അഞ്ച് വര്‍ഷം അഞ്ച് സിനിമകള്‍. കൃത്യമായി പറഞ്ഞാല്‍ 2014 ജനുവരി 10 മുതല്‍ 2019 ജനുവരി 10 വരെ കണക്കെടുത്താല്‍ തല അജിത്തിന്റേതായി റിലീസ് ചെയ്‍തത് അഞ്ച് സിനിമകള്‍ മാത്രം. അതില്‍  നാല് എണ്ണവും സംവിധാനം ചെയ്‍തത് സിരുത്തൈ ശിവ. യഥാക്രമം വീരം, വേതാളം, വിവേഗം.. ഏറ്റവുമൊടുവില്‍ വിശ്വാസവും. 2015ല്‍ ഗൌതം വാസുദേവ മേനോൻ ഒരുക്കിയ യെന്നൈ അറിന്താല്‍ മാത്രമാണ് അഞ്ചില്‍ വേറിട്ട് നില്‍ക്കുന്നത്. വിശ്വാസത്തെ കുറിച്ചും പറയാനുള്ളത് അത്ര തന്നെ. സിരുത്തൈ ശിവയും അജിത്തും നാലാമതും ഒന്നിക്കുമ്പോള്‍, പ്രേക്ഷകര്‍ക്ക് തിയേറ്ററിലെത്തും മുന്നേയുള്ള കൌതുകവും ആകാംക്ഷയും മാത്രമാണ് ബാക്കിയായിട്ടുണ്ടാകുക.

മാസ് പടമായിത്തന്നെയാണ് വിശ്വാസത്തിന്റെ തുടക്കം. കൃത്യമായി നായകനെ ('തല നരച്ച' തൂക്കു ദുരൈ) മാസ്സായി, സ്റ്റൈലിഷായി അവതരിപ്പിക്കുന്നു. നാട്ടിലെ ഉത്സവം നടത്താൻ തൂക്കു ദുരൈയുടെ നിര്‍ദ്ദേശപ്രകാരം തീരുമാനിക്കുന്നു. തൂക്കുദുരൈ പറഞ്ഞാല്‍ എതിര്‍ത്തൊരു വാക്കില്ലാത്ത നാടാണ് ഗ്രാമം. 10 വര്‍ഷം കൂടുമ്പോള്‍ മാത്രം നടക്കുന്ന ഉത്സവം കൊടിയേറ്റുമ്പോള്‍ തൂക്കു ദുരൈ എല്ലാവരെയും പോലെ അത്ര സന്തോഷവാനല്ല. കാരണം ഭാര്യ ഒപ്പമില്ലെന്നതു തന്നെ. സ്വന്തക്കാരുടെ സമ്മര്‍ദ്ദത്തില്‍ ഭാര്യയെ തിരിച്ചുകൊണ്ടുവരാൻ അടുത്ത ആള്‍ക്കാര്‍ക്കൊപ്പം തൂക്കു ദുരൈ മുംബയിലേക്ക് പോകുകയാണ്. ആ യാത്രയില്‍ ഫ്ലാഷ് ബാക്കിലേക്ക് ക്യാമറ തിരിക്കുകയാണ് സംവിധായകൻ.

'തല നരയ്ക്കാത്ത' തൂക്കുദുരൈയുടെ ഗ്രാമത്തില്‍ മെഡിക്കല്‍ ക്യാമ്പിനായി എത്തിയതാണ് നിരഞ്ജന. ആരും എതിര്‍ക്കാത്തെ തൂക്കുദുരൈയ്ക്ക് എതിരെ കേസ് കൊടുക്കാൻ പോലും തയ്യാറാകുന്നു, നിരഞ്ജന. ആ ധൈര്യമാണ് തൂക്കു ദുരൈയെ നിരഞ്ജനയിലേക്ക് ആകര്‍ഷിക്കുന്നത്. പാട്ടും അത്യാവശ്യം സ്റ്റണ്ടും പഴയതെങ്കിലും കോമഡി നമ്പറുകളും ഒക്കെയായി ഫാൻസിന് ആഘോഷിക്കാൻ വേണ്ട വിഭവങ്ങള്‍ ചേര്‍ത്തുതന്നെയാണ് പ്രണയവും ഒടുവില്‍ വിവാഹവും മകളുടെ ജനനവും ഒക്കെ. മകള്‍ക്ക് വേണ്ടി ഉന്നത വിദ്യാഭ്യാസം പോലും വേണ്ടെന്നുവയ്ക്കുന്ന നിരഞ്ജന ഒരു പ്രത്യേക സാഹചര്യത്തില്‍ തൂക്കു ദുരൈയുമായി അകന്ന് സ്വന്തം നാടായ മുംബൈയിലേക്ക് മകളെയും കൊണ്ടുപോകുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ മുംബൈയില്‍ എത്തുന്ന നായകന് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും  പതിവ് സംഭവങ്ങളും തന്നെയാണ് സിനിമ.

