ബീഹാറില്‍ മസ്‌തിഷ്‌കജ്വരം ബാധിച്ച്‌ കുട്ടികള്‍ മരിക്കാന്‍ കാരണം ലിച്ചിപ്പഴമാണോ എന്ന ആശങ്ക വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലിച്ചിപ്പഴത്തെ കുറിച്ച് ചിലത് പറയാതെ വയ്യ. കുട്ടികള്‍ വെറുംവയറ്റില്‍ ലിച്ചിപ്പഴം കഴിക്കുന്നത്‌ തടയണമെന്നാണ്‌ ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം. പാകമാകാത്ത പഴങ്ങള്‍ കഴിക്കരുതെന്നും നിര്‍ദേശമുണ്ട്‌.

മുസാഫര്‍പൂരിലും സമീപപ്രദേശത്തും വളരുന്ന ലിച്ചിപ്പഴങ്ങളില്‍ മെഥിലീന്‍ സെക്ലോപ്രൊപ്പൈല്‍-ഗ്ലൈസീന്‍ എന്ന വിഷവസ്‌തു അടങ്ങിയിട്ടുണ്ടെന്നും ഇതാണ്‌ മസ്‌തിഷ്‌ക അണുബാധയ്‌ക്ക്‌ കാരണമാകുന്നതെന്നുമാണ്‌ ഇപ്പോള്‍ അഭിപ്രായങ്ങളുയരുന്നത്‌. ലിച്ചിപ്പഴം കുട്ടികളില്‍ ഹൈപ്പോഗ്ലൈസെമിക്‌ എന്‍സെഫാലോപതി എന്ന അവസ്ഥ സൃഷ്ടിക്കുമെന്നാണ്‌ പറയപ്പെടുന്നത്‌. ഇത്‌ ദഹനവ്യവസ്ഥയെയാണ്‌ ആദ്യം ബാധിക്കുക. ക്രമേണ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ക്രമാതീതമായി കുറയുകയും മസ്‌തിഷ്‌കത്തെ ബാധിക്കുകയും ചെയ്യുമെന്നാണ്‌ ഒരു വിഭാഗം ആരോഗ്യവിഗദ്ധര്‍ അഭിപ്രായപ്പെടുന്നത്‌.

എന്നാല്‍, കുട്ടികളിലെ മസ്‌തിഷ്‌കജ്വരത്തിന്‌ കാരണം ലിച്ചിപ്പഴമാണെന്ന്‌ വാദം ചിലര്‍ തള്ളിക്കളയുകയും ചെയ്യുന്നു. അത് അവിടെ നില്‍ക്കട്ടെ, പ്രമേഹ രോഗികള്‍ക്ക് ലിച്ചി പഴം കഴിക്കാമോ? പൊതുവേ പ്രമേഹ രോഗികള്‍ക്ക് പല പഴങ്ങളും കഴിക്കാന്‍ പാടില്ലത്രേ. കാരണം പഴങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാന്‍ സാധ്യതയുണ്ട്. ഗ്ലൈസമിക്ക് ഇന്‍ഡക്‌സ് 55ല്‍ കുറവാണെങ്കില്‍ അവ പ്രമേഹ രോഗികള്‍ക്ക് കഴിക്കാം. ചെറിപഴത്തിന്‍റെ ഗ്ലൈസമിക്ക് ഇന്‍ഡക്‌സ് 22 ആയതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഇവ കഴിക്കാവുന്നതാണ്. എന്നാല്‍ ലിച്ചിപഴത്തിന്‍റെ ഗ്ലൈസമിക്ക് ഇന്‍ഡക്സ് 50 ആണ്. ഒരു ബോര്‍ഡര്‍ ലൈനില്‍ നില്‍ക്കുന്ന കൊണ്ടുതന്നെ ലിച്ചിപഴം പ്രമേഹ രോഗികള്‍ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. 

ചെറിപ്പഴം പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് ചില പഠനങ്ങളും സൂചിപ്പിക്കുന്നത്. എന്നാല്‍  ലിച്ചിക്കുമുണ്ട് ചില ആരോഗ്യഗുണങ്ങള്‍. 80 ശതമാനത്തിലധികം ലിച്ചിയില്‍ വെള്ളമാണുള്ളത്. ശരീരത്തില്‍ ജലാംശം സൂക്ഷിക്കാന്‍ ഇത് സഹായകമാകും.  അതോടൊപ്പം തന്നെ ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഒരു പഴം കൂടിയാണ് ലിച്ചി. 100 ഗ്രാം ലിച്ചിയില്‍ ഏതാണ്ട് 16. 53 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്ന 'കോപ്പര്‍', 'പൊട്ടാസ്യം' എന്നിവയാല്‍ സമ്പുഷ്ടമാണ് ലിച്ചി.