രാജിവെക്കുന്നത് ഒളിച്ചോട്ടമെന്ന് സരയു, വ്യക്തിപരമായി എതിർപ്പുണ്ടെന്ന് അനന്യ; കൂട്ട രാജിയിലും അമ്മയിൽ ഭിന്നത
എക്സിക്യൂട്ടിവ് കമ്മറ്റി പിരിച്ചു വിട്ട തീരുമാനം ഒരുമിച്ചല്ലെന്നും രാജിവച്ചിട്ടില്ലെന്നും എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗമായിരുന്ന സരയു പറഞ്ഞു. എന്നാൽ എക്‌സിക്യൂട്ടീവ് കമ്മറ്റി പിരിച്ചു വിടാനുള്ള അധികാരം പ്രസിഡന്റിനുണ്ടെന്നാണ് നിയമ വിദഗ്ധർ പറയുന്നത്.
കൊച്ചി: താരസംഘടന അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ട സംഭവത്തിൽ അമ്മ അംഗങ്ങൾക്കിടയിൽ ഭിന്നത രൂക്ഷം. മോഹൻലാൽ അധ്യക്ഷ സ്ഥാനം രാജിവെച്ചതുൾപ്പെടെ 17 അംഗ എക്സിക്യൂട്ടീവ് പിരിച്ചുവിടുകയായിരുന്നു. സംഘടനയുടെ കൂട്ടരാജിയിലും അമ്മയിൽ ഭിന്നത ഉടലെടുക്കുകയായിരുന്നു. എക്സിക്യൂട്ടിവ് കമ്മറ്റി പിരിച്ചു വിട്ട തീരുമാനം ഒരുമിച്ചല്ലെന്നും രാജിവച്ചിട്ടില്ലെന്നും എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗമായിരുന്ന സരയു പറഞ്ഞു. എന്നാൽ എക്‌സിക്യൂട്ടീവ് കമ്മറ്റി പിരിച്ചു വിടാനുള്ള അധികാരം പ്രസിഡന്റിനുണ്ടെന്നാണ് നിയമ വിദഗ്ധർ പറയുന്നത്.
രാജിവെക്കുന്നത് ഒളിച്ചോട്ടത്തിന് തുല്യമാണെന്ന് സരയു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിന് എല്ലാവർക്കും ചീത്തപ്പേരുണ്ടാവും. മറുപടിയില്ലാതെ ഒളിച്ചോടരുത്. അമ്മയിലെ വനിതാ അംഗങ്ങൾക്ക് നേരെ ഉയർന്ന അധിക്ഷേപവും ആരോപണത്തിനും മറുപടി പറയാതെ പോവുന്നത് വനിതാ അംഗമെന്ന നിലയിൽ വ്യക്തിപരമായി ചീത്തപ്പേരുണ്ടാക്കുന്നതാണെന്ന് സരയു പറഞ്ഞു. പിരിച്ചുവിട്ട തീരുമാനം അംഗീകരിക്കാൻ സാധിക്കില്ലെന്നും സരയു കൂട്ടിച്ചേർത്തു. അതിനിടെ, അമ്മ എക്‌സിക്യൂട്ടിവ് കമ്മിറ്റി പിരിച്ചു വിട്ടതിൽ പ്രതികരണവുമായി നടി അനന്യയും രംഗത്തെത്തി. വ്യക്തിപരമായി തനിക്ക് എതിർപ്പ് ഉണ്ടായിരുന്നു. മറ്റ് മൂന്ന് പേരുടെ കാര്യം താൻ പറയുന്നില്ല. ഭൂരിപക്ഷത്തിന്റെ തീരുമാനം കമ്മറ്റി പിരിച്ചു വിടണം എന്നായിരുന്നു. അതിനൊപ്പം നിൽക്കുന്നു എന്നും അനന്യ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
അതേസമയം, ഇപ്പോഴത്തെ നിലയിൽ ഇനി മോഹൻലാൽ തലപ്പത്തേക്ക് വരില്ല. മമ്മൂട്ടിക്കും താത്പര്യമില്ല. കാലങ്ങളായി ആവശ്യപ്പെടുന്ന തലമുറമാറ്റം ഇക്കുറി സംഭവിക്കുമോ എന്നതാണ് പ്രധാന ചോദ്യം. അങ്ങനെയെങ്കിൽ ആദ്യ ചോയ്സ് പൃഥ്വിരാജിനായിരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മോഹൻലാലടക്കം നിർബന്ധിച്ചിട്ടും തിരക്കുകൾ പറഞ്ഞ് മത്സരത്തിൽ നിന്ന് ഒഴിഞ്ഞ പൃഥ്വി സവിശേഷ സാഹചര്യത്തിൽ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാകണമെന്ന ആവശ്യം പരസ്യമായി തന്നെ ഉയർന്നു കഴിഞ്ഞു. അടുത്തയാൾ കുഞ്ചാക്കോ ബോബനാണ്. പൊതു സമ്മതനെന്നതാണ് കുഞ്ചാക്കോയുടെ സാധ്യതകൾ വർധിപ്പിക്കുന്നത്. ഇവർ ഇരുവരും ഇനിയും പിൻമാറിയാൽ മുതിർന്ന താരമെന്ന നിലയിൽ ജഗദീഷ് പ്രസിഡൻ്റ് സ്ഥാനത്തേക്കോ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കോ പരിഗണിക്കപ്പെട്ടേക്കാം. അമ്മയുടെ തലപ്പത്തേക്കൊരു വനിത വരണമെന്ന ആവശ്യവും ശക്തമാണ്.
കഴിഞ്ഞ തവണ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച കുക്കു പരമേശ്വരൻ, വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ച മഞ്ജു പിള്ള
ഇവരൊക്കെ വീണ്ടും മത്സരിക്കാൻ സാധ്യതയുണ്ട്. നിഖില വിമലിനെ പോലെ സജീവമായ യുവ താരങ്ങളും പരിഗണിക്കപ്പെട്ടേക്കാം. മോഹൻലാൽ ഒഴിയുമ്പോൾ, മമ്മൂട്ടി മാറി നിൽക്കുമ്പോൾ പൊതു സമൂഹത്തിലും സംഘടനയ്ക്കുള്ളിലും ഒരു പോലെ തലപൊക്കമുള്ള ഒരാൾ തന്നെ അധ്യക്ഷ പദവിയിലേക്ക് വന്നില്ലെങ്കിൽ സംഘടനയുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാകുമെന്ന ആശങ്ക അംഗങ്ങൾക്കിടയിലുണ്ട്.
https://www.youtube.com/watch?v=Ko18SgceYX8