പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിലെ ഷഹീന്‍ ബാഗില്‍ പ്രതിഷേധത്തില്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍ പങ്കെടുത്തെന്ന പ്രചാരണത്തിലെ വാസ്തവം എന്താണ്? മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ കൂടിയായ ഇര്‍ഫാര്‍ പഠാന്‍ ജനുവരി 24ന് ഷഹീന്‍ബാദിലെത്തിയെന്നായിരുന്നു വീഡിയോ അടക്കമുള്ള പ്രചാരണങ്ങള്‍ അവകാശപ്പെട്ടത്. ഒരു സിംഹം കൂടി ഷഹീന്‍ബാഗിലെത്തി. ആ സിംഹത്തിന്‍റെ പേര് ഇര്‍ഫാന്‍ പഠാന്‍ എന്ന കുറിപ്പോടെ 13 സെക്കന്‍റ് മാത്രമുള്ള വീഡിയോ വളരെ പെട്ടന്നാണ് പങ്കുവയ്ക്കപ്പെട്ടത്. 

 

ദേശീയ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരണമാണ് വീഡിയോയ്ക്ക് നല്‍കിയത്. സമാനമായ വീഡിയോ ജനുവരി 14ന് ഇര്‍ഫാന്‍ പഠാന്‍ തന്നെ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ നിന്നുള്ളതായിരുന്നു ആ ദൃശ്യങ്ങള്‍. ഈ വീഡിയോ ടിക് ടോകിലും ഇര്‍ഫാന്‍ പഠാന്‍ പങ്കുവച്ചിരുന്നു. 

ഈ വീഡിയോയില്‍ ഇര്‍ഫാര്‍ എത്തുന്ന അതേ വസ്ത്രങ്ങളാണ് ഷഹീന്‍ബാഗിലെത്തിയെന്ന വാദവുമായി പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. ഈ ദൃശ്യങ്ങളില്‍ നിന്ന് എടുത്ത പതിമൂന്ന് സെക്കന്‍റ് വീഡിയോയാണ് വ്യാജ അവകാശ വാദത്തോടെ പ്രചരിച്ചത്. വീഡിയോയില്‍ സൂക്ഷ്മതയോടെ നോക്കിയാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മദന്‍ മിത്രയേ കാണാനും സാധിക്കും. ജനുവരി 14ന് കൊല്‍ക്കത്ത സന്ദര്‍ശിച്ച ദൃശ്യങ്ങളാണ് ഇര്‍ഫാന്‍ പഠാന്‍റെ ഷഹീന്‍ ബാഗ് സന്ദര്‍ശനമെന്ന പേരില്‍ പ്രചരിക്കുന്നത്. ആള്‍ട്ട് ന്യൂസിന്‍റെ ഫാക്ട് ചെക്കിലാണ് വ്യാജ പ്രചാരണം കണ്ടെത്തിയത്.