പുതുതായി ഒന്നും കണ്ടെത്താനാകാത്ത പ്രമേയവും കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളുമാണ് വിശ്വാസത്തിന് തിരിച്ചടിയാകുന്നത്. സാദാ പക്ക കൊമേഴ്സ്യല്‍ പടങ്ങളുടെ ശീലമനുസരിച്ചുള്ള ഇടവിട്ടിടവിട്ടുള്ള പാട്ടും ആട്ടവും ആദ്യ ആഴ്‍ചയില്‍ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ളത് മാത്രമാണ്. അജിത്തിന്റെ മാസ് പ്രകടനം മാത്രം 'തല'യുടെ കടുത്ത ആരാധകര്‍ക്ക് കയ്യടിക്കാൻ വക നല്‍കുന്നു. അതിനു വേണ്ടിയുള്ള സംഭാഷണങ്ങളും ആക്ഷൻ രംഗങ്ങളും  വിശ്വാസത്തിലുണ്ട്. ആദ്യ പകുതി അവസാനത്തിലെത്തുമ്പോള്‍ പിരിമുറക്കമുള്ള സിനിമക്കാഴ്‍ചയിലേക്ക് നീങ്ങുമെന്ന് തോന്നിക്കുമെങ്കിലും രണ്ടാം പകുതിയില്‍ ആ ആവേശത്തിനൊപ്പമുള്ളതല്ല കഥാഗതി.  നാലാംവട്ടവും സംവിധായകനും നായകനും ഒന്നിക്കുമ്പോള്‍ ആരാധകര്‍ കാത്തിരുന്ന അദ്ഭുതങ്ങളൊന്നും സ്ക്രീനില്‍ ഇല്ല.

'തല' നിറഞ്ഞുനില്‍ക്കുന്ന വിശ്വാസത്തില്‍ സ്ക്രീൻ പ്രസൻസില്‍ കുറച്ചെങ്കിലുമുള്ളത് നിരഞ്ജനയായി എത്തിയ നയൻതാരയും മകള്‍ ശ്വേതയായി അഭിനയിച്ച അനിഘയുമാണ്. 'തല'യെ മറികടന്നു വളരാനുള്ള ശേഷിയുള്ളതല്ല പക്ഷേ നയൻതാരയ്‍ക്കായി നീക്കിവച്ച നിരഞ്ജന. രണ്ടാം പകുതിക്ക് തൊട്ടുമുന്നേ എത്തുന്ന അനിഘ വൈകാരിക രംഗങ്ങള്‍ മികച്ചതാക്കി. അനിഘയ്‍ക്കൊപ്പമുള്ള കോമ്പിനേഷൻ രംഗങ്ങളില്‍ നടനെന്ന നിലയില്‍ അജിത്തിനും മികവ് കാട്ടാനുള്ളതായി. വിവേകിനെയും കൊവൈസൈരാളിനെയുമൊക്കെ ഫെസ്റ്റിവല്‍ സീസണില്‍ കുടുംബപ്രേക്ഷകരെ  ചിരിപ്പിക്കാൻ കൊണ്ടുവന്നിട്ടുണ്ടെങ്കിലും പണ്ടേ കേട്ട തമാശകളും രംഗങ്ങളുമായതിനാല്‍ വിശ്വാസത്തിന് ഗുണമാകുന്നുമില്ല. ഇവര്‍ക്ക് പുറമേ എണ്ണത്തില്‍ കുറേ കഥാപാത്രങ്ങളുണ്ടെങ്കിലും മിക്കവരും വെറും കാഴ്ചക്കാര്‍ മാത്രമാണ്. ഡി ഇമ്മൻ ഈണം പകര്‍ന്ന പാട്ടുകളേക്കാള്‍ പശ്ചാത്തല സംഗീതമാണ് സിനിമയെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്.