കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. നിങ്ങളുടെ കരളിൽ ചെറിയ അളവില്‍ കൊഴുപ്പ് ഉള്ളത് സ്വാഭാവികമാണ്. എന്നാല്‍ കരളിന്റെ 5 മുതൽ 10 ശതമാനമോ അതില്‍ കൂടുതലോ കൊഴുപ്പുണ്ടെങ്കില്‍ നിങ്ങൾക്ക് ഫാറ്റി ലിവർ രോഗം ഉണ്ടാകാം. മദ്യപാനമാണ് ഫാറ്റി ലിവറിന്റെ പ്രധാനകാരണമായി പറയുന്നത്. 

മദ്യപാനികൾ അല്ലാത്തവർക്കിടയിൽ, ഫാറ്റി ലിവറിന്റെ പ്രധാന കാരണം അമിത വണ്ണമാണ്. പ്രമേഹം, കുറഞ്ഞ വ്യായാമം, പാരമ്പര്യം എന്നിവ ഫാറ്റി ലിവര്‍ ഉണ്ടാകാനുള്ള റിസ്ക്‌ കൂട്ടുന്നതായി കണ്ടു വരുന്നു. ഫാറ്റി ലിവർ സാധാരണയായി സവിശേഷമായ ലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കാറില്ല. പലപ്പോഴും, ഒരു ശാരീരിക പരിശോധനയിലൂടെയാണ് ഡോക്ടര്‍മാര്‍ ഈ രോഗം കണ്ടുപിടിക്കാറുള്ളത്.

ഫാറ്റി ലിവർ കുറയ്ക്കാൻ ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണമെന്ന് നോക്കാം...

ഒന്ന്...

ഫാറ്റി ലിവർ തടയാൻ ഏറ്റവും നല്ലതാണ് ഇലക്കറികൾ. പച്ചനിറത്തിലുള്ള ഇലക്കറികൾ ധാരാളം കഴിച്ചാൽ ഫാറ്റി ലിവർ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. പച്ചനിറത്തിലുള്ള ഇലക്കറികളിൽ ഇനോർഗാനിക് നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയും. സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ എലികളിൽ നടത്തിയ പഠനത്തിലാണ് ഇലക്കറികൾ ഫാറ്റിലിവർ രോഗം തടയുമെന്ന് കണ്ടെത്തിയത്. 

രണ്ട്...

കരളിന്റെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ചതാണ് ക്യാരറ്റ്. ഇതിലുള്ള ആന്റി ഓക്‌സിഡന്റ്, വിറ്റാമിന്‍, മിനറല്‍, ഫൈബര്‍ തുടങ്ങിയവയെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് കരള്‍ രോഗങ്ങളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. മദ്യപിക്കുന്നവര്‍ ക്യാരറ്റ് ധാരാളം കഴിക്കാവുന്നതാണ്. സാവധാനം മദ്യപാനത്തില്‍ നിന്നും വിട്ടുനില്‍ക്കാനും സഹായിക്കുന്നു. ദിവസവും ഒരു ഗ്ലാസ്സ് കാരറ്റ് ജ്യൂസ് കഴിച്ചാല്‍ മതി. അത് ആരോഗ്യത്തിന് നല്ലതാണ്.

മൂന്ന്...

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്ന ഗ്രീന്‍ ടീ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും കാണിക്കുന്നു. കരളിലെ കൊഴുപ്പ് അടിയുന്നത് തടയാനും ഗ്രീന്‍ ടീ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

നാല്...

മിതമായ അളവില്‍ കാപ്പി ശീലമാക്കുന്നവരില്‍ ഫാറ്റി ലിവര്‍ അവസ്ഥ മൂര്‍ച്ഛിക്കാതിരിക്കാനും കരളിലെ ദോഷകരമായ എന്‍സൈം അളവ് കുറയ്ക്കാനും സഹായകരമാണെന്ന് കണ്ടിട്ടുണ്ട്. കാപ്പിയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ ആണ് ഇതിന് സഹായിക്കുന്നത്.