കൊവിഡ് ബാധ ലോകത്തെ ബാധിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറസ് ബാധയുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് നിറയുന്നത്. ഇപ്പോള്‍ തന്നെ കൊറോണ വൈറസിനെതിരായ പ്രതിരോധത്തിന്‍റെ പ്രതീകമായി ഏറെ ചിത്രങ്ങള്‍ പലരും പങ്കുവയ്ക്കുന്നുണ്ട്.  ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് കൊറോണ രോഗികളെ ചികില്‍സിക്കുമ്പോള്‍ രോഗം വന്ന് മരണപ്പെട്ട ഇന്തോനേഷ്യന്‍ ഡോക്ടര്‍ അവസാനമായി ഡ്യൂട്ടിക്ക് പോകുമ്പോള്‍ തന്‍റെ കുടുംബത്തെ അഭിവാദ്യം ചെയ്യുന്നു എന്ന തരത്തില്‍ ഒരു ചിത്രം.

ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നീ പ്ലാറ്റ്ഫോമുകളിലും വാട്ട്സ്ആപ്പിലും ഈ ചിത്രവും കുറിപ്പും വൈറലാകുന്നുണ്ട്. വിവിധ പോസ്റ്റുകളുടെ അടിസ്ഥാനത്തില്‍ ഹാദിയോ അലി എന്നാണ് മരണപ്പെട്ട ഡോക്ടറുടെ പേര്. ഇത് സംബന്ധിച്ച വാര്‍ത്ത തിരഞ്ഞാല്‍ മാര്‍ച്ച് 22ലെ ഇന്തോനേഷ്യന്‍ പത്രം ജക്കാര്‍ത്ത ഗ്ലോബിന്‍റെ വാര്‍ത്ത പ്രകാരം ഇതേ പേരുള്ള ഒരു ഡോക്ടര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ രോഗം വന്ന് മരണപ്പെട്ടിട്ടുണ്ട്. അപ്പോള്‍ പോസ്റ്റിലെ വസ്തുത ശരിയാണെന്ന് ഉറപ്പിക്കാം ഹാദിയോ അലി എന്ന ഡോക്ടര്‍ കൊവിഡ് കാരണം ഇന്തോനേഷ്യയില്‍ മരണപ്പെട്ടിട്ടുണ്ട്.

ദേശീയ ഉല്മ കൗണ്‍സില്‍ പ്രസിഡന്‍റ് അമീര്‍ റഷാദി മദനിയുടെ ഫേസ്ബുക്ക് പേജിലാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ ഈ പോസ്റ്റ് ആര്‍ക്കേവ് ചെയ്തിരിക്കുകയാണ്. ഒപ്പം തന്നെ സിറിയന്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഒമര്‍ മദാനാഹിയും ഇത് ട്വീറ്റ് ചെയ്തിട്ടുണ്ട്. 

എന്നാല്‍  ഇവരെല്ലാം പോസ്റ്റുകളില്‍ ഉപയോഗിച്ചതും, ഇപ്പോള്‍ വൈറലുമായ ചിത്രം കുടുംബത്തോട് ഹാദിയോ അലി അവസാനമായി വിട പറയുന്ന ചിത്രം യഥാര്‍ത്ഥമാണോ എന്ന് അറിയാന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമായി റിവേഴ്സ് സെര്‍ച്ച് നടത്തി നോക്കി. അങ്ങനെ നോക്കിയാല്‍ മാര്‍ച്ച് 21ന് മലേഷ്യന്‍ സ്വദേശിയായ ഫേസ്ബുക്ക് ഉപയോക്താവ് അഹമ്മദ് ഇഫാദീ സലാനൂദ്ദീന്‍ എന്ന വ്യക്തിയിട്ട പോസ്റ്റാണ് ലഭിക്കുന്നത്. ഇതിലെ പോസ്റ്റ് ഗൂഗിള്‍ ട്രാന്‍സിലേറ്റര്‍ ഉപയോഗിച്ച് പരിശോധിച്ചാല്‍ അതില്‍ പറയുന്നത് ഇതാണ്

'ചിത്രത്തില്‍ എന്‍റെ സഹോദരനാണ് അദ്ദേഹം ഡോക്ടറാണ്, കൊവിഡ് രോഗികളെ ചികില്‍സിക്കുന്നത് മൂലം കുടുംബവുമായി ദൂരം സൂക്ഷിക്കുന്നു. അതിനാല്‍ തന്നെ അദ്ദേഹം തന്‍റെ കുട്ടികളെ കാണുന്നതാണ് ഈ ചിത്രം' - എന്നാണ്.

ഇതിന് പുറമേ ഇന്തോനേഷ്യന്‍ ന്യൂസ് സൈറ്റായ ടെംപോയുടെ ഫാക്ട് ചെക്കിംഗ് വിഭാഗം സെക്ഫാക്ടാ  അഹമ്മദ് ഇഫാദീ സലാനൂദ്ദീന്‍റെ പോസ്റ്റ് വിലയിരുത്തുകയും, ഒപ്പം  അഹമ്മദ് ഇഫാദീ സലാനൂദ്ദീന്‍റെ പ്രസ്താവന ഒപ്പം ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇത് പ്രകാരം ഫോട്ടോയില്‍ ഉള്ളത് ഇദ്ദേഹത്തിന്‍റെ സഹോദരനാണെന്നും അദ്ദേഹം ജീവനോടെയുണ്ടെന്നും പറയുന്നു. ചില മലേഷ്യന്‍ സൈറ്റുകളും ഈ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതായത് ഡോക്ടര്‍ അലി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനിടെ മാര്‍ച്ച് 22ന് ഇന്തോനേഷ്യന്‍ ഡോക്ടര്‍ കൊറോണ ബാധിതനായി മരിച്ചിട്ടുണ്ട്. എന്നാല്‍ അയാളുടെയും കുടുംബത്തിന്‍റെയും എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന ചിത്രം എന്നാല്‍ തന്‍റെ കുടുംബത്തില്‍ നിന്നും ഐസലേഷനില്‍ കഴിയുന്ന മലേഷ്യന്‍ ഡോക്ടറുടെതാണ്.