ദില്ലി: മഹാമാരിയായ കൊവിഡ് 19നെ പ്രതിരോധിക്കാന്‍ രാജ്യത്തെ ജനങ്ങളോട് ധനസഹായം അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്‍ച രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്(PM-CARES fund) സംഭാവന നൽകാനായിരുന്നു മോദിയുടെ ആഹ്വാനം. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് നിരവധി പേർ സംഭാവനകള്‍ നല്‍കുകയും ചെയ്തു. 

എന്നാല്‍ ഇതിനിടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ ഒരു തട്ടിപ്പ് സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുകയാണ്. വ്യാജ യുപിഐ ഐഡി(UPI ID) നിർമ്മിച്ചാണ് ചിലർ തട്ടിപ്പിന് ശ്രമം നടത്തിയത്. വ്യാജ യുപിഐ ഐഡിക്കെതിരെ ജാഗ്രത പാലിക്കണമെന്നും ശരിയായ യുപിഐ ഐഡി ഏതെന്നും ഓർമ്മിപ്പിച്ച് പ്രസ് ഇന്‍ഫർമേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ശരിയായ യുപിഐ ഐഡി pmcares@sbi ആണ് എന്ന് പിഐബി ട്വീറ്റ് ചെയ്തു.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ എത്തിക്കാന്‍ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആഹ്വാനം നടത്തിയത്. പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കുന്നതിനും ഗവേഷണത്തിനും വേണ്ടിയാണ് ഈ പണം വിനിയോഗിക്കുക. പ്രധാനമന്ത്രിയുടെ ട്വീറ്റില്‍ യുപിഐ ഐഡിയും അക്കൌണ്ട് വിവരങ്ങളും പണമയക്കാനുള്ള മറ്റ് മാർഗങ്ങളും കൃത്യമായി രേഖപ്പെടുത്തിയിരുന്നു. ഇത് മറച്ചുവെച്ചാണ് യുപിഐ ഐഡി തട്ടിപ്പുമായി ചിലർ ഇറങ്ങിയത്. 

Read more: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക, രാജ്യത്തോട് സഹായമഭ്യർത്ഥിച്ച് പ്രധാനമന്ത്രി

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക