മുംബൈ: അനിശ്ചിതത്വങ്ങൾക്കിടയിൽ പി എം നരേന്ദ്ര മോദി ചിത്രം റിലീസ് ചെയ്തു. നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന ചിത്രം തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ കുരുങ്ങി ഒന്നരമാസമാണ് റിലീസ് വൈകിയത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ മോദി തിളങ്ങി നിൽക്കുമ്പോൾ തീയറ്ററുകളിൽ മോദിചിത്രത്തിന് ആദ്യദിനം തണുത്ത പ്രതികരണമാണ്.

'ഒരു തവണ ചിത്രം കണ്ടു നല്ല അഭിപ്രായമാണ്. പക്ഷേ ടിക്കറ്റ് നൽകാൻ മാത്രം ആളില്ല. തിയേറ്റർ നിറഞ്ഞിട്ടില്ലെന്നും സാധാരണ തിരക്കെയുള്ളുവെന്നും അത് കൊണ്ട് ഇതുവരെ ടിക്കറ്റ് നൽകിയിട്ടില്ല' തിയേറ്റർ ഉടമ ഗോവിന്ദ് പറയുന്നു. 

തെരഞ്ഞെടുപ്പ് പ്രചരണ നാളുകളിൽ വെള്ളിത്തിരയിലും മോദി നിറയുമെന്ന് വ്യക്തമാക്കിയാണ്  ലെജൻറ് ഗ്ലോബൽപിക്ച്ചേഴ്സ് ചിത്രീകരണം തുടങ്ങിയത്. ആദ്യഘട്ട വോട്ടെടുപ്പ് സമയം റിലീസ് നിശ്ചയിച്ച ചിത്രം തെരഞ്ഞെടുപ്പ് ചട്ടക്കുരുക്കിൽ പെട്ടിയിൽ പെട്ടു. ചിത്രത്തിന്‍റെ പ്രമോഷനുകളിൽ ബിജെപി നേതാക്കളുടെ സാന്നിധ്യവും സ്ക്രീനിലും പിന്നിലും ഭാഗമായവരുടെ ബി ജെ പി പശ്ചാത്തലവും ചർച്ചയായി.

എതിർപ്പുകൾ ഉയർന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയും റിലീസ് തടഞ്ഞു. ഒന്നര മാസം നീണ്ട അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ് ചിത്രം തിയറ്ററുകളിലെത്തിയത്. വിവേക് ഒബ്റോയിയാണ് മോദിയായി എത്തുന്നത്. വിവേക് ഒബ്റോയിയുടെ കുടുംബാംഗങ്ങൾക്കും നിർമ്മാണത്തിൽ പങ്കാളിത്തമുണ്ട്. മേരി കോം ഒരുക്കിയ ഒമുംഗ് കുമാറാണ് സംവിധായൻ. വിദേശ രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്തു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.