Asianet News MalayalamAsianet News Malayalam

മുരിങ്ങയില ചില്ലറക്കാരനല്ല, ​ഗുണങ്ങൾ പലതാണ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്താൻ ഏറ്റവും മികച്ചതാണ് മുരിങ്ങയില. എല്ലാ ദിവസവും മുരിങ്ങയിലയില്‍ അല്‍പ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വഴറ്റി കഴിച്ചാല്‍ പ്രമേഹ സാധ്യത പൂര്‍ണമായും ഇല്ലാതാക്കാം. 

health benefits eating drumstick leaves
Author
Trivandrum, First Published Jan 29, 2020, 8:51 AM IST

മുരിങ്ങയിലയെ അത്ര നിസാരമായി കാണേണ്ട. പലർക്കും മുരിങ്ങയില കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് അറിയില്ല. നിരവധി രോഗങ്ങള്‍ ഇല്ലാതാക്കാനുള്ള കഴിവ് മുരിങ്ങയിലയ്ക്കുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. മുരിങ്ങയില കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാം...

ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ മുരിങ്ങയില സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവക്കു പുറമെ ഉയര്‍ന്ന അളവിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ മറവിരോ​ഗം വരാതിരിക്കാൻ സഹായിക്കും.

പ്രമേ​ഹം തടയാം...

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്താൻ ഏറ്റവും മികച്ചതാണ് മുരിങ്ങയില. എല്ലാ ദിവസവും മുരിങ്ങയിലയില്‍ അല്‍പ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വഴറ്റി കഴിച്ചാല്‍ പ്രമേഹ സാധ്യത പൂര്‍ണമായും ഇല്ലാതാക്കാം. 

എല്ലുകള്‍ക്ക് നല്ലത്...

 ഇരുമ്പിന്റെയും ഫോസ്ഫറസിന്റെയും അംശം ധാരാളമായി മുരിങ്ങയിലയിലുണ്ട്. എല്ലുകള്‍ക്കും പല്ലുകള്‍ക്കും ശക്തി നല്‍കുന്നു. ഇതിനു പുറമെ നാഡീസംബന്ധമായ എല്ലാ പ്രശ്‌നങ്ങളും കുറക്കുന്നു.

ആർത്തവസമയത്തെ വയറുവേദന അകറ്റാം...

സ്ത്രീകള്‍ മുരിങ്ങയില മഞ്ഞള്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് മാസമുറ സമയത്തെ വേദന കുറയ്ക്കാന്‍ സഹായിക്കും. ആർത്തവസമയത്ത് ഉണ്ടാകുന്ന വയറുവേദനയും മറ്റ് അസ്വസ്ഥതകളും അകറ്റാൻ ഏറ്റവും മികച്ചതാണ് മുരിങ്ങയില.

സന്ധിവേദന അകറ്റാം...

മുരിങ്ങയിലയുടെ പേസ്റ്റ് വേദനയുള്ള ഭാഗത്ത് പുരട്ടിയാല്‍ ആശ്വാസം കിട്ടും. തലവേദന, സന്ധിവേദന എന്നിവയ്ക്ക് മരുന്നായി ഉപയോഗിക്കാം.

ദഹനപ്രശ്നങ്ങൾ അകറ്റാം...

മുരിങ്ങക്കാ പതിവായി ഉപയോഗിക്കുന്നത് ദഹനപ്രശ്നങ്ങളെ അകറ്റും. മുരിങ്ങയിലയിലും മുരിങ്ങക്കായിലും അടങ്ങിയ ബികോംപ്ലക്സ് ജീവകങ്ങളായ നിയാക്സിൻ, റൈബോഫ്ലേവിൻ, ഫോളിക് ആസിഡ്, പിരിഡോക്സിൻ എന്നിവയാണു ദഹനത്തിനു സഹായിക്കുന്നത്. അന്നജം, മാംസ്യം, കൊഴുപ്പുകൾ ഇവയെ വിഘടിപ്പിച്ച് ലഘു രൂപത്തിൽ ആക്കുന്ന പ്രക്രിയയെ ഈ ജീവകങ്ങൾ നിയന്ത്രിക്കുന്നു.

മലബന്ധം അകറ്റാം...

മുരിങ്ങയിലടങ്ങിയ നാരുകൾ മലബന്ധം അകറ്റാൻ സഹായിക്കുന്നു. വായൂ കോപം, കുടൽ വ്രണം ഇവ ഭേദമാക്കുന്നു. മുരിങ്ങക്കായയ്ക്ക് ആന്റിബാക്ടീരിയൽ ആന്റിബയോട്ടിക് ഗുണങ്ങളുണ്ട് . ഇത് രോഗാണുക്കളുടെയും ബാക്ടീരിയകളുടെയും വളർച്ച തടയുന്നു. അതിസാരം അകറ്റുന്നു.

പ്രതിരോധശേഷി കൂട്ടുന്നു...

മുരിങ്ങയിലയിലും മുരിങ്ങപ്പൂവിലും ആന്റിബാക്ടീരിയൽ ഘടകങ്ങൾ ഉണ്ട്. ഇവ തൊണ്ടയിലും ചർമത്തിലും ഉണ്ടാക്കുന്ന അണുബാധ തടയാൻ സഹായിക്കുന്നു. ഇവയിൽ ധാരാളമായടങ്ങിയ ജീവകം സി രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. ചുമ, പനി, ജലദോഷം ഇവയെല്ലാം വരാനുള്ള സാധ്യത കുറയും.

Follow Us:
Download App:
  • android
  • ios