മുംബൈ: സുശാന്ത് സിംഗ് മരണത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന് മുംബൈ പൊലീസിന്റെ സമൻസ്. ഈ ആഴ്ച തന്നെ കരൺ ജോഹറിനെ ചോദ്യം ചെയ്തേക്കും. 

ജൂൺ 14നാണ് സുശാന്ത് സിംഗ് ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ച് വലിയ ചർച്ചകൾ തുടങ്ങിയിരുന്നു. കേസുമായി ബന്ധപ്പെട്ട് മുതിർന്ന സംവിധായകൻ മഹേഷ് ഭട്ടിൻറെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. സുശാന്തിനെ ബോളിവുഡിൽ നിന്ന് പുറത്താക്കാൻ കരൺ അടക്കമുള്ളവർ ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണങ്ങൾ മരണത്തിന് പിന്നാലെ ഉയർന്നിരുന്നു. 

സുശാന്തുമായി സിനിമകൾ ഒന്നും ചെയ്യാൻ തീരുമാനിച്ചിരുന്നില്ലെന്നാണ് മഹേഷ് ഭട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി. തൻറെ സിനിമയിൽ അഭിനയിക്കണമെന്ന് സുശാന്ത് താൽപര്യം പ്രകടിപ്പിച്ചിരുന്നുവെന്നും സുശാന്തിൻറെ കാമുകിയായ റിയ ചക്രബർത്തിയാണ് താരത്തിൻറെ ആഗ്രഹം തന്നെ അറിയിച്ചതെന്നുമാണ് മഹേഷ് ഭട്ടിന്റെ പ്രതികരണം. രണ്ടുതവണ മാത്രമാണ് സുശാന്തിനെ നേരിൽ കണ്ടിട്ടുതെന്നും മഹേഷ് ഭട്ട് മൊഴി നൽകി. കേസിൽ ഇതുവരെ 42 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.