ചെന്നൈ: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്‍റെ തിരിച്ചുവരവിനായുള്ള പ്രാര്‍ഥനയിലാണ് സംഗീത ലോകം. അതേസമയം എസ്.പി.ബിയുടെ ആരോഗ്യനില ഭേദപ്പെട്ട് വരുന്നതായും വ്യാജ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

കൊവിഡ് ചികിത്സയ്ക്കായി ഒരാഴ്ച മുമ്പ് ആശുപത്രിയിൽ പ്രവേശിച്ച ഉടനെ തന്നെ തൻ്റെ ആരോ​ഗ്യനിലയും രോ​ഗവിവരവും വ്യക്തമാക്കി എസ്പിബി തന്നെ വീഡിയോ പുറത്തുവിട്ടിരുന്നു. ‍രോഗമുക്തനായി ഉടന്‍ തിരിച്ചെത്തുമെന്ന ആത്മവിശ്വാസമാണ് എസ്പിബിയുടെ വാക്കുകളില്‍ നിറഞ്ഞത്. 

വ്യാഴാഴ്ച വൈകിട്ട് വന്ന മെഡിക്കല്‍ ബുള്ളറ്റിനിലും എസ്പിബിയുടെ ആരോഗ്യനില സാധാരണനിലയില്ലാണെന്ന വിവരമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെ ​ഗായകൻ്റെ ആരോഗ്യനില വഷളായി. തുട‍ർന്ന് ഐസിയുവിലേക്ക് മാറ്റി. ഇതിഹാസ​ഗായകൻ്റെ തിരിച്ചുവരവിനായുള്ള പ്രാര്‍ഥനയിലാണ് ഏവരും ഇപ്പോൾ.

സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവരും എസ്പിബിയുടെ ആരോഗ്യത്തിനായി പ്രാർഥിക്കണമെന്ന് എ.ആർ റഹ്മാൻ ട്വിറ്ററില്‍ കുറിച്ചു. ചെന്നൈ എംജിആര്‍ മെഡിക്കല്‍ സെന്‍ററിലെ വിദഗ്ധ ഡോക്ടര്‍മാരുടെ മുഴുവന്‍ സമയ നിരീക്ഷണത്തിലാണ് എസ്പിബി ഇപ്പോൾ. നിലവിൽ അദ്ദേഹത്തിന് വെന്റിലേറ്റ‍ർ സപ്പോ‍ർട്ട് ഏ‍ർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഇന്നലെ രാത്രി മുതല്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില ഭേദപ്പെട്ട് വരുന്നതായി മകന്‍ എസ്പി ചരണ്‍ അറിയിച്ചു. എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയുണ്ടെന്നും തെറ്റായ പ്രചരണങ്ങള്‍ നടത്തരുതെന്നും കുടുംബം അഭ്യര്‍ത്ഥിച്ചു.