ദില്ലി: : കൊവിഡ് 19നെ നേരിടാനുള്ള ആഗോള ദൌത്യത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മേല്‍നോട്ടം വഹിക്കണമെന്ന് അമേരിക്കയും യുകെയും ആവശ്യപ്പെട്ടോ. ആവശ്യപ്പെട്ടു എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ കറങ്ങുന്ന ഒരു വാട്‍സ്ആപ്പ് സന്ദേശം പറയുന്നത്. എന്തെങ്കിലും വസ്തുതയുണ്ടോ ഈ പ്രചാരണത്തില്‍. 

പ്രചരിക്കുന്ന സന്ദേശം ഇങ്ങനെ

'കൊവിഡിനെ നേരിടാനുള്ള പ്രത്യേക ദൌത്യ സംഘത്തെ നരേന്ദ്ര മോദി നയിക്കണമെന്ന് അമേരിക്കയും ഇംഗ്ലണ്ടും അടക്കമുള്ള 18 രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഇന്ത്യക്ക് അഭിമാന നിമിഷമാണിത്. മോദിയില്‍ വിശ്വസിക്കുക, ഇന്ത്യ വിജയിക്കും'. വാട്‍സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലാണ് ഈ വാർത്ത അതിവേഗം പടർന്നത്. 

സാർക് അടിയന്തര ഫണ്ടിന് ചുക്കാന്‍ പിടിച്ചത് ഇന്ത്യ

കൊവിഡിനെ നേരിടാനുള്ള ഒരു രാജ്യാന്തര ദൌത്യസംഘത്തെയും ഇന്ത്യ നയിക്കുന്നില്ല എന്നതാണ് വാസ്തവം. എന്നാല്‍ സാർക്(സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജ്യണൽ കോ-ഓപ്പറേഷൻ) രാജ്യങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് ഇന്ത്യ ചുക്കാന്‍പിടിച്ചിരുന്നു. മാർച്ച് 15ന് സാർക് രാജ്യത്തലവന്‍മാരുമായി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയും സാർക് കൊവിഡ് 19 ഫണ്ടിലേക്ക് 10 മില്യണ്‍ ഡോളറിന്‍റെ സഹായം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ യോഗത്തിന്‍റെ വാർത്താക്കുറിപ്പില്‍ ദൌത്യസംഘത്തെ കുറിച്ച് പരാമർശമില്ല.

ശ്രീലങ്ക, മാലിദ്വീപ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് സാർക്കിലുള്ളത്. അമേരിക്കയ്ക്കും ഇംഗ്ലണ്ടിനും സാർക്കുമായി ഒരു ബന്ധവുമില്ല. 

ജി20 യോഗത്തിലും ചർച്ചയായില്ല

മാർച്ച് 26ന് നടന്ന ജി20 രാജ്യത്തലവന്‍മാരുടെ വെർച്വല്‍ സമ്മിറ്റിലും പ്രത്യേക ദൌത്യസംഘത്തെ കുറിച്ച് തീരുമാനമെടുത്തില്ല എന്ന് വാർത്താക്കുറിപ്പ് പരിശോധിച്ചാല്‍ വ്യക്തമാണ്. ജി20 രാജ്യങ്ങളുടെ അസാധാരണ യോഗത്തിന് നേതൃത്വം നല്‍കിയ സൌദി രാജാവിന് മോദി നന്ദിപറഞ്ഞെങ്കിലും ദൌത്യ സംഘത്തെ കുറിച്ച് പരാമർശങ്ങള്‍ നടത്തിയില്ല. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് വ്യക്തം.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക