'ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ എന്താണ് വൈകിയത്? റിപ്പോർട്ട് വന്നതോടെ പല പുരുഷൻമാരുടെയും ഉറക്കം പോയി'
തമിഴിലും ഹേമ കമ്മിറ്റി മാതൃകയിൽ സമിതിക്കായി ഒരുക്കങ്ങൾ തുടങ്ങിയെന്നും ഖുശ്ബു പറഞ്ഞു.
ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ എന്തുകൊണ്ടാണ് വൈകിയതെന്ന ചോദ്യവുമായി നടി ഖുശ്ബു. ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു. റിപ്പോർട്ട് പുറത്തുവന്നതോടെ പല പുരുഷൻമാരുടെയും ഉറക്കം പോയി എന്നും തമിഴിലും ഹേമ കമ്മിറ്റി മാതൃകയിൽ സമിതിക്കായി ഒരുക്കങ്ങൾ തുടങ്ങിയെന്നും ഖുശ്ബു പറഞ്ഞു. മുകേഷ് വിഷയം രാഷ്ട്രീയവത്കരിക്കാനില്ലെന്നും ഖുശ്ബു ഏഷ്യാനെറ്റ് ന്യൂസിനട് പ്രതികരിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഖുശ്ബു മുന്‍പും പ്രതികരിച്ചിരുന്നു. ഇരകളായവർ ദുരനുഭവങ്ങൾ ധൈര്യത്തോടെ തുറന്നു പറയണമെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ പ്രതികരണത്തില്‍ നടി പറഞ്ഞത്. ഇനിയും മുഖം മറച്ചിരിക്കേണ്ട കാര്യമില്ലെന്നും ഹേമ കമ്മറ്റി റിപ്പോർട്ട് രാഷ്ട്രീയവൽക്കരിക്കാനില്ലെന്നും അവർ പറഞ്ഞു. രഞ്ജിത്തിനെതിരായ ആരോപണത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും ഖുശ്ബു വ്യക്തമാക്കി. ഒരു പ്രോഗ്രാമിന്‍റെ ഭാഗമായി കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു ഖുശ്ബു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.