പുതുച്ചേരി: റോഡരികില്‍ തത്തിക്കളിക്കുന്ന എണ്ണിയാലൊടുങ്ങാത്ത കോഴികുഞ്ഞുങ്ങള്‍. 'കൊവിഡ് 19 വ്യാപനത്തെ തുടർന്ന് റോഡരികില്‍ ഉപേക്ഷിച്ച മുട്ടകള്‍ ഒരാഴ്‍ചയ്ക്ക് ശേഷം വിരിഞ്ഞതാണ്. പ്രകൃതിയുടെ ഒരു സൃഷ്ടിയേ'. ട്വിറ്ററിലും വാട്‍സാപ്പിലും വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോ ആണിത്. 

രണ്ട് മിനുറ്റും ആറ് സെക്കന്‍ഡും ദൈർഘ്യമുള്ള വീഡിയോ ട്വീറ്റ് ചെയ്തവരിലെ ഒരാള്‍ പുതുച്ചേരി ലഫ്റ്റന്‍റ് ഗവർണർ കിരണ്‍ ബേദിയാണ്. വാ‍ട്‍സ്ആപ്പില്‍ വീഡിയോയ്‍ക്കൊപ്പം പ്രചരിച്ച കുറിപ്പ് സഹിതമായിരുന്നു അവരുടെ ട്വീറ്റ്. ജീവന് അതിന്‍റേതായ നിഗൂഢതകളുണ്ട് എന്നും കുറിപ്പിനൊപ്പം കിരണ്‍ ബേദി ചേർത്തു. ഫോർവേഡ് മെസേജ് ആണെന്ന് ബ്രാക്കറ്റില്‍ നല്‍കി മുന്‍കൂർ ജാമ്യമെടുത്തിട്ടുണ്ട് ഐപിഎസ് മുന്‍ ഓഫീസർ. 

സമാന തലക്കെട്ടില്‍ നിരവധി പേർ സാമൂഹ്യമാധ്യമങ്ങളില്‍ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയുടെ സ്ക്രീന്‍ഷോട്ട് ചുവടെ ചേർക്കുന്നു.

 

മുട്ട വിരിയാന്‍ 21 ദിവസത്തെ ഇന്‍കുബേഷന്‍ വേണമെന്ന് പോലും മനസിലാക്കാതെയാണ് ഒരാഴ്ചയുടെ കണക്കുമായി പലരുമിറങ്ങിയത്. മാത്രമല്ല, ഇന്‍കുബേറ്ററിന് പുറത്തുള്ള സ്വാഭാവിക സാഹചര്യങ്ങളില്‍ ഇത്രത്തോളം മുട്ട വിരിയുമോയെന്നതും ചോദ്യമാണ്. ഇതിന് മണ്ണുത്തി വെറ്ററിനറി കോളേജിലെ പൌള്‍ട്രി സയന്‍സ് വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. പി അനിത മറുപടി നല്‍കി. 

"സാധാരണയായി 21 ദിവസത്തെ ഇന്‍കുബേഷന്‍ കാലയളവാണ് മുട്ട അടവിരിയിക്കാന്‍ എടുക്കുന്നത്. 37 ഡിഗ്രിക്കടുത്ത് ചൂടും ആവശ്യമായ ഈർപ്പവും ഇതിന് അനിവാര്യമാണ്. ഇവ ഇല്ലെങ്കില്‍ മുട്ട പൊട്ടി കുഞ്ഞുങ്ങള്‍ പുറത്തുവരില്ല. കുഞ്ഞുങ്ങള്‍ ഉള്ളില്‍ വെച്ച് തന്നെ ചത്തുപോകും. ഉള്ളില്‍ വളർച്ച നടക്കാനും സാധ്യതയില്ല. റോഡരികില്‍ മുട്ടവിരിയുന്നു എന്ന് പറയുന്നത് അതിനാല്‍ അവിശ്വസനീയമാണ്. വീഡിയോയില്‍ കാണുന്നപോലെ കുഞ്ഞുങ്ങള്‍ വിരിയാനുള്ള സാധ്യതയില്ല".

നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങളെയാണ് വീഡിയോയില്‍ കാണുന്നത്. പൊട്ടിക്കിടക്കുന്ന മുട്ടകളോ പ്രതികൂല സാഹചര്യത്തില്‍ ചത്തുപോയവയോ കാണാനില്ല. ഇതൊക്കെയാണ് സംശയം ജനിപ്പിക്കുന്നത്. ഈ വീഡിയോ എപ്പോഴുള്ളതാണ് എന്നും വ്യക്തമല്ല. അശാസ്ത്രീയമായ വീഡിയോ പങ്കുവെച്ചതില്‍ കിരണ്‍ ബേദിക്കെതിരെ നിരവധി പേർ പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്.