Asianet News MalayalamAsianet News Malayalam

ഷൂട്ടൗട്ടില്‍ ഇറ്റലിയെ കീഴടക്കി ജര്‍മനി സെമിയില്‍

Euro 2016: Germany beat Italy in shootout to reach semis
Author
Paris, First Published Jul 2, 2016, 3:30 AM IST


പാരീസ്: യൂറോ കപ്പ് ഫുട്ബോളില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ഇരുവശത്തേക്കും ആടിയുലഞ്ഞ മത്സരത്തിനൊടുവില്‍ ഇറ്റലിയെ തോല്‍പിച്ച് ജര്‍മനി സെമിയില്‍കടന്നു. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ അടിച്ച് സമനിലയില്‍ പിരിഞ്ഞപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ജര്‍മനിയുടെ ജയം (6-5). ഇന്ന് നടക്കുന്ന ഫ്രാന്‍സ്-ഐസ്‍ലന്‍ഡ് അവസാന ക്വാര്‍ട്ടര്‍ മത്സരവിജയികളെ ജര്‍മനി സെമിയില്‍ നേരിടും.

ഷൂട്ടൗട്ടില്‍ ഷ്വാന്‍സ്റ്റീഗര്‍ക്കും മുള്ളര്‍ക്കും ഓസിലിനും കഴിയാതിരുന്നത് ഒനാസ് ഹെക്ടര്‍ക്ക് കഴിഞ്ഞപ്പോള്‍ അസൂറികളുടെ പ്രതിരോധത്തെ തകര്‍ത്തെറിയാന്‍ ജര്‍മന്‍ ടാങ്കിനായി. ആദ്യ പകുതിയില്‍ ജര്‍മനി ഇരച്ചുകയറിയെങ്കിലും ഗോള്‍ വീഴാതെ ഇറ്റാലിയന്‍ പ്രതിരോധം പിടിച്ചു നിന്നു. എന്നാല്‍ രണ്ടും കല്‍പ്പിച്ചിറങ്ങിയ രണ്ടാം പകുതിയില്‍ ജര്‍മനി മുന്നിലെത്തി. അറുപത്തഞ്ചാം മിനിറ്റില്‍ മെസ്യൂട് ഓസിലിലൂടെയായിരുന്നു ജര്‍മനി മുന്നിലെത്തിയത്. ഒരു ഗോള്‍ ലീഡില്‍ ജര്‍മനി പിടിച്ചുനില്‍ക്കുമെന്ന് കരുതിയ ഘട്ടത്തിലാണ് പെനല്‍റ്റി ബോക്സില്‍ ജെറോം ബൊട്ടേംഗിന്റെ കൈയബദ്ധം ജര്‍മനിയെ ചതിച്ചത്. 78-ാം ആം മിനിറ്റില്‍ പെനല്‍റ്റി ബോക്സിലേക്ക് ഉയര്‍ന്നുവന്നൊരു ക്രോസ് ബൊട്ടേംഗിന്റെ കൈയില്‍ തട്ടിയപ്പോള്‍ പെനല്‍റ്റി സ്പോട്ടിലേക്ക് റഫറി വിരല്‍ ചൂണ്ടി. മാന്യൂവല്‍ നൂയറുടെ പ്രതിരോധം ഭേദിച്ച് ബൊനൂച്ചി പന്ത് വലയിലെത്തിച്ചതോടെ അസൂരികള്‍ക്ക് ആശ്വാസമായി.

എന്നാല്‍ പിന്നീട് ഇരുടീമുകളും കരുതലോടെ കളിച്ചതോടെ ഗോള്‍ മാത്രം പിറന്നില്ല. എങ്കിലും പന്തടക്കത്തില്‍ ആധിപത്യമുണ്ടായിരുന്ന ജര്‍മനി പലതവണ ലക്ഷ്യത്തിനടുത്തെത്തി. ഇടയ്ക്കിടെ മിന്നലാക്രമണങ്ങളിലൂടെ ഇറ്റലിയും ജര്‍മന്‍ മതിലിനെ പിടിച്ചുകുലുക്കി. എന്നാല്‍ ഗോള്‍ വീഴാതെ അധികസമയവും തീര്‍ന്നപ്പോള്‍ മത്സരം ഷൂട്ടൗട്ടിലെത്തി.

