ഒമര്‍ അബ്ദുള്ളയുടെ പ്രസ്താവനയെന്ന വാദത്തോടെ പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ ഉന്നയിച്ച പ്രസ്താവനയുടെ യാഥാര്‍ത്ഥ്യമെന്ത്? കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയുന്നത് ഭൂകമ്പമുണ്ടാക്കുമെന്നും അത് കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍തിരിക്കുമെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പാര്‍ലമെന്‍റില്‍ അവകാശപ്പെട്ടത്. വാര്‍ത്താക്കുറിപ്പുകളുടെഅടിസ്ഥാനത്തിലായിരുന്നു അവകാശവാദം.

എന്നാല്‍ ഈ പ്രസ്താവനയ്ക്കായി പ്രധാനമന്ത്രി ആശ്രയിച്ചത് ഒരു ആക്ഷേപഹാസ്യ വാര്‍ത്തയാണെന്നാണ് ബൂംലൈവ് ഫാക്ട് ചെക്കില്‍ കണ്ടെത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രസംഗം യുട്യൂബിലും ബിജെപി ഔദ്യോഗിക ട്വിറ്റര്‍ പേജിലും ഈ വിവരം പങ്കുവച്ചിരുന്നു.

ആക്ഷേപ ഹാസ്യരീതിയില്‍ വാര്‍ത്തയെ സമീപിക്കുന്ന ഫേക്കിങ് ന്യൂസ് എന്ന ഓണ്‍ലൈന്‍ പേജില്‍ വന്ന വാര്‍ത്തയെ അടിസ്ഥാനമാക്കിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. 2014 മെയ് 28ന് ഫേക്കിങ് ന്യൂസ് പേജില്‍ വന്ന ലേഖനത്തിന്‍റെ തലക്കെട്ടാണ് പ്രധാനമന്ത്രിയെ പാര്‍ലമെന്‍റില്‍ തെറ്റായ പ്രസ്താവന നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് ബൂംലൈവ് കണ്ടെത്തിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ 370 നീക്കുന്നത് ഭൂകമ്പമുണ്ടാക്കി ഇന്ത്യയില്‍ നിന്ന് കശ്മീരിനെ വേര്‍തിരിക്കുമെന്ന് ഒമര്‍ അബ്ദുള്ള എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ ആര്‍ട്ടിക്കിള്‍ 370 ഒരു മാന്ത്രിക കല്ലാണെന്നും അവകാശപ്പെടുന്നുണ്ട്. ആക്ഷേപഹാസ്യ സ്വരത്തില്‍ വാര്‍ത്തകളും വിവരങ്ങളും പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റാണ് ഫേക്കിങ്ങ് ന്യൂസ്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനിടെയാണ് വ്യാജവാര്‍ത്തയെ അടിസ്ഥാനമാക്കിയുള്ള പ്രസ്താവന വന്നത്. ഈ പ്രസ്താവനകളെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഒമര്‍ അബ്ദുള്ളയുടെ അക്കൗണ്ടില്‍ നിന്നും വന്ന അവസാനത്തെ ട്വീറ്റ് ഇതാണ്.

സംസ്ഥാനത്തിന്റെ മികച്ച താത്പര്യങ്ങള്‍ മനസിലില്ലാത്തവര്‍ക്കു മാത്രമേ അക്രമം ചെയ്യാനാകൂ. ഞങ്ങള്‍ ചേര്‍ന്ന ഇന്ത്യ ഇതല്ല, പക്ഷെ പ്രതീക്ഷ വിടാന്‍ ഞാന്‍ തയ്യാറായില്ല. എല്ലാം ശാന്തമാകട്ടെ. ദൈവം നിങ്ങളോട് കൂടിയുണ്ട് എന്ന് 2019 ഓഗസ്റ്റ് അഞ്ചിനാണ് ഒമര്‍ ട്വീറ്റ് ചെയ്തത്.