ദില്ലി: ബെംഗലുരുവില്‍ കൊറോണ വൈറസ് ബാധിച്ച കോഴിയെ കണ്ടെത്തിയെന്ന പേരില്‍ പ്രചരിച്ച ചിത്രത്തിലെ വസ്തുതയെന്ത്? തൂവലുകള്‍ വടിച്ച് നീക്കിയ കോഴിയുടെ ശരീരത്തില്‍ പുഴുക്കള്‍ അരിക്കുന്ന നിലയിലുള്ള ചിത്രമാണ് കൊറോണ ബാധിച്ച കോഴിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. സൗരവ് മൊണ്ടാല്‍ എന്നയാളാണ് കൊറോണ ബാധിച്ച കോഴിയെ ബെംഗലുരുവില്‍ കണ്ടെത്തിയെന്ന കുറിപ്പുമായി ചിത്രം പ്രചരിപ്പിച്ചത്. 

കഴിഞ്ഞ നവംബര്‍ മുതല്‍ സമൂഹമാധ്യമങ്ങളില്‍ വിവിധ പേരുകളില്‍ പ്രചരിക്കുന്ന ചിത്രമാണ് കൊറോണയുടെ പേരില്‍ വീണ്ടും പ്രചരിക്കുന്നതെന്നാണ് ഇന്ത്യ ടുഡേ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യ ടുഡേയുടം ആന്‍റി ഫേക്ക് ന്യൂസ് വാര്‍ റൂമാണ് പ്രചരിക്കുന്ന ചിത്രത്തിനും കുറിപ്പിനും പരസ്പര ബന്ധമില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊറോണ വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നതിന് പിന്നില്‍ ഏത് ജീവിയാണെന്ന് ഇനിയും കൃത്യമാണെന്ന് കണ്ടെത്താനായിട്ടില്ല. 

നിരവധിപ്പേരാണ് തെറ്റായ വിവരങ്ങളോട് കൂടിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. തമിഴ് 360 ന്യൂസില്‍ വന്ന വാര്‍ത്തയോടൊപ്പമുണ്ടായിരുന്ന ചിത്രമാണ് ദുരുപയോഗം ചെയ്തിരിക്കുന്നത്. ബ്രോയിലര്‍ കോഴികളില്‍ ത്വരിത വളര്‍ച്ചയ്ക്ക് വേണ്ടി കെമിക്കലുകള്‍ ഉപയോഗിക്കുന്നത് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടിലായിരുന്നു ഈ ചിത്രം ഉപയോഗിച്ചത്. നവംബര്‍ 21, 2019നാണ് ഈ റിപ്പോര്‍ട്ട് വന്നത്. കൊറോണ വൈറസിന് കോഴിയുമായി ഏതെങ്കിലും രീതിയില്‍ ബന്ധമുണ്ടെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്നാണ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് വെറ്റിനേറിയന്‍സ് ഓഫ് പോള്‍ട്രി ഇന്‍ഡസ്ട്രി പ്രസിഡന്‍റ് ഡോ ജി ദേവഗൗഡ വിശദമാക്കുന്നത്.