Asianet News MalayalamAsianet News Malayalam

എന്തിനാണ് അവര്‍ മോഹന്‍ലാലിനെ ഇങ്ങനെ ആക്രമിക്കുന്നത്: സിദ്ദീഖ്

മോഹന്‍ലാലൊക്കെ ആരാണെന്ന് ഇവിടുത്തെ ജനങ്ങള്‍ക്കറിയാം. ഓര്‍മവച്ചകാലം മുതല്‍ മോഹന്‍ലാലിനെ കണ്ടു വളര്‍ന്നവരാണ് ഇവിടെയുള്ള യുവാക്കള്‍. എല്ലാവര്‍ക്കും മോഹന്‍ലാലും മമ്മൂട്ടിയുമായി മാറില്ല. ഇവരൊന്നും വിചാരിച്ചാല്‍ ലാലിനെ തൊടാനാവില്ല. 

siddiques defends allegation against mohanlal
Author
Kochi, First Published Oct 15, 2018, 4:07 PM IST

കൊച്ചി: അമ്മ അധ്യക്ഷന്‍ മോഹന്‍ലാലിനെതിരെ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് നടത്തിയ വിമര്‍ശനങ്ങള്‍ക്കെതിരെ നടന്‍ സിദ്ധീഖ്. എന്തിനാണ് മോഹന്‍ലാലിനെ ഇങ്ങനെ ആക്രമിക്കുന്നതെന്ന് ചോദിച്ച സിദ്ധീഖ് അമ്മയേയും അമ്മ ഭാരവാഹിയായ മോഹന്‍ലാലിനേയും പരസ്യമായി ആക്ഷേപിച്ചവര്‍ക്കെതിരെ നടപടിയുണ്ടാവും എന്ന് വ്യക്തമാക്കുകയും ചെയ്തു. 

വാര്‍ത്താസമ്മേളനത്തില്‍ സിദ്ധീഖ് പറഞ്ഞത്....

മോഹന്‍ലാലിനെ എന്തിനാണ് ഇവര്‍ ഇങ്ങനെ ആക്രമിക്കുന്നത്. മുഖ്യമന്ത്രി വിളിച്ചിട്ടാണ് മോഹന്‍ലാല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിന് പോയത്. അത് തടയാന്‍ ഇവര്‍ വ്യാജഒപ്പിട്ട് മെമ്മോറാണ്ടം തയ്യാറാക്കി അയച്ചു. അത്രയും വിവാദങ്ങളും പ്രതിഷേധങ്ങളും ഉണ്ടായിട്ടും എങ്ങനെയാണ് മോഹന്‍ലാലിനെ ജനങ്ങള്‍ സ്വീകരിച്ചതെന്ന് നമ്മള്‍ കണ്ടു. 

മമ്മൂട്ടി എന്ന നടനെതിരെ ആവശ്യമില്ലാതെ ആരോപണം ഉന്നയിച്ചതിന്‍റെ പേരില്‍ എത്രയോ പേരുടെ ചീത്തയാണ് വാര്‍ത്താസമ്മേളനം വിളിച്ച ആ നടി കേട്ടത്. തെറി പറയുന്നവരെ മമ്മൂട്ടി തടയണം എന്നാണ് അവര്‍ പറയുന്നത്. അതില്‍ നിന്നും പാഠം പഠിക്കുകയല്ലേ ശരിക്കും അവര്‍ ചെയ്യേണ്ടത്.  ആ സംഘടനയുടെ സോഷ്യല്‍മീഡിയ പേജ് കൈകാര്യം ചെയ്യുന്ന സഹോദരി പറഞ്ഞത് തെറിവിളി കാരണം നില്‍ക്കാന്‍ വയ്യെന്നാണ്. ജനങ്ങളുടെ വെറുപ്പ് എത്രത്തോളമാണെന്ന് ഇനിയും തിരിച്ചറിയാന്‍ സാധിക്കാത്തതിന്‍റെ പ്രശ്നമാണിതൊക്കെ. ഞാനൊരു പൊതുപരിപാടിയ്ക്ക് പോയാല്‍ ആളുകള്‍ കൂക്കി വിളിക്കുകയും തെറി വിളിക്കുകയും ചെയ്താല്‍ അതിനര്‍ത്ഥം ആ ജനങ്ങള്‍ക്ക് ഞാന്‍ സ്വീകാര്യനല്ലെന്നാണ്. അത് എനിക്ക് മനസ്സിലാവും.  മോഹന്‍ലാലിനേയോ മമ്മൂട്ടിയേയോ ദിലീപിനേയോ ജനങ്ങളുടെ മനസ്സില്‍ നിന്നും പറിച്ചു കളയാന്‍ മൂന്നോ നാലോ നടിമാര്‍ വിചാരിച്ചാല്‍ നടക്കില്ല 

സംഘടനയുടെ അംഗമായവര്‍ സംഘടനയേയും അധ്യക്ഷനേയും അപമാനിക്കുന്നത് അംഗീകരിക്കില്ല. ഇവര്‍ക്കെതിരെ സംഘടന കര്‍ശന നടപടിയെടുക്കും. രാജിവച്ചു പോയവര്‍ പുറത്തു പോയത് തന്നെയാണ് അവരെ ഇനി തിരിച്ചെടുക്കില്ല. അല്ലെങ്കില്‍ അവര്‍ അപേക്ഷിക്കണം. ഒരു വ്യക്തിയും സംഘടനേയാക്കള്‍ വലുതല്ല. നാല് പേരാക്കാള്‍ വലുതാണ് നാന്നൂറ് പേരുള്ള സംഘടന. പുറത്തു പോയവര്‍ പുറത്തു പോയവര്‍ തന്നെയാണ്. പരാതികളുണ്ടെങ്കില്‍ സംഘടനയില്‍ വരാം. അവിടെ വന്ന് പരാതി പറയാം. 

മോഹന്‍ലാല്‍ നടിയെന്ന് വിളിച്ച് ആക്ഷേപിച്ചെന്ന് പരാതിപ്പെടുന്ന നടി 24 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും അമ്മ ജനറല്‍ ബോഡി യോഗത്തിന് വന്നിട്ടില്ല. ഒരു കാര്യം പറഞ്ഞിട്ടില്ല. മോഹന്‍ലാലൊക്കെ ആരാണെന്ന് ഇവിടുത്തെ ജനങ്ങള്‍ക്കറിയാം. ഓര്‍മവച്ചകാലം മുതല്‍ മോഹന്‍ലാലിനെ കണ്ടു വളര്‍ന്നവരാണ് ഇവിടെയുള്ള യുവാക്കള്‍. എല്ലാവര്‍ക്കും മോഹന്‍ലാലും മമ്മൂട്ടിയുമായി മാറില്ല. ഇവരൊന്നും വിചാരിച്ചാല്‍ ലാലിനെ തൊടാനാവില്ല. 

Follow Us:
Download App:
  • android
  • ios