Asianet News MalayalamAsianet News Malayalam

ഇതെന്‍റെ വീഴ്ച്ച... എംടിയെ കാണും രണ്ടാമൂഴം നടക്കും: ശ്രീകുമാർ.വി.മേനോൻ

 മലയാളികളുടെ അഭിമാനമായ എം. ടി സാറിന്റെ രണ്ടാമൂഴത്തിനെ അന്തർദേശീയ നിലവാരത്തിൽ ചലച്ചിത്രമായി പുറത്തു കൊണ്ടുവരിക എന്നതാണ് ഞാൻ കൊടുത്ത വാക്ക്. അത് നിറവേറ്റാൻ ബി. ആർ. ഷെട്ടിയെ പോലൊരു നിർമ്മാതാവ് കൂടെയുള്ളപ്പോൾ അത് അസംഭവ്യമാകും എന്ന് ഞാൻ ഭയപ്പെടുന്നില്ല

srikumar v menon on randamoozham controversy
Author
Kozhikode, First Published Oct 11, 2018, 11:05 AM IST

രണ്ടാമൂഴം സിനിമയുടെ സ്ക്രിപ്റ്റ് തിരികെ ചോദിച്ച് എം.ടി വാസുദേവൻ നായർ കോടതിയെ സമീപിച്ച സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ശ്രീകുമാർ.വി.മേനോൻ. രണ്ടാമൂഴം ഉപേക്ഷിക്കും എന്ന തരത്തിലുള്ള വാർത്തകൾ ശരിയല്ലെന്നും പ്രൊജക്ടിന്റെ പുരോ​ഗതി എംടി വാസുദേവൻ നായറെ കൃത്യമായി അറിയാക്കാൻ സാധിക്കാതെ വന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും ശ്രീകുമാർ പറഞ്ഞു. ചിത്രത്തിന്റെ ആസൂത്രണവുമായി താൻ മുന്നോട്ട് പോകുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് താനും നിർമ്മാതാവ് ബി.ആർ.ഷെട്ടിയും യു.എസ്.എയിൽ പോയിരുന്നുവെന്നും ശ്രീകുമാർ മേനോൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

ശ്രീകുമാർ.വി.മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്....

എം. ടി. സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാൻ കഴിയാഞ്ഞത് എന്റെ വീഴ്ച്ചയാണ്. ഞാൻ അദ്ദേഹത്തെ നേരിൽ ചെന്ന് കണ്ട് കാര്യങ്ങൾ വ്യക്തമാക്കും. അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം എന്ന ആഗ്രഹമുണ്ട്. ആ ആഗ്രഹം ഞാൻ നിറവേറ്റും. തിരക്കഥ എഴുതി കൊടുക്കുന്നതിന് മുൻപും, തിരക്കഥ എന്റെ കൈകളിൽ വച്ച് തരുമ്പോഴും ഞാൻ ആ കാലുകൾ തൊട്ട് വന്ദിച്ചു കൊടുത്ത വാക്കാണ്. 

ഒരുപാട് അന്താരാഷ്‌ട്ര കരാറുകളും, സങ്കീർണ്ണമായ സാമ്പത്തിക പ്ലാനുകളും ആവശ്യമായി വന്നു. ആയതിനാൽ ഞാൻ പ്രതീക്ഷിച്ചതിലും ഏറെ സമയം എടുത്തു. നിർമ്മാതാവ് ബി ആർ ഷെട്ടിയും ഞാനും ഇതിനോടനുബന്ധിച്ച് കഴിഞ്ഞ മാസം യു. എസ് സന്ദർശിച്ചിരുന്നു.  മുൻപ് സ്ഥിരമായി എം. ടി സാറിനെ കാണുകയോ, അല്ലെങ്കിൽ ഫോൺ വഴി അദ്ദേഹത്തെ പ്രോജെക്ക്റ്റിന്റെ പുരോഗതിയെ കുറിച്ചും മറ്റും അറിയിക്കാറുണ്ടായിരുന്നു. എന്നാൽ ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്നതിനാൽ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി അതിനു കഴിഞ്ഞിരുന്നില്ല. ഇതിൽ അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നിരിക്കും എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനിടയാക്കിയതിൽ ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ട് ക്ഷമ ചോദിക്കും. 

പ്രീ പ്രൊഡക്ഷൻ വർക്കുകൾ അതിന്റെ അവസാന ഘട്ടത്തിലാണ്. എത്രയും വേഗം ചിത്രത്തിന്റെ ഔദ്യോഗികമായ അറിയിപ്പും, 2019 ജൂലൈയിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളും നടത്തുന്നതായിരിക്കും. മലയാളികളുടെ അഭിമാനമായ എം. ടി സാറിന്റെ രണ്ടാമൂഴത്തിനെ അന്തർദേശീയ നിലവാരത്തിൽ ചലച്ചിത്രമായി പുറത്തു കൊണ്ടുവരിക എന്നതാണ് ഞാൻ കൊടുത്ത വാക്ക്. അത് നിറവേറ്റാൻ ബി. ആർ. ഷെട്ടിയെ പോലൊരു നിർമ്മാതാവ് കൂടെയുള്ളപ്പോൾ അത് അസംഭവ്യമാകും എന്ന് ഞാൻ ഭയപ്പെടുന്നില്ല.

 

Follow Us:
Download App:
  • android
  • ios