കൊച്ചി: കൊവിഡും ലോക്ക് ഡൗണും കാരണം പ്രതിസന്ധിയിലായ മലയാള സിനിമ നിലനിൽപ്പിനായി പുതിയ വഴി തേടുന്നു. വിജയ് ബാബുവിൻ്റെ ഫ്രൈഡേ ഫിലിംസിൻ്റെ ബാനറിൽ നടൻ ജയസൂര്യ നായകനായി അഭിനയിച്ച പുതിയ ചിത്രം സൂഫിയും സുജാതയും തീയേറ്റ‍ർ റിലീസ് സാധ്യമാകാത്ത സാഹചര്യത്തിൽ ഓൺലൈനിലൂടെ റിലീസ് ചെയ്യും.  

മലയാള സിനിമയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു സിനിമ പൂർണമായും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നത്. ആമസോൺ പ്രൈമിലൂടെ തൻ്റെ പുതിയ ചിത്രമായ സൂഫിയും സുജാതയും റിലീസ് ചെയ്യുന്ന വിവരം ജയസൂര്യ തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ചിത്രത്തിൻ്റെ ആമസോൺ പ്രൈം റിലീസിൻ്റെ പോസ്റ്ററും ജയസൂര്യ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. 

അതേസമയം തീയേറ്റ‍ർ ഒഴിവാക്കി നേരിട്ട് ഡിജിറ്റൽ റിലീസ് ചെയ്യാനുള്ള അണിയറ പ്രവ‍ർത്തകരുടെ തീരുമാനത്തിനെതിരെ ഫിലിം ചേംബ‍ർ രം​ഗത്ത് എത്തി. തീയേറ്റർ ഉടമകൾക്കും സർക്കാരിനും നഷ്ടമുണ്ടാക്കുന്ന ഈ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ഫിലിം ചേംബർ വ്യക്തമാക്കി. ഇക്കാര്യം 'സൂഫിയും സുജാതയും' സിനിമയുടെ അണിയറ പ്രവർത്തകരെ അറിയിച്ചതായും അവരുമായി ച‍‍ർച്ച നടത്തുമെന്നും ഫിലിം ചേംബർ വ്യക്തമാക്കി. 

നേരത്തെ മോഹൻലാലിൻ്റെ സൂപ്പ‍ർഹിറ്റ് ചിത്രം ലൂസിഫർ അൻപതാം ദിവസം ആമസോൺ പ്രൈമിൽ എത്തിയിരുന്നു. എന്നാൽ തീയേറ്ററിൽ എത്താതെ ഒരു ചിത്രം നേരിട്ടൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് എത്തുന്നത് മലയാളത്തിൽ ആദ്യമായാണ്. കൊവിഡിൻ്റെ ആദ്യഘട്ടത്തിൽ ചലച്ചിത്രമേഖല പൂ‍‍ർണമായും സ്തംഭിച്ചെങ്കിലും മൂന്നാം ഘട്ടത്തിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കും മറ്റു സ്റ്റുഡിയോ ജോലികൾക്കും സംസ്ഥാന സ‍ർക്കാ‍ർ അനുമതി നൽകിയിരുന്നു. എന്നാൽ ഷൂട്ടിം​ഗ് പൂ‍ർണമായി മുടങ്ങിയ അവസ്ഥയിലാണ്.