ലോകരാജ്യങ്ങളെയൊന്നാകെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് രാജ്യങ്ങള്‍. കൊവിഡ് 19 രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരിലും അല്ലാത്തവരിലും രോഗലക്ഷണമുള്ളവരെ ഐസൊലേഷന്‍ സൗകര്യമുള്ള ആശുപത്രികളിലും രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളിലും നിരീക്ഷണത്തിലാക്കുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്.

ഈ ഐസൊലേഷന്‍ വാര്‍ഡിലെ ജീവിതം എല്ലാവരും വിചാരിക്കുന്ന പോലെ അത്ര വിഷമകരമല്ല എന്ന് സൂചിപ്പിക്കുന്ന ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. കളമശേരി മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിലെ ഭക്ഷണത്തിന്‍റെ മെനുവാണ് റിബിന്‍ രാജു (ജേണലിസ്റ്റ് , മാതൃഭൂമി ന്യൂസ് ) തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. 

 

 

ഐസൊലേഷൻ വാർഡില്‍ കഴിയുന്നവര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്‍റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും പ്രത്യേകമാണ് ഭക്ഷണം. ദോശ -സാമ്പാര്‍ , രണ്ട് മുട്ട, ഓറഞ്ച് തുടങ്ങിയവയാണ് പ്രഭാത ഭക്ഷണം. ഇടയ്ക്ക് ഫ്രൂട്ട് ജ്യൂസും നല്‍കും. ഉച്ചയ്ക്ക് ചോറ്, ചപ്പാത്തി , മീന്‍ പെരിച്ചത് , തോരന്‍ , തൈര്  എന്നിവയാകും നല്‍കുക. വൈകുന്നേരം ചായയോടൊപ്പം ബിസ്കറ്റ് , പഴംപൊരി / വട എന്നിവയും കാണും. രാത്രി അപ്പം , വെജ് സ്റ്റ്യൂ, പഴം എന്നിങ്ങനെ പോകുന്നു മെനു. കുട്ടികള്‍ക്ക് പാലും കൊടുക്കും. വിദേശികള്‍ക്ക് അവരുടേതായ ഭക്ഷണവും നല്‍കും.