Asianet News MalayalamAsianet News Malayalam

രണ്ടാമൂഴം: 20 കോടി നഷ്ടപരിഹാരം തേടി എംടിക്ക് ശ്രീകുമാര്‍ മേനോന്‍റെ വക്കീല്‍ നോട്ടീസ്

രണ്ടാമൂഴം പ്രോജക്ടിനായി നാല് വര്‍ഷത്തെ ഗവേഷണത്തിനും പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ക്കും മറ്റുമായി ശ്രീകുമാര്‍ പന്ത്രണ്ടര കോടി രൂപ ചിലവാക്കിയെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു. 

VA Shrikumar seeks 20 Crore compensation from MT Vasudevan nair
Author
Kozhikode, First Published Jan 10, 2020, 4:52 PM IST

പാലക്കാട് : രണ്ടാമൂഴം സിനിമയെ ചൊല്ലി തിരക്കഥാകൃത്ത് എംടി വാസുദേവന്‍ നായരും സംവിധായകന്‍ വിഎ ശ്രീകുമാറും തമ്മിലുള്ള തര്‍ക്കം വഴിത്തിരിവില്‍. രണ്ടാമൂഴം പദ്ധതിക്ക് വേണ്ടി ഇതുവരെ ചെലവാക്കിയ പണം എംടി വാസുദേവന്‍ നായര്‍ നല്‍കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകന്‍ മുഖാന്തരം വിഎ ശ്രീകുമാര്‍ നോട്ടീസ് അയച്ചു. ഇതുവരെ ചെലവാക്കിയ തുകയും പലിശയം ഉള്‍പ്പടെ ഇരുപത് കോടി രൂപ എംടി നഷ്ടപരിഹാരം നല്‍കണമെന്നാണ് സുപ്രീംകോടതി അഭിഭാഷകനായ അഡ്വ.ടിആര്‍ വെങ്കിടരാമന്‍ എംടിക്ക് അയച്ച വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നത്. 

രണ്ടാമൂഴം സിനിമയ്ക്കായി തിരക്കഥ ഒരുക്കിയ വകയില്‍ 1.25 കോടി രൂപ എംടിയ്ക്ക് നേരിട്ടും 75 ലക്ഷം രൂപ എംടി നിര്‍ദേശിച്ച അംഗീകൃത പ്രതിനിധിയായ പെപ്പിന്‍ തോമസിനും ഇതിനോടകം നല്‍കിയിട്ടുണ്ട്. ആകെ രണ്ട് കോടി രൂപയാണ് തിരക്കഥയ്ക്ക് പ്രതിഫലമായി നിശ്ചയിച്ചത്. കൂടാതെ രണ്ടാമൂഴം പ്രോജക്ടിനായി നാല് വര്‍ഷത്തെ ഗവേഷണത്തിനും പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ക്കും മറ്റുമായി ശ്രീകുമാര്‍ പന്ത്രണ്ടര കോടി രൂപയും ചെലവാക്കിയിട്ടുണ്ട്. ഇങ്ങനെ ഇതുവരെ ഷൂട്ടിംഗ് തുടങ്ങാത്ത ചിത്രത്തിന് ചെലവാക്കിയ മുഴുവന്‍ തുകയും പലിശയും ഉള്‍പ്പെടെ 20 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നാണ് നോട്ടീസില്‍ പറയുന്നത്. 

രണ്ടാമൂഴം പദ്ധതിയുമായി ബന്ധപ്പെട്ട് ഒപ്പിട്ട കരാര്‍ ആദ്യം ലംഘിച്ചത് എംടിയാണെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു. കരാറില്‍ പറഞ്ഞ സമയത്തിനും മാസങ്ങള്‍ വൈകിയാണ് മലയാളം തിരക്കഥ  ലഭിച്ചത്. പിന്നീട് കുറേ മാസങ്ങള്‍ കഴിഞ്ഞാണ് ഇംഗ്ലീഷ് തിരക്കഥ ലഭിച്ചത്. നിര്‍മ്മാതാവും സംവിധായകനുമായ ശ്രീകുമാറിനൊപ്പം എംടി പലവട്ടം ചര്‍ച്ച നടത്തി തിരക്കഥയുടെ അന്തിമ രൂപം നല്‍കിയപ്പോഴേക്കും പതിനെട്ട് മാസങ്ങള്‍ കഴിഞ്ഞിരുന്നു. 

തിരക്കഥയ്ക്ക് അന്തിമരൂപമായതിന് ശേഷം മാത്രമാണ് പ്രീ പ്രൊഡക്ഷന്‍ ജോലികള്‍,  പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍ എന്നിവ ആരംഭിക്കാന്‍ കഴിഞ്ഞത്. ഈ കാലയളവ് കണക്കാതെയാണ് സമയം തെറ്റിച്ചു എന്ന ആരോപിച്ച് തിരക്കഥ തിരികെ ആവശ്യപ്പെട്ട് എംടി കോഴിക്കോട് സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. അതുവരെ എം ടിയെ വിശ്വസിച്ച് പണമിറക്കുകയും  രണ്ടാമൂഴം എന്ന തിരക്കഥയെ ഒരു പരിപൂര്‍ണ്ണ പ്രൊജക്ടായി മാറ്റുവാനും ചെയ്ത ശ്രമങ്ങളെല്ലാം ഇതോടെ വൃഥാവിലായെന്ന് വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. 

