ബം​ഗളൂരു: പഠനാവശ്യത്തിനായി സ്മാർട്ട് ഫോൺ വാങ്ങാൻ പണമില്ലാത്ത വിദ്യാർത്ഥിനിക്ക് ഐഫോൺ വാങ്ങി നൽകി നടി തപ്സി പന്നു. കഴിഞ്ഞ ദിവസമാണ് പ്രീ യൂണിവേഴ്സിറ്റി പരീക്ഷയിൽ 94 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥിനിയുടെ പിതാവ് സ്മാർട്ട് ഫോണിനായി സഹായം അഭ്യർത്ഥിച്ചത്. എൻഡിടിവിയാണ് ഇവരെക്കുറിച്ചുളള വാർത്ത പുറത്തെത്തിച്ചത്. നിരവധി പേരാണ് സ്മാർട്ട് ഫോൺ  വാങ്ങിത്തരാമെന്ന് വാ​ഗ്ദാനം നൽകിയത്. ചിലരാകട്ടെ പെൺകുട്ടിയുടെയും സഹോദരിമാരുടെയും വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാൻ തയ്യാറായി മുന്നോട്ട് വന്നിരുന്നു. ഇവരോട് ആദ്യം സഹായം വാ​ഗ്ദാനം ചെയ്തവരിൽ ഒരാളാണ് ബോളിവുഡ് നടി തപ്സി പന്നു.

എത്രയും പെട്ടെന്ന് ഫോൺ‌ നൽകാമെന്നായിരുന്നു തപ്സിയുടെ വാ​ഗ്ദാനം. 'കൂടുതൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ ഓരോ വിദ്യാർത്ഥിക്കും വിദ്യാഭ്യാസം ലഭിക്കണം. നമുക്ക് കൂടുതൽ ഡോക്ടർമാരെ ആവശ്യമുണ്ട്. നമ്മുടെ നാടിന് നല്ലൊരു നാളെയുണ്ടാകാൻ വേണ്ടിയുള്ള എന്റെ എളിയ ശ്രമങ്ങളിലൊന്നാണിത്.' തപ്സി ട്വീറ്റിൽ കുറിച്ചു. 

'തപ്സി അയച്ച ഫോൺ ലഭിച്ചു. ഇതൊരു ഐ ഫോൺ ആണെന്ന് എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല. ഇതുപോലെ ഒരെണ്ണം സ്വപ്നം കാണാൻ പോലും എനിക്ക് സാധിക്കില്ല. കഠിനമായി പരിശ്രമിച്ച് ഞാൻ നീറ്റ് പരീക്ഷ പാസ്സാകും. നിങ്ങളുടെ അനു​ഗ്രഹങ്ങൾ എനിക്കൊപ്പം ഉണ്ടാകണം.' പെൺകുട്ടി എൻഡിടിവിയോട് പറഞ്ഞു. ബന്ധുക്കളിൽ നിന്ന് കടം വാങ്ങിയും സ്വർണ്ണാഭരണങ്ങൾ വിറ്റുമാണ് മൂന്ന് പെൺ‌മക്കൾക്ക് വിദ്യാഭ്യാസം നല്‍കാനുള്ള പണം ഇദ്ദേഹം കണ്ടെത്തിയത്.

കൊവിഡ് വ്യാപനത്തെ തുടർന്ന് വിദ്യാലയങ്ങൾ പൂട്ടിയതിനെ തുടർന്ന് എല്ലാ വിദ്യാർത്ഥികളും ഓൺലൈൻ ക്ലാസുകളെയാണ് ആശ്രയിക്കുന്നത്. സ്മാർട്ട് ഫോൺ ഇല്ലാത്തത് കാരണം പഠനത്തിൽ പ്രതിസന്ധി നേരിടുന്ന നിരവധി വിദ്യാർത്ഥികളുണ്ട്. ഒരു സാധാരണ ഫോൺ മാത്രമാണ് ഈ കുടുംബത്തിനുണ്ടായിരുന്നത്. സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന നീറ്റ് പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് പെൺകുട്ടി.