Asianet News MalayalamAsianet News Malayalam

ഫ്രഞ്ച് ഫ്രൈസ് ഇനി വീട്ടിൽ തയ്യാറാക്കാം

ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കാന്‍ നമുക്ക് വേണ്ടത് ഉരുളക്കിഴങ്ങും വറുക്കാനുള്ള എണ്ണയുമാണ്. ഇനി എങ്ങനെയാണ് ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കുന്നതെന്ന് നോക്കാം...

how to make french fries
Author
Trivandrum, First Published Apr 8, 2020, 2:15 PM IST

ഫ്രഞ്ച് ഫ്രൈസ് ഇഷ്ടപ്പെടാത്തവർ ആരും ഉണ്ടാകില്ല. ഫ്രഞ്ച് ഫ്രൈസെന്നു കേള്‍ക്കുമ്പോള്‍ അറിയാത്തവര്‍ക്ക് ഒരുപക്ഷേ വിദേശിയാണെന്നൊക്കെ തോന്നുന്നുണ്ടാകും. സംഗതി വിദേശിയൊക്കെ തന്നെയെങ്കിലും ആള് നമ്മുടെ ഉരുളക്കിഴങ്ങ് തന്നെ. ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കാന്‍ നമുക്ക് വേണ്ടത് ഉരുളക്കിഴങ്ങും വറുക്കാനുള്ള എണ്ണയുമാണ്. ഇനി എങ്ങനെയാണ് ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

ഉരുളക്കിഴങ്ങ്     3 എണ്ണം
എണ്ണ             ആവശ്യത്തിന്
ഉപ്പ്                ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് നീളത്തില്‍ അരിയുക. ഇത് വെള്ളത്തിലിട്ട് അതില്‍ പറ്റിയിരിക്കുന്ന മണ്ണും മറ്റും കഴുകി നന്നായി വൃത്തിയാക്കുക. ഒന്നു രണ്ട് തവണ ഇങ്ങനെ കഴുകിയ ശേഷം ഒരു പാത്രത്തില്‍ തണുത്ത വെള്ളമെടുത്ത് അതിലേക്ക് ഇടുക. ഇത് ഒരുമണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

ശേഷം‌ ഒരു മണിക്കൂറിന് ശേഷം ഇതിലെ വെള്ളം വറ്റിച്ച് കളഞ്ഞ്. ഉരുളക്കിഴങ്ങ് കഷ്ണങ്ങളിലെ വെള്ളം ഒരു തുണിയെടുത്ത് നന്നായി ഒപ്പിയെടുക്കുക.

അതിനു ശേഷം അവ എണ്ണയിലിട്ട് പകുതി ചൂടില്‍ വറുക്കുക. ഉരുളക്കിഴങ്ങുകള്‍ വേവുന്നത് വരെ വറുത്താല്‍ മതി. അതിന്റെ നിറം മാറാന്‍ അനുവദിക്കരുത്. എന്നിട്ട് ഫ്രൈ ആക്കിയ ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ഒരു ടിഷ്യൂപേപ്പറിലേക്കിടുക. അവയെ തണുക്കാന്‍ അനുവദിക്കുക.

തണുത്തതിന് ശേഷം വീണ്ടും അത് എണ്ണയിലിട്ട് വറുക്കുക. ഇത്തവണ മുഴുവന്‍ ചൂടില്‍ വേവിക്കാം. നന്നായി മൊരിയുന്നതുവരെയും ഇളം ബ്രൗണ്‍ നിറം ആകുന്നവരെയും വറുക്കുക.

വറുത്ത് കോരിയതിന് ശേഷം ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് ഇതിലെ എണ്ണ ഒപ്പിയെടുക്കുക. ഇതിലേക്ക് അല്‍പ്പം ഉപ്പും വിതറുക. ശേഷം ടൊമാറ്റോ സോസ് ചേർത്ത് കഴിക്കാം.

തയ്യാറാക്കിയത്;

വിനീത നായർ
തിരുവനന്തപുരം

Follow Us:
Download App:
  • android
  • ios