷ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിനെ കുറിച്ച് അറിയില്ല. ജനറല്‍ ബോഡി ഉടനെ വിളിച്ചു ചേര്‍ക്കുന്ന കാര്യം പരിഗണിക്കും എന്ന് ജഗദീഷ് പറഞ്ഞെങ്കില്‍ അതെനിക്കറിയില്ല. ദിലീപിന്‍റെ വിഷയവും തിലകന്‍റെ വിഷയവും രണ്ടും രണ്ടാണം. അമ്മ എനിക്ക് നല്‍കുന്ന പെന്‍ഷന്‍ നായ്ക്കിട്ട് കൊടുക്കുന്ന എല്ലിന്‍ കഷ്ണം പോലെയാണ് അതു ഞാന്‍ സ്വീകരിച്ചിട്ടില്ല എന്ന അവാസ്തവമായ കാര്യം പറയുകയും മാധ്യമങ്ങളിലൂടെ നിരന്തരം സംഘടനയെ ആക്ഷേപിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. എന്നാല്‍ അതിന് കാര്യമായ മറുപടിയുണ്ടായില്ല.പിന്നീട് എക്സീക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നില്‍ അദ്ദേഹമെത്തിയപ്പോള്‍ ഇങ്ങനെ മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്നു പറഞ്ഞപ്പോള്‍ സംഘടനയോട് മാപ്പു പറയാനാവില്ലെന്നും സംഘടന എന്നോടാണ് മാപ്പു പറയേണ്ടതെന്നും പറഞ്ഞ് ഇറങ്ങിപ്പോയ ആളാണ് തിലകന്‍ ചേട്ടന്‍.

എന്നാല്‍ ഒരു ഘട്ടത്തില്‍ പോലും ദിലീപ് സംഘടനയെ തള്ളിപ്പറഞ്ഞിട്ടില്ല. ദിലീപിനെ ഒരു കുറ്റം ആരോപിക്കപ്പെട്ടിരിക്കുകയാണ്. ഇതേ ആരോപണം ജഗതി ശ്രീകുമാറിന് നേരെ നേരത്തെ ഉണ്ടായിരുന്നു. വിതുര കേസില്‍ അദ്ദേഹം കുറ്റാരോപിതനായിരുന്നു. സരിത നായര്‍ എത്ര ആളുകള്‍ക്കെതിരെ ആരോപണം ഉന്നയിച്ചു അവരോടെല്ലാം വീട്ടില്‍ പോയി ഇരിക്കാനാണോ പറഞ്ഞത്. കോടതി ശിക്ഷിക്കട്ടെ ദിലീപിനെ അപ്പോള്‍ ആലോചിക്കാം നടപടിയെക്കുറിച്ച്. കേരളത്തിലെ മൊത്തം ജനത ആ നടിയോടൊപ്പമില്ലേ... നടിക്കൊപ്പം ഉണ്ടെന്ന് പറഞ്ഞ് പ്രകടനം നടത്തുകയാണോ എല്ലാവരും ചെയ്തത്. കേസില്‍ ഇരയായ നടിക്കൊപ്പം കക്ഷി ചേരാന്‍ അമ്മയുടെ എക്ലിക്യൂട്ടീവ് അംഗങ്ങള്‍ ശ്രമിച്ചപ്പോള്‍ ആ കുട്ടിയാണ് അത് വേണ്ടെന്ന് പറഞ്ഞത്. ഇരയായ നടിയും ആരോപണവിധേയനായ നടനും ഞങ്ങളും സംഘടനയില്‍പ്പെട്ടവരായിരുന്നു. മീ ടൂ ക്യാംപെയ്ന്‍ നല്ല കാര്യമാണ്. ഒരു പെണ്‍കുട്ടിക്ക് നേരെ ഒരു ആക്രമണം ഉണ്ടായാല്‍ അപ്പോള്‍ തന്നെ പ്രതികരണം. കേരളത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും ഇതൊരു നല്ല കാര്യമാണ്. പക്ഷേ പ്രതികരിക്കാന്‍ ഇരുപത് കൊല്ലം കാത്തിരിക്കരുത്. അപ്പോള്‍ അടിക്കണം കരണം നോക്കി. 

Follow Us:
Download App:
  • android
  • ios