ലോകത്തെയൊട്ടാകെ ആശങ്കയിലാഴ്ത്തിക്കൊണ്ടാണ് കൊറോണ വൈറസ് വ്യാപകമായി പടര്‍ന്നുപിടിക്കുന്നത്. ശ്വാസകോശത്തെയാണ് കൊറോണ വൈറസ് പ്രധാനമായും ബാധിക്കുന്നതെന്ന് നമ്മള്‍ കണ്ടു. അതോടൊപ്പം തന്നെ മറ്റ് പല ആരോഗ്യപ്രശ്‌നങ്ങളും അസുഖങ്ങളും ഉള്ളവരിലും കൊവിഡ് 19 ഇരട്ടി ആഘാതം സൃഷ്ടിച്ചേക്കാമെന്ന തരത്തിലുള്ള പഠനങ്ങളും വന്നുകഴിഞ്ഞു. 

ഇത്തരത്തിലുള്ള ഒരു ആരോഗ്യപ്രശ്‌നമാണ് ആസ്ത്മ. സാധാരണനിലയില്‍ ഒരാളിലേക്ക് എത്തരത്തിലെല്ലാം വൈറസ് എത്തിയേക്കാം, അതുപോലെ തന്നെയേ ആസ്ത്മ രോഗികളും ഇതെത്തുകയുള്ളൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ശരീരത്തിലേക്ക് വൈറസ് പ്രവേശിച്ചുകഴിഞ്ഞാല്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ സങ്കീര്‍ണ്ണമാകാന്‍ ഇരട്ടി സാധ്യതയാണ് ആസ്ത്മ രോഗികളുടെ കാര്യത്തിലുള്ളത്. 

അതിനാല്‍ത്തന്നെ ആസ്ത്മ രോഗികള്‍ പരമാവധി രോഗം പകര്‍ന്നുകിട്ടാന്‍ സാധ്യതയുള്ളയിടങ്ങളെല്ലാം ഒഴിവാക്കണമെന്ന് നേരത്തേ ആരോഗ്യരംഗത്തെ വിദഗ്ധര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ് ഡയറ്റ്. 

Also Read:- ആസ്ത്മയും കൊറോണ വൈറസും തമ്മില്‍ ബന്ധമുണ്ടോ?

ആസ്ത്മയെ കൂടുതല്‍ രൂക്ഷമാക്കുന്ന തരത്തിലുള്ള ഭക്ഷണം ഈ ഘട്ടത്തില്‍ തീര്‍ച്ചയായും ഉപേക്ഷിക്കേണ്ടതുണ്ട്. പകരം രോഗത്തിന്റെ കാഠിന്യം ലഘൂകരിക്കുന്ന തരം ഭക്ഷണം ഡയറ്റിലുള്‍പ്പെടുത്തുകയുമാവാം. പ്രധാനമായും പച്ചക്കറികളാണ് ആസ്ത്മ രോഗികള്‍ കഴിക്കേണ്ടതെന്നാണ് പുതിയൊരു പഠനം നിര്‍ദേശിക്കുന്നത്. 

'ന്യൂട്രീഷ്യന്‍ റിവ്യൂസ്' എന്ന ആരോഗ്യപ്രസിദ്ധീകരണത്തിലാണ് ഈ പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. പാല്‍- പാലുത്പന്നങ്ങള്‍, ഉയര്‍ന്ന തോതില്‍ 'സാച്വറേറ്റഡ് ഫാറ്റ്' അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ എന്നിവ ആസ്ത്മയുള്ളവര്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നും ഈ പഠനം പറയുന്നു. 

ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്ന ഭക്ഷണം, പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയെല്ലാം ഡയറ്റിലുള്‍പ്പെടുത്തുന്നത് ആസ്ത്മ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളെ ലഘൂകരിക്കുമെന്നും പഠനം പറയുന്നു. കൊവിഡ് 19 ഭീഷണിയാകുന്ന ഈ അവസരത്തില്‍ ആരോഗ്യത്തോടെയിരിക്കാന്‍ ആസ്ത്മ രോഗികള്‍ ശ്രമിക്കേണ്ടതുണ്ട്. സാമൂഹികാകലം സൂക്ഷിക്കുക മാത്രമല്ല, ആകെയും ജീവിതശൈലി മെച്ചപ്പെടുത്തുക കൂടി ഇവര്‍ ചെയ്യേണ്ടതുണ്ട്.