Asianet News MalayalamAsianet News Malayalam

'ബലാത്സംഗം ചെയ്തയാളെ സ്ത്രീകള്‍ക്ക് കൊല്ലാം, ഐപിസി 233 സംരക്ഷണം നല്‍കും'; വാട്സാപ്പ് സന്ദേശത്തിന്‍റെ സത്യമിതാണ്

ഐപിസി സെക്ഷന്‍ 233 പ്രകാരം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ മോദി സര്‍ക്കാര്‍ പുതിയ നിയമ പാസ്സാക്കിയോ? പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യമിതാണ്. 

truth of the whatsapp message says women get provision to kill attackers
Author
Thiruvananthapuram, First Published Dec 7, 2019, 10:49 PM IST

തിരുവനന്തപുരം: ഹൈദരാബാദ് കൂട്ടബലാത്സംഗം ഉള്‍പ്പെടെ രാജ്യത്തെ നടുക്കിയ ഒട്ടേറെ പീഡനക്കേസുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഐപിസി 233 പ്രകാരം ബലാത്സംഗം ചെയ്യുന്നയാളെ കൊലപ്പെടുത്താനുള്ള അവകാശം സ്ത്രീകള്‍ക്ക് നല്‍കുന്നു എന്ന വാര്‍ത്തയാണ് കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മോദി സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ നിയമം എന്ന രീതിയില്‍ വാട്സാപ്പ് സന്ദേശങ്ങളുടെ രൂപത്തില്‍ പ്രചരിച്ച വാര്‍ത്തയറിഞ്ഞ നിരവധി ആളുകള്‍ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. എന്നാല്‍ എന്താണ് ഈ വാര്‍ത്തയുടെ സത്യാവസ്ഥ? അത്തരത്തിലൊരു നിയമം പ്രാബല്യത്തില്‍ ഉണ്ടോ? ഷെയര്‍ ചെയ്യുന്നതിന് മുമ്പ് യാഥാര്‍ത്ഥ്യം അറിയൂ. 

truth of the whatsapp message says women get provision to kill attackers

'ഒടുവില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നിരിക്കുന്നു. ഐപിസി സെക്ഷന്‍ 233 പ്രകാരം ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടാല്‍ തന്നെ ബലാത്സംഗം ചെയ്തയാളെ കൊലപ്പെടുത്താനോ ഗുരുതരമായി ഉപദ്രവിക്കാനോ ഉള്ള അവകാശം ആ സ്ത്രീയ്ക്കുണ്ട്. അതിന്‍റെ പേരില്‍ അവര്‍ക്ക് മേല്‍ കൊലക്കുറ്റം ചുമത്താന്‍ കഴിയില്ല...' ഇതായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ച വാട്സാപ്പ് സന്ദേശത്തിന്‍റെ തുടക്കം. 

മുമ്പെങ്ങുമില്ലാത്ത വിധം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും പീഡനങ്ങളും നാള്‍ക്കുനാള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഈ സന്ദേശം പ്രചരിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള സന്ദേശം ഇതാദ്യമായല്ല സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നതെന്നും ഇതിന് മുമ്പും സമാനരീതിയിലുള്ള സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നെന്നും എഎല്‍റ്റി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2012ല്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ സന്ദേശം ആദ്യമായി പുറത്തെത്തിയത്. 

വാട്സാപ്പിലൂടെ പ്രചരിക്കുന്ന ഈ സന്ദേശത്തില്‍ യാതൊരു വസ്തുതയുമില്ല. ഐപിസി സെക്ഷന്‍ 233 പ്രകാരം വ്യക്തികളുടെ സ്വയരക്ഷ സംബന്ധിച്ചുള്ള നിയമങ്ങള്‍ ഈ വകുപ്പില്‍ നിഷ്കര്‍ഷിച്ചിട്ടില്ല. ഇന്ത്യന്‍ ശിക്ഷാ നിയമം 233ല്‍ കള്ളനോട്ട് അച്ചടിക്കുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തെ കുറിച്ചാണ് പറയുന്നത്. കള്ളനോട്ട് അച്ചടിക്കുന്നതോ കൈമാറുന്നതോ വില്‍ക്കുന്നതോ വാങ്ങുന്നതോ കുറ്റകരമാണ്. പിഴയോ മൂന്നു വര്‍ഷം തടവോ ലഭിക്കാവുന്ന കുറ്റമാണിത്. ഐപിസി 96 മുതല്‍ 106 വരെയുള്ള വകുപ്പുകളിലാണ് സ്വയരക്ഷയെ സംബന്ധിച്ചുള്ള അവകാശങ്ങൾ നിഷ്കര്‍ഷിക്കുന്നത്. സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള പ്രതിരോധത്തിനിടെ അക്രമിക്ക് മരണം സംഭവിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കുന്നതിന്‍റെ വിശദാംശങ്ങളാണ് ഈ വകുപ്പുകളില്‍ പറയുന്നത്. 

ഐപിസി സെക്ഷന്‍ 100 പ്രകാരം താഴെപറയുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരായി ശാരീരികരക്ഷ നേടുന്നതിന്, മരണമോ മറ്റ് ദേഹോപദ്രവങ്ങളോ ഏല്‍പ്പിക്കുന്നതിനെ നിയമം നീതീകരിക്കുന്നു.

1.സ്വയരക്ഷാവകാശം വിനിയോഗിച്ചില്ലെങ്കില്‍ മരണം സംഭവിച്ചേക്കുമെന്ന് ന്യായമായും ഭയമുണ്ടാകത്തക്കവണ്ണമുള്ള കൈയേറ്റം.
2. വളരെ ഗുരുതരമായ ദേഹോപദ്രവം ഏല്‍പ്പിച്ചേക്കുമെന്നു ന്യായമായി ഭയപ്പെടുന്ന സന്ദര്‍ഭം (Grievous hurt).
3.ബലാത്സംഗംചെയ്യണമെന്ന ഉദ്ദേശ്യത്തോടെയുള്ള കൈയേറ്റം(Rape)
4. പ്രകൃതിവിരുദ്ധ ഭോഗതൃഷ്ണയെ തൃപ്തി പ്പെടുത്തുന്നതിനുവേണ്ടി ചെയ്യുന്ന കൈയേറ്റം.
5. കുഞ്ഞുങ്ങളെയോ മറ്റ് ആളുകളെയോ തട്ടിക്കൊണ്ടുപോകുന്നതിനുവേണ്ടി ചെയ്യുന്ന കൈയേറ്റം.

സ്വയരക്ഷാവകാശം ഒരു പകരംവീട്ടലല്ല.  ശരീരത്തിനും വസ്തുവകകള്‍ക്കും നേരിട്ടേക്കാവുന്ന അപകടകരമായ അക്രമണങ്ങള്‍ ഒഴിവാക്കി അവയെ സംരക്ഷിക്കുന്നതിനുവേണ്ടി നിയമം അനുവദിച്ചുതന്നിട്ടുള്ള ഒരു പ്രതിരോധ നടപടിയാണ്.

truth of the whatsapp message says women get provision to kill attackers

സ്തീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ മോദി സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ നിയമം എന്ന പേരില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത അക്ഷരാര്‍ത്ഥത്തില്‍ ഒരു വ്യാജവാര്‍ത്ത മാത്രമാണ്. 


 

Follow Us:
Download App:
  • android
  • ios