രണ്ടാമൂഴം സിനിമയാക്കാനായി തിരക്കഥ തയ്യാറാക്കി നല്‍കിയിട്ടും ചിത്രത്തിനായി യാതൊരു വിധ മുന്നൊരുക്കങ്ങളും വിഎ ശ്രീകുമാന്‍ മേനോന്‍ ചെയ്തില്ലെന്നും പദ്ധതിയില്‍ പണം മുടക്കാനുള്ള നിക്ഷേപകരെ കണ്ടെത്തിയില്ലെന്നുമുള്ള എംടി വാസുദേവന്‍ നായരുടെ വാദവും വക്കീല്‍ നോട്ടീസില്‍ ശ്രീകുമാര്‍ മേനോന്‍ തള്ളിപ്പറയുന്നു. 

പ്രവാസി വ്യവസായി ഡോ.ബിആര്‍ ഷെട്ടി രണ്ടാമൂഴം ആസ്പദമാക്കിയുള്ള സിനിമ ശ്രീകുമാറുമായി അബുദാബിയില്‍ വെച്ച് പത്രസമ്മേളനത്തില്‍ പരസ്യമായി പ്രഖ്യാപിക്കുകയും അതില്‍ എം ടി ഈ പ്രോജക്ട് ഫലപ്രാപ്തിയിലായതിലുള്ള സന്തോഷം വീഡിയോ ബൈറ്റിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. അവസാന കരാര്‍ ഒപ്പിടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് എം ടി കേസുമായി കോടതിയിലേക്ക് പോയത്. ഇതിന് ശേഷം ബിആര്‍ ഷെട്ടി നടത്തിയ പ്രസ്താവനകളില്‍ സംവിധായകനും എഴുത്തുകാരനും തമ്മിലുള്ള കേസും പ്രശ്നങ്ങളും കാരണമാണ് താന്‍ ഈ പ്രോജക്ടില്‍ നിന്നും പിന്മാറുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ബിആര്‍ ഷെട്ടിക്ക് ശേഷം മറ്റൊരു നിക്ഷേപകനായ എസ്കെ നാരായണനും പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ച് രംഗത്തു വന്നെങ്കിലും അദ്ദേഹവും പിന്നീട് എംടിയും സംവിധായകനും തമ്മിലുള്ള കേസ് കാരണം പിന്‍വാങ്ങി. നിക്ഷേപകരെ കണ്ടെത്താന്‍ കഴിഞ്ഞില്ല, മുന്നൊരുക്കങ്ങള്‍ നടത്തിയില്ല തുടങ്ങി എംടി ഉന്നയിച്ച വാദങ്ങള്‍ അതിനാല്‍ ശരിയല്ലെന്ന് ശ്രീകുമാര്‍ വിശദീകരിക്കുന്നു.

എംടിയുടെ ആവശ്യ പ്രകാരം ഫിലിം ചേംബറിന്റെ മധ്യസ്ഥ ശ്രമത്തില്‍ ശ്രീകുമാര്‍ നടത്തിയ ഗവേഷണങ്ങളുടെയും മുന്നൊരുക്കങ്ങളുടെയും വിശദ വിവരങ്ങളും ചെലവാക്കിയ തുകയുടെ കണക്കുകളും ചേംബര്‍ പ്രതിനിധികളുടെ മുന്‍പാകെ അവതരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് കൂടിക്കാഴ്ചയ്ക്ക് ഹാജരായ എംടിയുടെ മകള്‍ അശ്വതിയെ ഇതേ കുറിച്ചുള്ള വിവരങ്ങള്‍ ധരിപ്പിക്കുകയും അവര്‍ക്കത് ബോധ്യപ്പെടുകയും ചെയ്തതാണ്. എന്നാല്‍ പിന്നീട് അവര്‍ നിലപാട് മാറ്റുകയാണുണ്ടായത്. രണ്ടാമൂഴം എന്ന പ്രോജക്ട് നടക്കരുത് എന്ന് ആഗ്രഹമുള്ള കുറേ ശക്തികളുടെ തെറ്റായ പ്രചരണത്തില്‍ എംടി വീണുപോയതാണ് ഈ പ്രോജക്ട് മുന്നോട്ട് പോകാതിരിക്കാനുള്ള കാരണം.

കേരള ഫിലിം ചേംബറില്‍ എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസിന്റെ ബാനറില്‍ വിഎ ശ്രീകുമാര്‍ സംവിധായകനായി ഈ ചിത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ എംടി, മോഹന്‍ലാല്‍ എന്നിവരുടെ സമ്മതപത്രം കൂടി ഉള്‍പ്പെടുത്തിയാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. എം ടി കേസുമായി മുന്നോട്ടു പോയതിന് ശേഷമുണ്ടായ ഒറ്റതിരിഞ്ഞ ആക്രമണത്തിലും സാമൂഹികവും സാമ്പത്തികവുമായി നേരിട്ട ബുദ്ധിമുട്ടുകളിലും തനിക്ക് മനംമടുത്തെന്ന് ശ്രീകുമാര്‍ മേനോന്‍ പത്രക്കുറിപ്പില്‍ പറയുന്നു. 

Follow Us:
Download App:
  • android
  • ios