ചെന്നൈ: ഏറേക്കാലമായി തമിഴകത്ത് വലിയ ചർച്ചയാവുന്ന നടൻ വിജയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാർത്തകൾ ശരിവച്ച് പിതാവും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖർ. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് എസ്.എ.ചന്ദ്രശേഖർ പറഞ്ഞു. പുതിയ തലമുറെ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

ജനങ്ങൾ ആവശ്യപ്പെടുന്ന സമയത്ത് വിജയ് രാഷ്ട്രീയ പ്രഖ്യാപനം നടത്തും. പാർട്ടിയുണ്ടാക്കി ജനങ്ങളിലേക്ക് ഇറങ്ങുകയല്ല. മറിച്ച് ജനങ്ങൾ ആവശ്യപ്പെടുമ്പോൾ ഞങ്ങൾ അവർക്കായി രംഗത്തിറങ്ങും. നിരവധി താരങ്ങൾ ഇപ്പോൾ ബിജെപിയിൽ ചേരുന്നുണ്ടെങ്കിലും ഞങ്ങൾക്ക് ബിജെപിയോട് ഒരു രീതിയിലും യോജിച്ചു പോകാനാവില്ല- ചന്ദ്രശേഖർ പറഞ്ഞു.

മെർസൽ സിനിമയിൽ ജിഎസ്ടി നികുതി സംവിധാനത്തെ വിമർശിച്ചുള്ള പരാമർശം വന്നതു മുതൽ ബിജെപി വിജയിക്ക് നേരെ തുടർച്ചയായി വിമർശനം ഉന്നയിച്ചിരുന്നു. ബിഗിൽ സിനിമയുടെ ഷൂട്ടിംഗിനിടെ വിജയിയെ ആദായനികുതിവകുപ്പ് ചോദ്യം ചെയ്തതും പിന്നീട് വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയതും വലിയ വാർത്തയായിരുന്നു.