അശ്വമേധം എന്ന ടിവി പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ ജി എസ് പ്രദീപ് ആദ്യമായി സംവിധായകനായ ചിത്രമാണ് സ്വര്‍ണ മത്സ്യങ്ങള്‍. അതുതന്നെയായിരുന്നു സിനിമയുടെ പ്രധാന ആക‍ര്‍ഷണങ്ങളില്‍ ഒന്നും. കുട്ടികള്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലൂടെ ജി എസ് പ്രദീപ് എന്താകും പറയുന്നത് എന്നറിയാനുമായിരിക്കും പ്രേക്ഷകരുടെ ആകാംക്ഷ. പറയാനുദ്ദേശിച്ച കാര്യങ്ങള്‍ കൃത്യമായും വെടിപ്പോടെയും പറയാൻ ജി എസ് പ്രദീപിന് കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് സ്വര്‍ണ മത്സ്യങ്ങളെ കുറിച്ച് ഒറ്റവാക്കില്‍ പറയാനാകുക.

ഫ്ലാറ്റ് ജീവിതത്തിലെ കുടുംബക്കാഴ്ചയില്‍ നിന്നാണ് സിനിമ തുടങ്ങുന്നത്. വിജയ് ബാബു വേഷമിട്ട അച്ഛൻ കഥാപാത്രത്തിന് മകന്റെ മുറിയില്‍ നിന്ന് ഒരു അഡല്‍ട് മൂവിയുടെ സിഡി കിട്ടുന്നു. അതില്‍ സംഘര്‍ഷഭരിതനായി നില്‍ക്കുന്ന വിജയ് ബാബു. അവിടെ നിന്ന് പിന്നീട് ക്യാമറ തിരിക്കുന്നത് ഗ്രാമക്കാഴ്‍ചയിലേക്കാണ്. അവിടെയുള്ള രണ്ട് ആണ്‍കുട്ടികളുടെയും രണ്ടു പെണ്‍കുട്ടികളുടെയും സൌഹൃദക്കൂട്ടായ്മയെ പശ്ചാത്തലമാക്കിയാണ് സംവിധായകൻ പിന്നീട് കഥ പറയുന്നത്.

കൌമാരക്കാരായ കുട്ടികളുടെ കളിചിരിയും അവധിക്കാലവുമൊക്കെ കൃത്യമായി അടയാളപ്പെടുത്തിയാണ് പിന്നീട് കാര്യത്തിലേക്ക് കടക്കുന്നത്. കുട്ടിക്കൂട്ടത്തിന്റെ, അയല്‍വാസിയായ പെണ്‍കുട്ടി എന്തോ തെറ്റ് ചെയ്തെന്നോ അബദ്ധത്തില്‍ പെട്ടുവെന്നോ അവര്‍ക്ക് മനസ്സിലാകുന്നു. പക്ഷേ അതെന്തെന്ന് അവര്‍ക്ക് മനസ്സിലാകുന്നില്ല. മാതാപിതാക്കളോട് ചോദിച്ചിട്ടും കൃത്യമായി ഉത്തരം പറയാൻ തയ്യാറാകുന്നില്ല എന്ന് മാത്രമല്ല, കുട്ടികളെ ശകാരിക്കുകയും ചെയ്യുകയാണ്. അതിന്റെ ആകാംക്ഷ അവരെ ചെന്നെത്തിക്കുന്നത് വലിയ പ്രശ്നങ്ങളിലേക്കാണ്. അതില്‍  നിന്ന് അവര്‍ എങ്ങനെ കരകയറുന്നുവെന്നും, എങ്ങനെയാണ് തിരിച്ചറിവുകള്‍ ലഭിക്കുന്നതുമെന്നുമാണ് അല്ലെങ്കില്‍ എങ്ങനെയാണ് മാതാപിതാക്കള്‍ വഴികാട്ടികളായി മാറേണ്ടതെന്നുമാണ് ചിത്രം പറയുന്നത്.

മറാത്തി ചിത്രമായ ബലാക് പാലക് ആണ് മലയാളത്തില്‍ സ്വര്‍ണമത്സ്യങ്ങളായി മാറിയത്. നിരൂപകശ്രദ്ധ നേടിയ ചിത്രം മലയാളത്തിലെത്തിയപ്പോള്‍ കേരളീയ ഗ്രാമീണപശ്ചാത്തലത്തിലേക്ക് കൃത്യമായി മാറ്റി സംഭാഷണങ്ങളിലും രംഗങ്ങളിലും ചടുലത നഷ്‍ടപ്പെടാതെ നിലനിര്‍ത്താൻ തിരക്കഥാകൃത്തു കൂടിയായ സംവിധായകൻ ജി എസ് പ്രദീപിന് കഴിഞ്ഞിട്ടുണ്ട്. ഓരോ രംഗവും തമ്മില്‍ കൃത്യമായി കണക്ട്  ചെയ്യാൻ സംവിധായകനായിട്ടുണ്ട്. പക്ഷേ പശ്ചാത്തലത്തിലെയും ആഖ്യാനത്തിലെയും കണ്ടുശീലിച്ച കാഴ്ചകള്‍ പുതിയ പ്രേക്ഷകന് എത്രത്തോളം സ്വീകാര്യമാകുമെന്നതാകും തീയേറ്ററിലെ വിജയത്തെ നിര്‍ണ്ണയിക്കുക.

വിമിൻ വല്‍സണ്‍, ജെസ്ന്യ, സിദ്ധിഖ്, നൈഫ്, വിജയ് ബാബു, അന്ന രേഷ്മ,  അഞ്ജലി നായര്‍, ഹരീഷ് കണാരൻ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. അളഗപ്പൻ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നു.