ഇറ്റലിക്കായി ആദ്യ കിക്കെടുത്ത ഇന്‍സീനയും ജര്‍മനിക്കായി ആദ്യ കിക്കെടുത്ത ടോണി ക്രൂസും ലക്ഷ്യം കണ്ടു. എന്നാല്‍ ഇറ്റലിയുടെ രണ്ടാം കിക്ക് ഇറ്റലിയുടെ സസയും ജര്‍മനിയുടെ മുള്ളറും പാഴാക്കി. വീണ്ടും സ്കോര്‍ ഒപ്പത്തിനൊപ്പം.മൂന്നാം കിക്ക് ബര്‍സാഗ്ലി ഗോളാക്കിയതോടെ ഇറ്റലിക്ക് മുന്‍തൂക്കമായി. ജര്‍മനിക്കായി മൂന്നാം കിക്കെടുത്ത ഓസിലിന് പിഴയ്ക്കുക കൂടി ചെയ്തതോടെ ഇറ്റലിക്കെതിരായ പരാജയ ചരിത്രം തിരുത്താന്‍ ഇത്തവണയും ജര്‍മനിക്കാവില്ലെന്ന് കരുതിയ ആരാധകരെ ഞെട്ടിച്ച് ഇറ്റലിയുടെ നാലാം കിക്കെടുത്ത പെല്ലെക്ക് പിഴച്ചു. ജര്‍മനിയുടെ നാലാം കിക്കെടുത്ത ഡ്രാക്സ്ലര്‍ ലക്ഷ്യം കാണുക കൂടി ചെയ്തതോടെ ജര്‍മനി വീണ്ടും ഒപ്പമെത്തി.

ബൊനൂച്ചിയായിരുന്നു ഇറ്റലിക്കായി നിര്‍ണായക അഞ്ചാം കിക്കെടുത്തത്. മത്സരത്തിനിടെ ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച ബൊനൂച്ചിയ്ക്ക് പക്ഷെ ഇത്തവണ പിഴച്ചു. ജര്‍മനിയുടെ കിക്കെടുത്ത ഷ്വാന്‍സ്റ്റീഗര്‍ക്ക് ലക്ഷ്യം കണ്ടാല്‍ ജര്‍മനിക്ക് ജയഭേരി മുഴക്കാമായിരുന്നു. എന്നാല്‍ ഷ്വാന്‍സ്റ്റീഗര്‍ പന്ത് പോസ്റ്റിന് മുകളിലൂടെ അടിച്ചുപറത്തി ജയം വൈകിച്ചു.

ഇറ്റലിക്കായി അടുത്ത കിക്കെടുത്ത ജിയക്കിറേനി ജര്‍മനിക്കായി കിക്കെടുത്ത ഹുമ്മല്‍സും ലക്ഷ്യം കണ്ടു. വീണ്ടും ഒപ്പത്തിനൊപ്പമായതോടെ അടുത്ത കിക്കെടുത്ത പറോളോ ഇറ്റലിക്കായി ലക്ഷ്യം കണ്ടു. ജര്‍മനിക്കായി കിമ്മിച്ചും ലക്ഷ്യത്തിലെത്തി. ഇറ്റലിയുടെ ഡി ഷിലിയോയുടെയും ജര്‍മനിയുടെ ബോട്ടെംഗിന്റെ കിക്കും വലയിലെത്തി. എന്നാല്‍ ഇറ്റലിക്കായി അടുത്ത കിക്കെടുത്ത ഡര്‍മിനായന്റെ ഷോട്ട് മാനുവല്‍ന നൂയര്‍ തടഞ്ഞതോടെ ജര്‍മനിക്ക് മുന്‍തകൂക്കമായി. ജര്‍മനിയുടെ നിര്‍ണായക കിക്ക് വലയിലാക്കി ഹെക്ടര്‍ ജര്‍മന്‍ ജയഭേരി മുഴക്കി. ഒരു പ്രധാന ടൂര്‍ണമെന്‍റിന്റെ നോക്കൊട്ട് ഘട്ടത്തില്‍ ഇറ്റലിക്കെതിരെ ജര്‍മനിക്ക് ആദ്യമായാണ് ജയിക്കുന്നത്.

Follow Us:
Download App:
  • android
  • ios